Tuesday, December 15, 2009

സർബത്ത്‌

ഒരിക്കൽ അന്ത്രുമാൻ അങ്ങാടിയിൽ വെച്ച്‌ തന്റെ ബാല്യകാലസുഹ്രുത്ത്‌ നജീബിനെ വളരെ നാളുകൾക്കു ശേഷം കണ്ടുമുട്ടി.
പരിചയം പുതുക്കലിനുശേഷം ഇരുവരും ഒരു സർബത്ത്‌ കുടിക്കാനായി ഉസ്മാന്റെ പെട്ടിക്കടയിലേക്ക്‌ നടന്നു.
നജീബിനെ പുറത്തെ ബെഞ്ചിലിരുത്തിയ ശേഷം അന്ത്രുമാൻ ഒരു സർബത്തും വാങ്ങി വന്നു.
സർബത്ത്‌ കുടിക്കുന്നതിനിടെ നജീബ്‌ അന്ത്രുമാനോട്‌
"നീ കുടിക്ക്ന്നില്ലേ?"
ഉടൻ അന്ത്രുമാൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"ഇവന്റെ സർബത്ത്‌ മനുശന്മാരു കുടിക്ക്യോ?"
അതുകേട്ട്‌ പകുതി കുടിച്ച സർബത്ത്‌ നജീബിന്റെ മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക്‌ വന്നു.

Tuesday, December 8, 2009

സീറ്റ്‌ ബെൽറ്റ്‌

ചിപ്പുവിന്റെ കസിനാണു ചിങ്കു. ചിപ്പുവിന്റെ അതേ പ്രായം. ഒരിക്കൽ ചിങ്കു അച്ഛന്റെ കൂടെ കാറിൽ യാത്ര ചെയ്യുന്നതിനിടെ, അടുത്ത ലെയിനിൽ ഓടിക്കൊണ്ടിരുന്ന കാറിലെ ഡ്രൈവർ സീറ്റ്‌ ബെൽറ്റ്‌ ഇട്ടില്ലെന്നു കണ്ട്‌ അച്ഛൻ പറഞ്ഞു..
"അയാൾ ബെൽറ്റ്‌ ഇട്ടിട്ടില്ല."
ഉടൻ ചിങ്കു
"ട്രൗസറിട്ടിട്ടുണ്ടോ അച്ഛാ?"

Tuesday, November 24, 2009

അന്ത്രുമാൻ ഓൺ വെക്കേഷൻ

രണ്ടുവർഷത്തിനു ശേഷം അന്ത്രുമാൻ ആദ്യത്തെ ലീവിൽ നാട്ടിലേക്ക്‌ പുറപ്പെട്ടു. കൂടെ ശശിയും. വിമാനം കരിപ്പൂരിൽ ലാന്റു ചെയ്യുമ്പോൾ താഴെ കാറ്റിലിളകിയാടുന്ന തെങ്ങോലത്തലപ്പുകളുടെ നിര കണ്ട്‌ അന്ത്രുമാന്റെ മനസ്സ്‌ കോൾമയിർ കൊണ്ടു. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന ഗാനം രണ്ടുമൂന്നു തവണ തികട്ടിവന്നു.
എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂവും താണ്ടി, ബേഗേജും കളക്റ്റ്‌ ചെയ്ത്‌ കസ്റ്റംസിലെത്തി.
"കൈയ്യിലു സ്വർണമുണ്ടോ?" അന്ത്രുമാനോടായി ഉദ്യോഗസ്ത്ഥന്റെ ചോദ്യം.
"എന്റട്ത്തൊന്നൂല്ലേ. എനി ശശിന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ.." പിറകിലുള്ള ശശിയെ തിരിഞ്ഞുനോക്കിക്കോണ്ട്‌ അന്ത്രുമാന്റെ മറുപടി.
(അന്ത്രുമാന്റെ ഈ ഡയലോഗ്‌ മുമ്പ്‌ സൂചിപ്പിച്ചതാണെങ്കിലും ഇവിടെ സന്ദർഭവശാൽ ഉപയോഗിക്കുന്നു.)
ശശിയുടെ ശിഷ്യൻ രമേശൻ ജീപ്പുമായി പുറത്ത്‌ കാത്തുനിന്നിരുന്നു. പെട്ടികളും ബേഗുകളും ജീപ്പിലെടുത്തുവെച്ച കയറ്റിറക്കുതൊഴിലാളികൾ കൂലിയായി ഒരു നൂറുരൂപയെങ്കിലും ചോദിക്കുമെന്ന അന്ത്രുമാന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട്‌, പത്തു ദിർഹം മാത്രം ചോദിച്ചു.
ശശിയെ വീട്ടിലിറക്കി ജീപ്പ്‌ അന്ത്രുമാന്റെ ഗെയിറ്റ്‌ കടന്നു. ഉമ്മ സന്തോഷാശ്രുക്കളോടെ എതിരേറ്റു.
"അല്ലന്ത്രുമാനേ ഞ്ഞി തടിയൊന്നും വെച്ചിക്കില്ലാലോ. പോയ പൊലത്തന്നെയ്ണ്ട്‌."
ഉമ്മ പരിഭവം ഭാവിച്ചു.
"ഞാനെന്താ ഉമ്മാ ആട തടി നന്നാക്കാൻ പോയതാ?"
വന്നു കയറിയ പാടെയുള്ള ഉമ്മയുടെ വർത്താനം കേട്ട്‌ അന്ത്രുമാനു ചൊറിഞ്ഞുവന്നു.
കുളി കഴിഞ്ഞു വന്നതും ഉമ്മ നെയ്ച്ചോറും കോഴിക്കറിയും വിളമ്പി.
ഊണിനു മീനില്ലെന്നു കണ്ട അന്ത്രുമാൻ വീണ്ടും ഉമ്മയോടു പരിഭവിച്ചു.
അങ്ങനെ പരാതിയും പരിഭവങ്ങളുമായി ആ ഉമ്മയും മോനും രണ്ടു വർഷത്തിനു ശേഷം ഒന്നിച്ചിരുന്നുണ്ടു.
ഊണു കഴിഞ്ഞ്‌, നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കാൻ അന്ത്രുമാൻ പുറത്തിറങ്ങി നടന്നു.
വഴിയിൽ കണ്ട ചിലർ അന്ത്രുമാന്റെ ആരോഗ്യത്തെപ്പറ്റി ഉമ്മയുടെ അതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൽ അയാൾ നീരസം ഉള്ളിലൊതുക്കി ചിരിച്ചു കാണിച്ചു.
പഴയ സുഹൃത്തുക്കളെയൊന്നും അന്ത്രുമാനു കാണാൻ കഴിഞ്ഞില്ല. ബസ്‌ ഷെൽട്ടറിലും ചായക്കടയിലും കണ്ട ചെറുപ്പക്കാരിലും പരിചിത മുഖങ്ങൾ കണ്ടില്ല. തിരിച്ചു വീട്ടിലേക്ക്‌ നടക്കുമ്പോൾ അന്ത്രുമാനു ഒരൊറ്റപ്പെടൽ ഫീലു ചെയ്തു.
നാട്ടിലെത്തിയിട്ടു വേണം ഉച്ചവരെ കിടന്നുറങ്ങാണെന്നു മനസ്സിലുറപ്പിച്ചു ദുബായിൽ നിന്നും പുറപ്പെട്ട അന്ത്രുമാൻ പിറ്റേ ദിവസം രാവിലെ ആറു മണിക്കുതന്നെ എഴുന്നേറ്റു. കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ മുറ്റത്തുകൂടെ നടന്നു. ഒടുവിൽ കുളിയും കഴിഞ്ഞ്‌ ഉമ്മയുണ്ടാക്കിത്തന്ന പത്തിരിയും കഴിച്ച്‌ പുറത്തിറങ്ങാനൊരുങ്ങി. ആദ്യമായി ടൗണിൽ പോകുമ്പോൾ ധരിക്കണമെന്ന് കരുതി നയിഫ്‌ സൂഖിൽ നിന്നും വാങ്ങിയ തിളങ്ങുന്ന ഷർട്ട്‌ ഒരു ചമ്മലോടെ എടുത്തണിഞ്ഞു. പെട്ടിയിൽ നിന്നും കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ വെച്ച്‌ നോക്കിയ ശേഷം പോക്കറ്റിൽ വെച്ചു.
ശശിയുടെ വീട്ടിലെത്തിയപ്പോൾ അയാൾ കുടുംബസമേതം, വീടും പൂട്ടി പറശ്ശിനിക്കടവ്‌ മുത്തപ്പനെ സന്ദർശിക്കാൻ പോയിരിക്കുന്നു. ബസ്‌ സ്റ്റോപ്പിലേക്ക്‌ നടക്കവേ ഇന്നലെ വഴിയിൽ ലോഗ്യം പറഞ്ഞ ചിലർ എതിരെ വന്നു..
"അന്ത്രുമാനേ ഞ്ഞി എപ്പളാ തിരിച്ച്‌ പോകുന്നത്‌?" ഇന്നലെ തന്നെ ചോദിക്കുന്നത്‌ ശരിയല്ലെന്നു കരുതി അവർ മനസ്സിലടക്കിപ്പിടിച്ച ചോദ്യം പുറത്തു ചാടി
അന്ത്രുമാൻ ബസ്‌ സ്റ്റോപ്പിൽ വന്നു നിന്ന ടൗണിലേക്കുള്ള ബസ്സിൽ ചാടിക്കയറി രക്ഷപ്പെട്ടു.
ടൗണിനു പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല. അതേ ഇടുങ്ങിയ റോഡുകളും, തിരക്കും. ആദ്യമായി ടൗണിലിറങ്ങുമ്പോൾ ഭാവിക്കണമെന്നു കരുത്തിയ ചേഷ്ടകൾ അന്ത്രുമാൻ മറന്നുപോയി.
എങ്ങോട്ട്‌ പോകണം. കടപ്പുറത്തോ, പാർക്കിലോ, സ്റ്റേഡിയയത്തിലോ... അയാൾ കൺഫ്യു‍ൂഷനിലായി. അപ്പോളാണു മീൻ വാങ്ങാൻ ഉമ്മ ഏൽപ്പിച്ച കാര്യം അന്ത്രുമാൻ ഓർത്തതും, അങ്ങനെ മത്സ്യമാർക്കറ്റിലേക്ക്‌ വെച്ചുപിടിച്ചതും. മാർക്കെറ്റിലെ തിരക്കിനകത്തേക്ക്‌ കയറുമ്പോൾ അയാൾ കൂളിംഗ്‌ ഗ്ലാസ്സെടുത്ത്‌ മുഖത്ത്‌ ഫിറ്റ്‌ ചെയ്തു.
ഇരുവശങ്ങളിലും നിരത്തി വച്ചിരിക്കുന്ന മത്സ്യകൂമ്പാരത്തിനിടയിലൂടെ അന്ത്രുമാൻ നടന്നു.
അയല, മത്തി, നത്തോലി തുടങ്ങിയ ചെറുമീനുകളെ നോക്കാൻ തന്നെ അയാൾക്ക്‌ ജാള്യത തോന്നി. പണ്ട്‌ ഗൾഫിൽ നിന്നും വന്ന നാസർ ഹാജിയോടൊപ്പം ഇവിടെ വന്നത്‌ അന്ത്രുമാൻ ഓർത്തു. അന്ന് ഹാജി നേരെ പോയി ഒരു വലിയ നെയ്‌ മീൻ പറഞ്ഞ വില കൊട്ത്ത്‌ വാങ്ങിയതു കണ്ട്‌ അന്ത്രുമാൻ മിഴിച്ചു നിന്നിട്ടുണ്ട്‌. അതുപോലൊന്നിനായി അയാളുടെ കണ്ണുകൾ പരതി.
അങ്ങനെ അന്ത്രുമാൻ അതു കണ്ടെത്തി അയാൾക്കു വേണ്ടിയെന്ന പോലെ ഒരു അയക്കൂറ (നെയ്മീൻ തന്നെ) നീണ്ടു നിവർന്ന് കിടക്കുന്നു. അയാൾ അടുത്ത്‌ ചെന്ന് സാകൂതം നോക്കി.
"പുതിയതാ സാറേ.. വാങ്ങിക്കോളീ..."
ആദ്യമായാണു അന്ത്രുമാനെ ഒരാൾ സാറെന്ന് വിളിക്കുന്നത്‌. ആ ചൂടിലും അയാൾക്ക്‌ കുളിരുകോരി. കൂളിംഗ്‌ ഗ്ലാസ്‌ കൈകൊണ്ടമർത്തി ഒന്നു കൂടി ഉറപ്പിച്ചു.
"ഇങ്ങളിതിന്റെ ചെകിള കണ്ടാ.. നല്ല ചൊക..ചൊകാന്ന്.."
"അത്പോലെ ഈ കണ്ണു കണ്ടാ.. പൊറത്തേക്ക്‌ തള്ളീറ്റ്‌.. പഴേതാനെങ്കിൽ അകത്തേക്ക്‌ കുയിഞ്ഞിരിക്കും"
അയാൾ അന്ത്രുമാനു ഡമോൺസ്ട്രേറ്റ്‌ ചെയ്തു കാണിച്ചു.
അന്ത്രുമാന്റെ ആശങ്ക അതിന്റെ വിലയെകുറിച്ചായിരുന്നു. പക്ഷെ എങ്ങനെ ചോദിക്കും. ഗൾഫ്കാരനായിപ്പോയില്ലേ?.
രണ്ട്‌ കൊല്ലം മുമ്പ്‌ 200 രൂപയായിരുന്നു വില. ഇപ്പോൾ കൂടിയാലൊരു 300 ആയിക്കാണും. തൂക്കം ഒരഞ്ചാറു കിലോ കാണും. അന്ത്രുമാൻ മനസ്സിലൊരു ഏകദേശ വില കണക്കു കൂട്ടി തീരുമാനിച്ച്‌ ഓർഡർ കൊടുത്തു.
"എട്ത്തോളീ.."
ആ മീൻ തുലാസ്സിൽ ആറര കിലോ തൂങ്ങിയപ്പോൾ അന്ത്രുമാൻ ബേജാറായി.
"ഇങ്ങളു ആറു കിലോന്റെ പൈസ തന്നാ മതി."
അപ്പോളും വില അയാൾ പറഞ്ഞില്ല.. അന്ത്രുമാനാണെങ്കിൽ കൊന്നാലും ചോദിക്കില്ലെന്ന മട്ടിൽ നിന്നു.
ഒടുവിൽ മത്സ്യം നാലു കഷണങ്ങളാക്കി മുറിച്ച്‌ സഞ്ചിയിലാക്കി അന്ത്രുമാനു നേരെ നീട്ടി അയാൾ പറഞ്ഞൂ..
"കിലോനു 400 ആണു വെല.. ഇങ്ങളു 350 വെച്ച്‌ തന്നാ മതി. ഒരു 2100 എട്ത്തോളീ.."
പോക്കറ്റിലിട്ട അന്ത്രുമാന്റെ കൈ, 2000 രൂപ മാത്രമുള്ള പേഴ്സിലുടക്കിനിന്നുവിറച്ചു. അയാളുടെ കണ്ണുകൾ ആ നെയ്മീനിന്റേതുപോലെ പുറത്തേക്ക്‌ തള്ളി.

Friday, November 20, 2009

ചിപ്പുവിന്റെ പഠനം

ചിപ്പുവിന്റെ പ്രീ സ്കൂൾ പഠനം ഇപ്പോൾ പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അവൾ കാലുകൾ അകത്തിവെച്ച്‌ തല നിലത്ത്‌ മുട്ടിച്ചുകൊണ്ട്‌ ചോദിച്ചൂ.
'അച്ഛാ 'M' ഇങ്ങനെയല്ലേ?'
ഞങ്ങൾ ചിരിക്കുന്നതു കണ്ട ആവേശത്തിൽ അവൾ 'W' കാണിക്കാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു.

Sunday, October 25, 2009

ചിപ്പുവിന്റെ ചോദ്യം

"അച്ഛാ ഈ ബട്ടറെങ്ങനെയാ ഇണ്ടാവുന്നത്‌?"
ചിപ്പുവിനിപ്പോൾ ഇട്ക്കിടെ ഓരോ സംശയങ്ങളാണു.
"മോളേ അത്‌.. തൈരു കടഞ്ഞിട്ടാണു..." എന്നു പറയാൻ തുടങ്ങിയെങ്കിലും, അടുത്ത ചോദ്യം തൈരിനെക്കുറിച്ചാകുമെന്ന് ഉറപ്പുള്ളതുകൊണ്ട്‌, പാലിൽ തുടങ്ങാമെന്ന് വിചാരിച്ച്‌ ഞാൻ അവളോട്‌ തിരിച്ചൊരു ചോദ്യം ചോദിച്ചു.
"ഈ പാലെവിടുന്നാ കിട്ടുന്നതെന്നറിയോ?"
"ലുലൂന്ന്"*
അവളുടെ പെട്ടെന്നുള്ള മറുപടി കേട്ട്‌ ഞങ്ങൾ ചിരിച്ചപ്പോൾ അവളുടനെ തിരുത്തി..
"അല്ലല്ല.. സൺ റൈസ്ന്ന്"*
-------------------------------
*ലുലു സൂപ്പർമാർക്കറ്റ്‌, സൺ റൈസ്‌ സൂപ്പർമാർക്കറ്റ്‌

Sunday, October 18, 2009

C..H..I..P..P..U.. - ചിപ്പു

സ്കൂളിൽ പോകുന്നതിന്റെ മുന്നോടിയായി ചിപ്പു വീട്ടിലിരുന്ന് ആൽഫബെറ്റ്സ്‌ പഠിക്കാൻ തുടങ്ങിയിട്ടുണ്ട്‌.
ഇപ്പോളവൾ 'Z' വരെ എഴുതാനും വായിക്കാനും തുടങ്ങിയിരിക്കുന്നു; മാത്രമല്ല..
A..P..P..L..E..- ആപ്പിൾ
B..A..T..- ബേറ്റ്
ഇങ്ങനെ പുസ്തകം നോക്കി വായിക്കാനും പഠിച്ചിരിക്കുന്നു.
പുറത്തിറങ്ങിയാൽ കാണുന്ന വാക്കുകളുടെ സ്പെല്ലിംഗ്‌ വായിച്ചെടുക്കുകയാണു ഇപ്പോളത്തെ പ്രധാന ഹോബി.
കഴിഞ്ഞ ദിവസം വാഷിംഗ്‌ മെഷീനില്‍ എഴുതിയിരിക്കുന്ന വാക്കിന്റെ സ്പെല്ലിംഗ്‌ അവൾ ഇങ്ങനെ വായിച്ചെടുത്തു...
P..a..n..a..s..o..n..i..c - വാഷിംഗ്‌ മെഷീന്‍

Thursday, October 15, 2009

കർഫ്യു

അങ്ങനെ നാട്ടിൽ കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസം അർദ്ധരാത്രിയാണു ആ പ്രഖ്യാപനമുണ്ടായത്‌. പോലീസുവണ്ടികൾ നാടുനീളെ ഓടിനടന്ന് അപ്പോൾ തന്നെ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തി വിവരമറിയിച്ചു.
ഈ നാട്ടുകാർ കർഫ്യു എന്ന വാക്ക്‌ ഇതിനുമുമ്പ്‌ കേട്ടിട്ടുള്ളത്‌ പഞ്ചാബിൽനിന്നും കാശ്മീരിൽ നിന്നുമുള്ള വാർത്തകളിൽ നിന്ന് മാത്രമാണു.
"കർഫു‍ാ... എന്ത്‌ കർഫൂ?... ഫൂ..." കണ്ണൻ മേസ്ത്രി കണ്ണുതിരുമ്മിക്കൊണ്ടെഴുന്നേറ്റ്‌ ജനലിലൂടെ പുറത്തേക്ക്‌ നീട്ടിത്തുപ്പി.
"എന്തായാലും നൂറ്റിനാപ്പത്തിനാലൊന്ന്വല്ലല്ലോ" മൂപ്പർ വീണ്ടും കൂർക്കം വലിച്ച്‌ കിടന്നുറങ്ങി.
1-1, 2-2,... ഇങ്ങനെ ഇരു വശത്തുമുള്ള ആളുകളെ കൊന്നൊടുക്കിക്കൊണ്ടു തുടരുന്ന ഈ ഫുട്ബോൾ കളിക്ക്‌ ലോങ്ങ്‌ വിസിൽ മുഴക്കാനുള്ള ഒരു വിഫല ശ്രമത്തിന്റെ ഭാഗമായാണു കർഫ്യു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. എങ്ങനെയെങ്കിലും എണ്ണം തികയ്ക്കുക മാത്രമാണു ഇപ്പോൾ ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അതിനു പാർടി സമ്മേളനം കാണാൻ പോയ പയ്യന്റെ അമ്മാവനായാലും , പാർട്ടി വളണ്ടിയർമാർക്കുള്ള ട്രൗസറിന്റെ തുണി വാങ്ങിയ കടയിലെ സെയിൽസ്മേനായാലും മതി.
അടുത്ത ദിവസം നേരം പുലർന്നു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന പോലീസ്‌ അനൗൺസ്‌മന്റ്‌ അവഗണിച്ച്‌, കൊക്കെത്ര കൊളം കണ്ടതാണെന്ന മട്ടിൽ ഗോപാലേട്ടൻ രാവിലെ ആറരക്കു തന്നെ തന്റെ പച്ചക്കറിക്കട തുറക്കാനായെത്തി. നിരകൾ ഓരോന്നായി എടുത്ത്‌ മാറ്റിവെച്ച ശേഷം മൂപ്പർ വിവിധ പച്ചക്കറികൾ നിറച്ച പെട്ടികൾ പുറത്തേക്കെടുത്ത്‌ പതിവുപോലെ പീടിക വരാന്തയിൽ നിരത്തിവെക്കാൻ തുടങ്ങി.
അകത്തുനിന്നും ഉള്ളിച്ചാക്ക്‌ ബുദ്ധിമുട്ടി പുറത്തേക്ക്‌ വലിക്കാൻ തുടങ്ങുമ്പോഴേക്കും പുറത്തെന്തോ വീണുപൊട്ടുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു പോലീസുകാരൻ പെട്ടികളോരോന്നായി പുറത്തേക്ക്‌ വലിച്ചെറിയുന്നു. തക്കാളിയും ഉരുളക്കിഴങ്ങും റോഡിലൂടെ ഉരുണ്ടുനടക്കുന്നു. ഗോപാലേട്ടൻ പുറത്തിറങ്ങിയതും ആ പോലീസുകാരൻ മൂപ്പരുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ഏടാ നിനക്കൊക്കെ കർഫ്യൂവിനും കച്ചോടം നടത്തണമല്ലേ?"
(ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക്‌ ഒരു ദിവസം മുമ്പേ തന്നെ കടയടച്ച്‌ വീട്ടിൽ പോയി ഇരിക്കും.)
അതുപോല കർഫ്യു പ്രഖ്യാപനത്തെ അൽപം പുച്ഛത്തോടെ കണ്ട രണ്ടുപേർ നാട്ടിലുണ്ടായിരുന്നു. അന്ത്രുമാനും ശശിയും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലുകൾ കാരണം മൂന്നു ദിവസമായി രണ്ടുപേരും പണിയൊന്നുമില്ലാതെ നടപ്പായിരുന്നു. അങ്ങനെ ആ കർഫ്യൂ ദിവസം അവർ പുറത്തിറങ്ങി വിജനമായ റോഡിലൂടെ അങ്ങാടി ലക്ഷ്യമാക്കി നെഞ്ചുംവിരിച്ച്‌ നടന്നുതുടങ്ങി. വായനശാലക്കടുത്തെത്തിയതും ഒരു പോലീസ്‌ ജീപ്പ്‌ അവരുടെ അടുത്ത്‌ സഡൻ ബ്രെയിക്കിട്ട്‌ നിർത്തി. പുറകിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി രണ്ടുപേരുടെയും കൈയ്യിൽ പിടികൂടി. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ ശശി ഒന്നു പതറിയെങ്കിലും അന്ത്രുമാൻ കുതറി ഓടി. അയാൾ റോഡിലേക്ക്‌ തൂങ്ങിക്കിടന്ന ഒരു മരക്കൊമ്പിൽ പിടികൂടി തൊട്ടടുത്ത ഉയർന്ന പറമ്പിലേക്ക്‌ വലിഞ്ഞു കയറി. ശശിയെയും പിറകിലിരുത്തി ആ ജീപ്പ്‌ നീങ്ങുന്നത്‌ അന്ത്രുമാൻ മുകളിൽ നിന്നും നോക്കിനിന്നു. ശശി അന്ത്രുമാനെയും കണ്ടു.
"അന്ത്രൂ... ഇഞ്ഞി എന്റെ വീട്ടിലീ വിവരമൊന്ന് പറഞ്ഞേക്കണേ.." ശശി കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിളിച്ച്‌ പറഞ്ഞു.
പിന്നെ അന്ത്രുമാനു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ശശിയുടെ വീട്ടിലെത്തി ഈ വിവരമൊന്ന് പറയുക. അതിനായി അയാൾ ഓടി. പരിചയമില്ലാത്ത പറമ്പുകളിലൂടെ, ഏതൊക്കെയോ വീടുകളുടെ മുറ്റത്തുകൂടെ. ആ ഓട്ടത്തിൽ കാലിൽ കുപ്പിച്ചില്ല് തറച്ചു കയറിയതും, മുള്ളുവേലിയിൽ തട്ടി ചോര വാർന്നതും അയാൾ മൈന്റു ചെയ്തില്ല. ഉയർന്ന ഒരു കരിങ്കൽ മതിലിൽ തട്ടിയാണു ആ ഓട്ടം അവസാനിച്ചത്‌.
മതിലിൽ അള്ളിപ്പിടിച്ച്‌ കയറി അപ്പുറത്തേക്ക്‌ ചാടിയതും അന്ത്രുമാൻ ഒന്നു ഞെട്ടി. താൻ ചാടിയിരിക്കുന്നത്‌ മെയിൻ റോഡിലേക്കാണു. ആ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പെ അന്ത്രുമാനെ സ്തംഭിപ്പിച്ചുകൊണ്ട്‌ ഒരു പോലീസ്‌ ജീപ്പ്‌ പറന്നെത്തി ബ്രെയിക്കിട്ടു. ആ ജീപ്പിൽ നിന്നും ശശിയെ പൊക്കിയ അതേ പോലീസ്കാരൻ ചാടിയിറങ്ങി. ഇത്തവണ കുതറിമാറാൻ കഴിയുന്നതിനു മുമ്പു തന്നെ അന്ത്രുമാൻ അയാളുടെ കൈപ്പിടിയിലായിരുന്നു.
അതിനിടെ, പോലീസുകാരൻ പുറത്തിറങ്ങിയ തക്കം നോക്കി ശശി ജീപ്പിൽ നിന്നും ഇറങ്ങി ഓടി. അന്ത്രുമാനെയും കയറ്റിയ ജീപ്പ്‌ പോലീസ്‌ സ്റ്റേഷന്റെ ഗെയ്റ്റ്‌ കടക്കുമ്പോഴേക്കും ശശി ഓടി അന്ത്രുമാന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട്‌ അവിടെ നിന്നും അന്ത്രുമാന്റെ ഉമ്മയുടെ നിലവിളി ഉയർന്നുകേട്ടു.

Sunday, October 11, 2009

ഞാൻ ചിപ്പു

കഴിഞ്ഞയാഴ്ച്ച ഒരു ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്യിക്കാൻ വേണ്ടി ഇൻഡ്യൻ കോൺസുലേറ്റിൽ പോയി. കൂടെ ചിപ്പുവിനെയും കൂട്ടി. ആളുകളുടെ ബാഹുല്യം കാരണമാകാം അകത്തുള്ള ഒരു ഓഡിറ്റോറിയത്തിലാണു അറ്റെസ്റ്റേഷനുള്ള സൗകര്യം ഒരുക്കിയിരുന്നത്‌.
സ്റ്റേജിന്റെ എതിര്‍ വശത്ത്‌ ഇരിക്കുന്ന ഉദ്യോഗസ്ഥന്റെയടുത്ത്‌ ഡോക്യുമെന്റ്റ് സമർപ്പിച്ച ശേഷം അതു തിരികെകിട്ടാനായി ഞാൻ സ്റ്റേജിനു തൊട്ട്‌ മുന്നിലായി നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ സ്ഥാനം പിടിച്ചു. തൊട്ടടുത്ത കസേരയിൽ ചിപ്പുവും.
കർട്ടൻ താഴ്ത്തിയിട്ട ആ സ്റ്റേജിനു മുന്നിൽ നിരവധിപേർ തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്‌. ഡോക്യുമെന്റ്റ് അറ്റെസ്റ്റ്‌ ചെയ്തുകഴിയുന്ന മുറക്ക്‌ ഒരാൾ അവ കൊണ്ട്‌ വന്ന് ടോക്കൺ നമ്പര്‍ വിളിച്ച്‌ കൊടുക്കുന്നുമുണ്ട്‌.
കാത്തിരിപ്പ്‌ ഒരു മണിക്കൂർ നീണ്ടപ്പോഴേക്കും ഞാൻ അക്ഷമനായി. അപ്പോഴേക്കും ചിപ്പുവിന്റെ ക്ഷമയും നശിച്ചിരുന്നു. അവൾ പൊട്ടിത്തെറിച്ചു.
"അച്ഛാ... ഈ സിനിമയെന്താ ഇത്ര നേരായിട്ടും തൊടങ്ങാത്തത്‌?"

Wednesday, October 7, 2009

ശശിയുടെ പഴനിയാത്രഅബുദാബിയിൽ വന്നതിനു ശേഷം ശശി ദൂരയാത്രകളൊന്നും നടത്തിയിട്ടില്ല; അന്ത്രുമാനെ കാണാൻ ഒരിക്കൽ ഷാർജയിൽ പോയതൊഴിച്ചാൽ. പത്തുവർഷം മുൻപത്തെ ആ പഴനിയാത്രയായിരുന്നൂ.. കേരളം വിട്ടുള്ള ആദ്യയാത്ര.
യാത്ര പുറപ്പെടുന്നതിനു മുമ്പ്‌ അയല്‍വാസിയും, പഴനിമലയിലെ നിത്യസന്ദർശകനുമായ ചാത്തു (ഈയാൾ പാലേരി മാണിക്യം കഥയിലെ ചന്തമ്മന്റെ ശിഷ്യനായിരുന്നെന്ന് പറയപ്പെടുന്നു.) ശശിയെ ഉപദേശിച്ചു.
"മോനേ ശശീ... ഞ്ഞി ആടത്തെ കച്ചോടക്കാരെ തട്ടിപ്പിലൊന്നും പെട്ട്‌ പോയേക്കറേ. ചെരിപ്പ്‌ ഇവ്ട വെച്ചോളീ എന്നെല്ലം പറഞ്ഞ്‌ ഓലു ഇങ്ങളെ വിളിക്കും. അതോല സാധനം വാങ്ങിപ്പിക്കാനുള്ള സൂത്തറാ.."
താനങ്ങനെയൊന്നും പറ്റിക്കപ്പെടില്ലെന്ന് ചാത്ത്വേട്ടനു ഉറപ്പ്‌ കൊടുത്ത്‌ ശശിയും കുടുംബവും ഇറങ്ങി. അവരെ യാത്രയയക്കാൻ അന്ത്രുമാനും എത്തിയിരുന്നു. ആദ്യമായാണു ശശി അന്ത്രുമാനില്ലാതെ ഒരു ദൂരയാത്ര പോകുന്നത്‌.
ശശിയും, അച്ഛനും, അമ്മയും അങ്ങനെ വടകരനിന്നും ട്രെയിനിൽ പാലക്കാട്ടെത്തുകയും, അവിടെ നിന്നും ബസ്സിൽ പഴനിയിൽ വന്നിറങ്ങുകയും ചെയ്തു.
ബസ്സ്റ്റാന്റിൽ നിന്നു നോക്കിയാൽ ദൂരെയായി പഴനിമല കാണാം. മലയുടെ ഭംഗി ആസ്വദിച്ചു നിന്ന ശശിയെയും കുടുംബത്തെയും കുറെ കുതിരവണ്ടിക്കാർ വളഞ്ഞു. അവരോരോരുത്തരും ശശിയുടെ കൈപിടിച്ച്‌ വലിച്ച്‌ തങ്ങളുടെ വണ്ടിയിലേക്ക്‌ ക്ഷണിച്ചു.
ആ കൈകൾ തട്ടിമാറ്റി ശശി മലയെ ലക്ഷ്യമാക്കി നടന്നു. പിന്നാലെ അച്ഛനും അമ്മയും.
അൽപദൂരം മുന്നോട്ട്‌ നടന്നപ്പോൾ പിറകിൽ നിന്നും ആരോ തോണ്ടുന്നതറിഞ്ഞ്‌ ശശി തിരിഞ്ഞു നോക്കി. ഒരു വണ്ടിക്കാരൻ അവരെ വിടാനുള്ള ഭാവമില്ല.
"അണ്ണാ ത്രീ റുപ്പീസ്‌ തന്നാൽ മലയുടെ അടിയിൽ വരെ കൊണ്ടു വിടാം.." അയാൾ കെഞ്ചി.
അതുകൊള്ളാമെന്ന് ശശിക്കും തോന്നി. മലയുടെ അടുത്തെത്താൻ രണ്ടു കിലോമീറ്റെറെങ്കിലുമുണ്ട്‌. മൂന്നുരൂപക്ക്‌ അത്രയും ദൂരം; അയാൾ രണ്ടാമതൊന്നാലോചിക്കാതെ കുതിരവണ്ടിയിൽ ചാടിക്കയറി. പിന്നാലെ അച്ഛനും അമ്മയും.
വണ്ടി നീങ്ങിത്തുടങ്ങി..
ശശി ആദ്യമായാണു കുതിരവണ്ടിയിൽ യാത്ര ചെയ്യുന്നത്‌. കുതിരയുടെ കഴുത്തിൽ കെട്ടിയ മണിയുടെ കിലുക്കത്തോടൊപ്പം അതിന്റെ കുളമ്പടി ശബ്ദവും ചേർന്ന ആ സുഖത്തിൽ വഴിയിലെ കുതിരച്ചാണകത്തിന്റെ മണം ഒരു പ്രശ്നമായിത്തോന്നിയതേയില്ല.
മുമ്പൊരിക്കൽ അവധിക്ക്‌ നാട്ടിലെത്തിയ ഒരു പട്ടാളക്കാരനെ തന്റെ ജീപ്പിൽ വീട്ടിൽ കൊണ്ടുവിട്ട സംഭവം ശശിക്കോർമ്മ വന്നു.
വീട്ടിലിറക്കിയശേഷം പട്ടാളക്കാരൻ ചോദിച്ചു.
"ഏത്രയായി?"
"ഇങ്ങളെ ഇഷ്ടം പോലെ തന്നേക്ക്‌"
"അതല്ല.. നീ പറ.."
"ഞാനെന്ത്‌ പറയാനാ ഇങ്ങളെ ഇഷ്ടം."
"ശരി ഞാനൊരു സെവെന്റി ഫൈവ്‌ റുപ്പീസ്‌ തരാം"
"അയ്യോ.. അത്‌ തീരെ കൊറഞ്ഞ്‌ പോയി. ഒരു ഫോർടി ഫയ്‌വെങ്കിലും വേണം."
ഈ അമളി ശശി അന്ത്രുമാനോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല.
അതുപോലെ ഈ വണ്ടിക്കാരനു ത്രീ റുപീസ്‌ എത്രയാണെന്നു അറിയാതെ വരുമോ? "ഏയ്‌.."
ഏതാണ്ട്‌ പകുതി ദൂരം പോയതേയുള്ളൂ. വണ്ടി ഒരു കടയോട്‌ ചേർന്ന് നിർത്തി.
ഇതെന്താ ഇവിടെ നിർത്തിയതെന്ന് ശശി അന്തം വിടുമ്പോളേക്കും കടക്കാരൻ പുറത്തേക്ക്‌ ഇറങ്ങിവന്നു.
"സാറേ ചെരിപ്പ്‌ ഇവിടെ വെച്ചിട്ട്‌ പോകാം.. വാങ്കോ.. വാങ്കോ.."
ചെരിപ്പെന്നു കേട്ടതും ശശിക്ക്‌ തലയിൽ ഒരടി കിട്ടിയപോലെ.
കടക്കാരൻ ശശിയുടെ കൈപിടിച്ച്‌ താഴോട്ട്‌ ഇറങ്ങാൻ ക്ഷണിച്ചു
"നിങ്ങൾ പുണ്യം ചെയ്തവരാ. ഇന്നിവിടെ ഒരു വിശേഷപ്പെട്ട അഭിഷേകം നടക്കുന്നുണ്ട്‌."
അതിനു വേണ്ടി ഭക്തർ സമർപ്പിക്കേണ്ടതായ സാധനങ്ങളുടെ ഒരു ലിസ്റ്റും അയാൾ വായിച്ചു കേൾപ്പിച്ചു.
ശശി എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കവേ കടക്കാരൻ സാധനങ്ങളോരോന്നായി സഞ്ചിയിൽ നിറച്ചു തുടങ്ങി.
നിറഞ്ഞ ചിരിയുമായി കുതിരവണ്ടിക്കാരൻ ശശിയെ നോക്കി.
"എന്റെ ചാത്ത്വേട്ടാ... ഈ കുതിരവണ്ടീന്റെ കാര്യം ഇങ്ങളു പറഞ്ഞില്ലല്ലോ.." ശശിക്ക്‌ കരച്ചിൽ വന്നു.

Saturday, September 26, 2009

അന്ത്രുമാൻ ഡ്രൈവൻ

(കുറിപ്പ്‌: ഡ്രൈവർ എന്നത്‌ ഏകവചനമായതിനാൽ ഡ്രൈവൻ എന്നുപയോഗിച്ചാൽ മതിയെന്ന് പണ്ട്‌ വീകേയെൻ പറഞ്ഞിട്ടുണ്ട്‌.)

ദുബായിൽ വിമാനമിറങ്ങിയ അന്ത്രുമാനും ശശിയും വേർപിരിഞ്ഞു. അന്ത്രുമാൻ ഷാർജയിൽ ഒരു സൂപ്പർമാർക്കെറ്റിലും ശശി അബുദാബിയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും ജോലിയിൽ പ്രവേശിച്ചു. ആഴ്ചയിൽ ഏഴു ദിവസവും ജോലിയുണ്ടായിരുന്നതിനാൽ അവരുടെ പുനസമാഗമത്തിനു ആറുമാസത്തിൽ കൂടുതൽ കാലമെടുത്തു.
അങ്ങനെ ശശിക്ക്‌ അവധി കിട്ടിയ ഒരു വെള്ളിയാഴ്ച്ച ദിവസം അന്ത്രുമാനും അവധിയെടുത്തു. അബുദാബിയിൽ നിന്നും ടാക്സിയിൽ ദുബായിലെത്തിയ ശശിയെ സ്വീകരിക്കാൻ അന്ത്രുമാൻ ഒരു റെന്റെ കാറുമെടുത്ത്‌ സ്റ്റാന്റിൽ കാത്തു നിന്നു. ആ ആറുമാസത്തിനിടെ തന്റെ മണിപേഴ്സിന്റെ ഒരറയിൽ ലേബർ കാർഡിനടിയിലായി ഒരു ഡ്രൈവിംഗ്‌ ലൈസെന്‍സും അന്ത്രുമാൻ തിരുകിക്കയറ്റിയിരുന്നു. കൈകൊടുക്കലുകൾക്കും കെട്ടിപ്പിടിക്കലുകൾക്കും ശേഷം രണ്ടുപേരും കാറിൽ കയറിയിരുന്നു. പണ്ട്‌ താൻ പറപ്പിച്ചിരുന്ന ജീപ്പിന്റെ പിറകിൽ തൂങ്ങിക്കിടന്ന കിളിയെ ശശി അത്ഭുതത്തോടും തെല്ലസൂയയോടും നോക്കിയിരുന്നു.
ഷാർജയിലെ റൂമിലെത്തി മട്ടൻ ബിരിയാണിയും കഴിച്ച്‌ അവർ ഭാവിപരിപാടികളെക്കുറിച്ച്‌ ചർച്ച തുടങ്ങി. ഷാർജാ ഇൻഡസ്ട്രിയൽ ഏറിയ ചുറ്റിക്കറങ്ങിക്കാണാമെന്ന് അന്ത്രുമാൻ പറയുകയും, ഷാർജയുടെ സൌന്ദര്യം ഇൻഡസ്ട്രിയൽ ഏറിയയിലാണെന്ന് ധരിച്ച്‌ ശശി ഓക്കെ പറയുകയും ചെയ്തു.
അങ്ങനെ അന്ത്രുമാൻ ഇൻഡസ്ട്രിയൽ ഏറിയയിലൂടെ സാവധാനം ഓടിച്ചുതുടങ്ങി. പിറകിൽ ട്രക്കോടിച്ചു വന്ന പാക്കിസ്താനികൾ ഹോണടിച്ചിട്ടും, ലൈറ്റടിച്ചിട്ടും, ചീത്തവിളിച്ചിട്ടും അന്ത്രുമാന്റെ ഓഡോമീറ്ററിലെ സൂചി നാൽപ്പതിന്റെ മുകളിലേക്ക്‌ ഉയർന്നതേയില്ല.ശശിക്കാകട്ടെ പൊട്ടിപ്പൊളിഞ്ഞ വണ്ടികൾ നിറച്ച ഗാരേജുകളും, സെക്കന്റ്‌ ഹാൻഡ്‌ വീട്ടുപകരണങ്ങൾ നിറച്ച ഷോപ്പുകളും കണ്ട്‌ ബോറടിച്ചു തുടങ്ങി. സീവറേജ്‌ പ്ലാന്റിനടുത്തുകൂടി പോയപ്പോൾ മൂക്കിലേക്ക്‌ കയറിയ ഗന്ധം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മാലിന്യ നിക്ഷേപ കേന്ദ്രമായ പെട്ടിപ്പാലത്തുകൂടിയുള്ള ബസ്സുയാത്ര ഓർമ്മിപ്പിച്ചു. തുടർന്ന് മനസ്സ്‌ നാട്ടിലെ ഓർമ്മകളിലേക്ക്‌ ഊളിയിടാൻ തുടങ്ങിയെങ്കിലും, ശശി ഒരു ദീർഘനിശ്വാസം വിട്ട്‌ അതിനു സ്വയം തടയിട്ടു. അന്ത്രുമാൻ അപ്പോഴേക്കും ഡ്രൈവിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
അവരുടെ യാത്ര തുടങ്ങിയിട്ട്‌ രണ്ട്‌ മൂന്ന് മണിക്കൂറായിക്കാണും. യൂസ്ഡ്‌ കമ്പ്യൂട്ടർ ഷോപ്പുകൾക്ക്‌ മുന്നിലൂടെ അന്ത്രുമാന്റെ കാർ നാലാമതും കടന്നുപോയപ്പോൾ ശശി അന്ത്രുമാനെ നോക്കി.അന്ത്രുമാൻ അരമണിക്കൂറായിട്ട്‌ ഒന്നും സംസാരിച്ചിട്ടില്ലെന്നും ശശി ഓർത്തത്‌ അപ്പോളാണു.അന്ത്രുമാനാണെങ്കിൽ ഭയങ്കര ഗൗരവത്തിൽ ഡ്രൈവിങ്ങോട്‌ ഡ്രൈവിംഗ്‌.
"അന്ത്രുമാനേ എനി നമുക്ക്‌ തിരിച്ചു പൂവാം."
"അര മുക്കാ മണിക്കൂറായിട്ട്‌ ഞാനും അതെന്ന്യാ നോക്ക്ന്നത്‌."
"ഏതെന്ന്യാ"
"ഇബ്ഡ്ന്ന് ഒന്ന് പൊറത്തേക്ക്‌ കടക്കാനുള്ള വയി"

Friday, September 18, 2009

ഒന്ന്, രണ്ട്‌, മൂന്ന്

കഴിഞ്ഞ ദിവസം റിജുവിനോട്‌ ചാറ്റുചെയ്യുന്നതിനിടെ ഇതുവരെ പഠിച്ച കാര്യങ്ങൾ കേൾപ്പിക്കുകയായിരുന്നൂ ചിപ്പു. ജനുവരി, ഫെബ്രുവരി, മാർച്ച്‌.... അവൾ തെറ്റാതെ പറഞ്ഞെങ്കിലും സണ്ഡേ, മണ്ഡേ... പറയുമ്പോൽ ട്യൂസ്ഡേയും, തേസ്ഡേയും പതിവുപോലെ മാറിയാണു പറഞ്ഞത്‌.
ഒടുവിൽ റിജു ചോദിച്ചു
"ചിപ്പൂ നിനക്ക്‌ ഒന്ന്..രണ്ട്‌.. മൂന്ന്.. അറിയാമോ"
"അറിയാലോ"
"എന്നാൽ കേൾക്കട്ടെ"
" ഒന്ന്..രണ്ട്‌.. മൂന്ന്..നാലു.. തിരകളു വന്നേ വന്നേ ചാഞ്ചാടും തീരമോ സ്റ്റൈലല്ലേ.."

Sunday, September 13, 2009

അന്ത്രുമാൻ കഥകൾ

(അന്ത്രുമാൻ കുറ്റ്യാടിക്കാരന്റെ തൊട്ടടുത്ത സ്ഥലവാസിയായതിനാൽ ഈ വായനക്ക്‌ കുറ്റ്യാടിക്കാരന്റെ നിഘണ്ടു സഹായകമായേക്കും.)
ഒൻപതാം ക്ലാസ്സിലെ നാലുവർഷത്തെ പഠനത്തിനുശേഷം അന്ത്രുമാൻ, രണ്ടു വർഷം ഒൻപതാം ക്ലാസ്സിൽ തന്നെ തന്റെ സഹപാഠിയായിരുന്ന, ശശി ഓടിക്കുന്ന ജീപ്പിൽ കിളിയായി ചേർന്നു. പതിവു കിളികളെപോലെ അന്ത്രുമാനും ഒഴിവു സമയങ്ങളിൽ ശശിയുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ്‌ അഭ്യസിച്ചു പോന്നു.
അങ്ങനെ ശശി പനിപിടിച്ചു കിടന്ന ഒരുദിവസം (അഥവാ ശനി പിടിച്ച ഒരു ദിവസം) അന്ത്രുമാൻ ജീപ്പുമെടുത്ത്‌ നാദാപുരത്തങ്ങാടീലേക്ക്‌ ഓട്ടം പോയി.ഒരു വളവു തിരിഞ്ഞതും മുന്നിൽ പോലീസ്‌.
'ലൈസെൻസെട്ക്ക്‌' പോലീസുകാരൻ.
'ഞാൻ ബദലു കേരിയതാ' ജീപ്പിൽ നിന്നും പുറത്തിറങ്ങി നിന്ന് ധൈര്യത്തോടെ അന്ത്രുമാൻ.
'ലൈസെൻസെട്ക്കെടാ' കനപ്പിച്ച്‌ പോലീസുകാരൻ.
'അയിനു ഞാൻ ബദലു കേരിയതല്ലേ' അത്രയും പറഞ്ഞെങ്കിലും അന്ത്രുമാന്റെ ശബ്ദത്തിൽ ഒരു വിറയലുണ്ടായിരുന്നു.
ഒടുവിൽ നാദാപുരം പോലീസ്‌ സ്റ്റേഷനിൽ നിന്നും പ്രമാണിമാരിടപെട്ട്‌ ഇറക്കികൊണ്ടു വരുമ്പോഴും ബദലു കയറുന്നതിനും ലൈസെൻസ്‌ വേണമെന്ന കാര്യം അന്ത്രുമാനെ അത്ഭുതപ്പെടുത്തി.
ആ സംഭവത്തോടെ അന്ത്രുമാനെപ്പറ്റി പറഞ്ഞു ചിരിക്കാൻ നാട്ടുകാർക്കു പുതിയ കഥ കിട്ടി. അതുവരെ അവർ രസിച്ചിരുന്ന കഥ ഇങ്ങനെ..
ഒരിക്കൽ അന്ത്രുമാൻ നാട്ടിലെ ഒരു പണച്ചാക്കിന്റെ മകളുടെ കല്ല്യാണം കഴിഞ്ഞുള്ള ബുഫെ വിരുന്നിനു പോയി. അതു കഴിഞ്ഞു വന്ന് അങ്ങാടിയിൽ വെച്ച്‌ ഇങ്ങനെ പറഞ്ഞത്രെ..
'ഓലു വെല്ല്യ പൈശക്കാരാന്ന് പറഞ്ഞിറ്റെന്താ.. ഒന്നിരുന്ന് കയിക്കാനുള്ള സൗകര്യം ഇണ്ടാക്കാൻ പറ്റീക്കില്ല..'
ആ പോലീസ്‌ സ്റ്റേഷൻ സംഭവത്തിനു ശേഷം കുറച്ചു നാൾ അന്ത്രുമാൻ നാട്ടിൽ തന്നെ കറങ്ങി നടക്കുകയും ഒടുവിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും സമ്മർദ്ധത്തിനു വഴങ്ങി ബേങ്കളൂരിലെ അളിയന്റെ ബേക്കറിയിൽ നിൽക്കാൻ പുറപ്പെട്ട്‌ പോവുകയും ചെയ്തു.
രണ്ടാഴ്ചകൾക്കു ശേഷം അന്ത്രുമാൻ വീണ്ടും നാട്ടിൽ വന്നിറങ്ങി.വീട്ടിലേക്കുള്ള വഴിയിൽ 'അല്ലന്ത്രുമാനേ ഞ്ഞി ഇങ്ങോട്ട്‌ തന്നെ പോന്നാ?' എന്നാരോ ചോദിച്ചപ്പോൾ,
'ആട ഞമ്മക്കൊന്നും ശരിയാ‍ൂല്ല. വേറ തന്നെ ബാഷയാ. ബാങ്ക്‌ വിളി മാത്രണ്ട്‌ മലയാളത്തിലു' എന്നായിരുന്നു അന്ത്രുമാന്റെ മറുപടി.
വീണ്ടും അന്ത്രുമാൻ ശശിയുടെ ജീപ്പിന്റെ കിളിസ്ഥാനം ഏറ്റെടുത്തു. അങ്ങനെ ഒരുദിവസം കണ്ണൂരേക്ക്‌ ഓട്ടം പോയി തിരിച്ചുവരുന്ന വഴി ശശിയുടെ നിര്‍ബന്ധത്തിനു വഴങ്ങി മാഹിയിൽ നിന്നും അല്പം മദ്യം കഴിച്ച്‌ ജീപ്പിൽ ബോധം കെടുകയും ചെയ്തു.
തുടർന്നുള്ള കാഴ്ച ഇങ്ങനെ.
അന്ത്രുമാന്റെ വീട്ടിലേക്കുള്ള വഴിയിൽ രണ്ടു പേർ അന്ത്രുമാനെ ചുമന്നുകൊണ്ട്‌ മുന്നിൽ. പിറകേ നടന്നു കൊണ്ടു ശശി. ഇടക്കു വെച്ച്‌, തന്നെ ചുമന്നു നടക്കുന്നവരോട്‌, അന്ത്രുമാന്റെ കമന്റ്‌
'ഞാനിങ്ങനെയങ്ങ്‌ പോകും.. ഇങ്ങളു ശശീന്റെ കാര്യം നോക്കിക്കോളണേ...'
വീട്ടിലെത്തിയതും അന്ത്രുമാന്റെ ഉമ്മ ശശിയുടെ നേരെ പൊട്ടിത്തെറിച്ചു.
'എന്തിനാടാ ഞ്ഞിയെന്റെ മോന വെടക്കാക്ക്ന്നത്‌?'
ആ സംഭവത്തോടെ ശശിയുടെ ഉള്ളിൽ ഒരു പശ്ചാത്താപം ഉടലെടുക്കുകയും, പ്രായശ്ചിത്തമായി, തന്റെ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ നാസറിന്റെ കാലുപിടിച്ച്‌ അന്ത്രുമാനു കൂടി ഒരു വിസ തരപ്പെടുത്തുകയും, അങ്ങനെ രണ്ടുപേരും ഒന്നിച്ച്‌ ദുബായിലേക്ക്‌ പറക്കുകയും ചെയ്തു.
രണ്ടു വർഷങ്ങൾക്കു ശേഷം അന്ത്രുമാനും ശശിയും കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി.
'കൈയ്യിൽ സ്വർണമുണ്ടോ?' കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ പതിവു ചോദ്യം, അന്ത്രുമാനോട്‌..
'എന്റടുത്‌ ഒന്നൂല്ലേ.. എനി ശശീന്റെട്ത്ത്‌ എന്തെങ്കിലും ഇണ്ടോളീ...' പുറകിലുള്ള ശശിയെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ അന്ത്രുമാൻ.

Saturday, September 12, 2009

എന്റെ ചിപ്പൂ...

മൈക്കിൾ ജാക്സൻ ചിപ്പുവിനു ചേച്ചിയാണു. 'അല്ല മോളേ അതു ചേട്ടനാന്ന്' പറഞ്ഞാൽ അവൾക്കു ദേഷ്യം വരും.
ഓഫീസിൽ നിന്നും വന്നാലുടൻ ചിപ്പുവിനെപ്പറ്റിയുള്ള പരാതികളുടെ കെട്ടഴിയുകയായി.'ഫ്രിഡ്ജ്‌ ഇടക്കിടെ തുറക്കുന്നു.., റിമോട്ട്‌ എറിഞ്ഞു പൊട്ടിച്ചു, മൊബെയിലു കൊണ്ടു കളിക്കുന്നു.. etc.'
രണ്ടാഴ്ച ബുദ്ധിമുട്ടിയുണ്ടാക്കിയ lamp shade അവൾ വലിച്ചു പൊട്ടിച്ചപ്പോളാണു ശ്രീമതിക്കു സമനില തെറ്റിയത്‌. മുഖത്ത് ഗൌരവം വരുത്തി അവളെ നോക്കുമ്പോള്‍ TV സ്റ്റാന്റിനു പിന്നില്‍ തല താഴ്ത്തി നിന്ന് 'നീ പോ അച്ഛാ' എന്ന മട്ടിൽ ചിപ്പു.
ഇന്നലെ രാത്രി അസമയത്ത് മൊബൈലിലെ അലാറം കെട്ട് ഞെട്ടി ഉണര്‍ന്നു. നോക്കിയപ്പോള്‍ രണ്ടു മണി. അലാറം സെറ്റ് ചെയ്തയാള്‍ അമ്മയെ പറ്റിച്ചേര്‍ന്നു സുഖമായി ഉറങ്ങുന്നു.
അതുപോലെ കഴിഞ്ഞയാഴ്ച ഓഫീസില്‍ നിന്നു ഭാര്യയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ ഒരു പുരുഷ ശബ്ദം. സുഹൃത്തിന്റെ ശബ്ദം പെട്ടെന്ന് തിരിച്ചറിഞ്ഞു. diverted call ആണെന്ന് പറഞ്ഞപ്പോള്‍ തന്നെ divert ചെയ്ത ആളെ മനസ്സിലായി. 'എന്റെ ചിപ്പൂ..'
കുറച്ചു ദിവസം മുമ്പ്‌ അവളോട്‌ എന്തോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതിനിടെ എന്നോട് 'പോ..' എന്ന് പറഞ്ഞു.
'നീയെന്താ പറഞ്ഞതെന്ന്' കണ്ണുരുട്ടിക്കൊണ്ട്‌ ചോദിച്ചപ്പോള്‍
അവള്‍ കൂളായി 'പ' എന്ന്.
'എന്ത് പ?' ദേഷ്യം വിടാതെ ഞാന്‍.
'സ...രി...ഗ...മ...പ...' പൊട്ടിച്ചിരിച്ചുപോയി.
'ഇത്രയും കുരുത്തക്കേടു സാധാരണ ആണ്‍കുട്ടികള്‍ക്കാണ്' വീട്ടിലെ മുഴുവന്‍ ഷൂസിലും പെപ്സി ഒഴിച്ചുവെച്ച സുഹൃത്തിന്റെ മകന്റെ കാര്യം ഭാര്യ സൂചിപ്പിച്ചപ്പോള്‍ 'ഇതു നാലാം വയസ്സല്ലേ. അത് കഴിയുമ്പോള്‍ മാറിക്കോളും' ഞാന്‍ സമാധാനിപ്പിച്ചു.
ഓഫീസിൽ നിന്നും വന്നാലുടൻ ബ്ലോഗും വായിച്ചിരിപ്പാണെന്ന ഭാര്യയുടെ പരാതി ഇപ്പോൾ ചിപ്പു ഏറ്റെടുത്തിരിക്കുകയാണു. ഏതെങ്കിലും മലയാളപത്രം തുറന്നാൽ ഉടൻ അവൾ വിളിച്ചു പറയുകയായി.. 'അമ്മേ അച്ഛൻ പിന്നെയും ബ്ലോഗ്‌ തുറന്നൂ...'

Monday, August 17, 2009

മരണമൊഴി

2000 മെയ്‌ 13 ആം തീയ്യതി നഗരത്തിലിറങ്ങിയ ചില പത്രങ്ങളിൽ ഒരു മരണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസിക്കുന്ന കെട്ടിടത്തിന്റെ 12 ആം നിലയിലെ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഒരു മലയാളിയെപ്പറ്റി. ആളിന്റെ പേരു SK എന്നാണ് പരാമർശിച്ചിരുന്നത്‌. (ഇവിടത്തെ പത്രങ്ങളിൽ വരുന്ന ആത്മഹത്യ, കൊലപാതക വാർത്തകളിൽ വ്യക്തികളുടെ പേരിന്റെ പൂർണരൂപം കൊടുത്തു കാണാറില്ല.) സാമ്പത്തിക പ്രശ്നങ്ങളോ, കുടുംബബാധ്യതകളോ ഇല്ലാത്ത ഇയാളുടെ ആത്മഹത്യയെപ്പറ്റിയുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾ തുടർന്നുള്ള ദിവസങ്ങളിലെ മലയാള പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നു.ഞാൻ ഈ വാർത്ത കേൾക്കുന്നതു ദിവസങ്ങൾക്കു ശേഷം SK ജോലി ചെയ്തിരുന്ന അതേ സ്ഥാപനത്തിൽ ഒരു ജോലി കിട്ടി വന്നപ്പോളാണു. കൃത്യമായി പറഞ്ഞാൽ അയാള്‍ ഉപയോഗിച്ച ടേബിളിൽനിന്നും ഒരു ഡയറി കണ്ടെത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ. എല്ലാ ശനിയാഴ്ചകളിലും അയാൾ ഓഫീസിലിരുന്ന് ഡയറി എഴുതുന്നത് കണ്ടിരുന്നതായി അറ്റൻഡർ ബംഗാളി പയ്യൻ സാക്ഷ്യപ്പെടുത്തുന്നു. നഗരത്തിൽ എത്തിയ നാളുതൊട്ടു SK എഴുതിക്കൂട്ടിവെച്ച ആ കുറിപ്പുകളിൽ ഒരു ദുരൂഹ മരണകാരണത്തിന്റെ സൂചനകൾക്കായി ഞാൻ ചികഞ്ഞു.

2000 മാര്‍ച്ച് 15
ഇന്നു എയർപോർട്ടിൽ വിമാനമിറങ്ങുന്നതിനു മുമ്പ് കണ്ട ദീപക്കാഴ്ച മനസ്സിൽ നിറഞ്ഞു നില്ക്കുന്നു. നാട്ടിൽ നിന്നും പറന്നുയർന്നപ്പോൾ കണ്ടതിന്റെ കൊണ്ട്രാസ്റ്റ്. അവിടെ തെങ്ങിന്തലപ്പുകളുടെ നീണ്ട പരവതാനിയാണെങ്കിൽ, ഇവിടെ വെളിച്ചങ്ങളുടെ നിരയിൽ ജ്വലിച്ചു നില്ക്കുന്ന നഗരം. രാത്രിയിൽ കാറിൽ താമസസ്ഥലത്തേക്കു പോകുമ്പോൾ ഏതോ അത്ഭുത ലോകത്തെത്തിയ പ്രതീതി.
2000 മാര്‍ച്ച് 25
പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയുടെ ജനൽ തുറക്കുന്നത്‌ പുറത്തേക്കു തള്ളിനിർത്തിയാണു. (സിറിയൻ കൺസ്ട്രക്ഷൻ ആണത്രെ) ഗ്ലാസ്‌ പൊടിപിടിച്ചു കിടന്നതിനാൽ തുറന്നാൽ മാത്രമേ പുറത്തെ കാഴ്ചകൾ സാധ്യമാവുകയുള്ളൂ; തുറക്കാവുന്നതോ കൂടിയാലൊരു 6൦ ഡിഗ്രീ ആംഗിളിൽ. അതുകൊണ്ടു തന്നെ എന്റെ കാഴ്ചകൾ ആ ആംഗിളിൽ പരിമിതപ്പെടുന്നു. മാത്രമല്ലാ കാഴ്ച്ചയുടെ ഏറിയ പങ്കും അപഹരിക്കുന്നത് ഒരു വലിയ ചവറ്റുകുട്ട കൂടിയായതിനാൽ വളരെ അപൂർവ്വമായേ അതു ഞാൻ തുറക്കാറുള്ളൂ. മിക്കവാറും അത് ആ ചവറ്റുകുട്ടയിലേക്കു കല്ലെറിഞ്ഞു ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന പാലസ്റ്റീനിയൻ കുട്ടികളെ കാണുന്നതിലെ കൗതുകം കൊണ്ടാണു.
2000 ഏപ്രില്‍ 1
ഈ വിഡ്ഡി ദിനത്തിൽ എഴുതാൻ പുതിയതായി ഒന്നുമില്ല. വിരസമായ ഒരാഴ്ച കൂടി കടന്നുപോയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസങ്ങളിലും വിഡ്ഡിയാക്കപ്പെട്ട പ്രതീതിയാണു. താമസസ്ഥലത്തെ ഏകാന്തത അസഹനീയം.ആ..ഇന്നൊരു സന്തോഷ വാർത്തയുണ്ടു; ആദ്യശംബളം കിട്ടി.
2000 ഏപ്രില്‍ 8
കഴിഞ്ഞ ആഴ്ച രണ്ടു പുതിയ കാര്യങ്ങൾ സംഭവിച്ചു. ആദ്യത്തേത്‌, വളരെ വർഷങ്ങൾക്കു ശേഷം എന്റെയൊരു ആത്മ സുഹൃത്തിനെ ഇവിടെ വെച്ചു കണ്ടു. ഞാൻ ഇവിടെ എത്തിയതറിഞ്ഞു മഹേഷ് വിളിക്കുകയായിരുന്നു. ഇന്നലെ മുഴുവനും അവന്റെ മുറിയിൽ ചിലവഴിച്ചു. വൈകുന്നേരത്തെ മദ്യസൽക്കാരവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ 11 മണി. ലൈറ്റ്‌ ഓൺ ചെയ്യുന്നതിനു മുമ്പു ജനാലക്കരികിൽ വന്നു നിന്ന് ഗ്ലാസ് വാതിൽ പുറത്തേക്ക് തള്ളി നിർത്തി. അപ്പോള്‍ ഗ്ലാസ്സിൽ അവ്യക്തമായി കണ്ട ഒരു പ്രതിബിംബം എന്നെ അത്ഭുതപ്പെടുത്തി. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ഒരു മുറിയിലെ വസ്തുക്കൾ തെളിഞ്ഞു കണ്ടു. അതു തൊട്ടടുത്ത ഫ്ലാറ്റിലെ മുറിയുടെ ദൃശ്യമാണെന്ന വസ്തുത എന്നിൽ ശരിക്കും പരിഭ്രമമുണ്ടാക്കി. ആ മുറിയുടെ ജനാല എന്റെ ജനാലയുടെ തൊട്ടടുത്താണെന്നതു ഞാനറിയുന്നതും അപ്പോൾ മാത്രം(സിറിയൻ കൺസ്ട്രക്ഷനു നന്ദി). തല പുറത്തേക്കിട്ട് ആ ജനാലയുടെ അരികിലേക്കു നീക്കി. ഗ്ലാസ്സിലൂടെ മുറിയുടെ മൂലയിലുള്ള കട്ടിലിന്റെ ഒരു ഭാഗം മാത്രം കണ്ടു. തല കൂടുതല്‍ പുറത്തേക്ക് നീട്ടാൻ ധൈര്യം വന്നില്ല. തിരിച്ച്‌ കട്ടിലിൽ വന്ന് കിടന്ന് ജനാലയിലെ പ്രതിബിംബത്തിൽ കണ്ണും നട്ടിരുന്നു. ചുവരിൽ ചെവി ചേർത്തുവെച്ച്‌ എന്തെങ്കിലും ശബ്ദത്തിനായി കാതോർത്തു.ഇന്നു രാവിലെ നേരം പുലർന്നപ്പോളാണു എഴുന്നേറ്റത്. തുറന്നു വെച്ച ജനാലയടച്ചു ഓഫീസിലേക്കു പുറപ്പെടാൻ ഒരുങ്ങി.
2000 ഏപ്രില്‍ 15
എനിക്കെഴുതാൻ അടുത്ത ഫ്ലാറ്റിലെ വിശേഷങ്ങളല്ലാതെ മറ്റൊന്നുമില്ലാതായിരിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസു വിട്ട്‌ വന്ന്, മുറിയിലെ ലൈറ്റണച്ച്‌, ജനലരികിൽ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തിങ്കളാഴ്ചയാണു കാത്തിരിപ്പിനൊരു അവസാനമുണ്ടായത്. അന്നു ഞാനെന്റെ ജനാലയിൽ ഒരു സ്ത്രീയുടെ പ്രതിബിംബം കണ്ടു. കറുത്ത ഗൗൺ ധരിച്ച അവർ മുറി ഒരുക്കുകയായിരുന്നു. ആ മുറി മനോഹരമായി അലങ്കരിച്ചിരിക്കുന്നതായി കണ്ടു.
അടുത്ത ദിവസം തൊട്ട്‌ അവിടേക്ക്‌ ആളുകൾ വരാൻ തുടങ്ങി. അവർ ഒറ്റക്കും കൂട്ടമായും വന്നു. പാതിരാത്രി വരെ അവരുടെ സംസാരവും പൊട്ടിച്ചിരിയും കേട്ട്‌ ഞാൻ കിടന്നു. രാത്രിയുടെ അന്ത്യത്തിലേപ്പോഴോ പാതിമയക്കത്തിൽ അവർ പോകുന്നതിന്റെ ബഹളം കേട്ടു.
2000 മെയ്‌ 6
രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ഇന്നു വീണ്ടും എഴുതാനിരിക്കുന്നു. ഈ ദിവസങ്ങളിൽ ഞങ്ങളുടെ പുതിയ പ്രോജെക്റ്റിന്റെ വർക്കുമായി ബന്ധപ്പെട്ട്‌ സൈറ്റിലായിരുന്നു. അവിടെ തന്നെ താമസവും ഭക്ഷണവും; മനസ്സു മുഴുവൻ എന്റെ മുറിയിലെ ജനലരികിലും.
രാത്രിയിൽ മുറിയിലെ വെളിച്ചം കെടുത്തി ജനലരികിൽ നിൽക്കുന്ന പതിവു തുടർന്നു. ആ സ്ത്രീയെ ഒരു തവണ പുറത്തെ കോറിഡോറിൽ വെച്ചു കണ്ടു. സന്ദർശകരില്ലാത്ത ദിവസങ്ങളിൽ അവർ ലാമ്പ്‌ ഷെയ്ഡുകൾ നിർമ്മിക്കുന്നതും, ചുവരിലെ ചിത്രങ്ങൾ മാറ്റി പ്രതിഷ്ഠിക്കുന്നതും കണ്ടു. പക്ഷെ ആ മുറിയുടെ ജനൽ ഒരിക്കൽ പോലും തുറന്നു കണ്ടില്ല.
2000 മെയ്‌ 13
ഇന്നലെ രാത്രി മഹേഷിന്റെ റൂമിൽ നിന്നും പതിവു ലഹരിയിൽ തിരിച്ചെത്തി. ജനാല തുറന്നപ്പോൾ അത്തറിന്റെ സുഗന്ധം. എന്നെ അത്ഭുതപ്പെടുത്ത്തിക്കൊണ്ടു അവരുടെ ജനാല തുറന്നിരിക്കുന്നതു കണ്ടു. അറിയാതെ തല പുറത്തേക്കിട്ടു. ജനാലയിലൂടെ എനിക്കിപ്പോൽ ആ മുറി മുഴുവനും കാണം. അവിടം മനോഹരമായി അലങ്കരിച്ചിരിക്കുന്നു. ഷോകേസുകളിൽ പാവകളും ശിൽപ്പങ്ങളും നിറച്ചിരിക്കുന്നു. ഭംഗിയുള്ള വിരി വിരിച്ച കിടക്ക. അവരെ കാണാനായി തല കൂടുതൽ അകത്തേക്കിട്ടു. കാലുകൾ നിലത്തു നിന്നും ഉയർന്നു പൊങ്ങിയത് അറിഞ്ഞതേയില്ല. അത്തറിന്റെ ഗന്ധം നേർത്തു വന്നതൊടൊപ്പം ചവറ്റുകുട്ടയുടെ ദുർഗന്ധം മൂക്കിലേക്കു അടിച്ചു കയറി.

Friday, July 10, 2009

വിസ ചെയിഞ്ച്

ഈ തുരുത്തിലെ സത്രത്തില്‍ എത്തിപ്പെട്ടിട്ട്‌ രണ്ടാഴ്ചയാകുന്നു. വിസ മാറലാണ് ദൌത്യം. രാജ്യം വിട്ടാല്‍ മാത്രമേ പുതിയ വിസയ്ക്ക് അപേക്ഷിക്കാന്‍ പറ്റൂള്ളൂ എന്ന നിയമം ആളുകളെ അടുത്തുള്ള രാജ്യത്തെ ഈ കൊച്ചുദ്വീപിലെ സന്ദര്‍ശകരാക്കുന്നു.
മുന്‍പെങ്ങോ കടലിനടിയിലായിരുന്നിരിക്കാം ഈ സ്ഥലം. ഇപ്പോള്‍ പൊടിഞ്ഞു വീഴുമെന്നു തോന്നിക്കുന്ന മലകളാണ് ചുറ്റും.
രണ്ടാഴ്ച്ച മുന്‍പാണ് ഒരു പഴയ റഷ്യന്‍ എയര്‍ക്രാഫ്റ്റില്‍ ഇവിടെ എത്തുന്നത്‌. അതിനുശേഷം ആളുകള്‍ ദിവസേന കൂട്ടമായി വന്നും പോയും കൊണ്ടിരുന്നു. വിസയുടെ ഫാക്സ് കോപ്പികള്‍ പ്രദര്‍ശിപ്പിക്കുന്ന നോട്ടീസ് ബോര്‍ഡിനു മുന്‍പില്‍ അവര്‍ തിക്കിത്തിരക്കി. ആ കൂട്ടത്തില്‍ ആഴ്ചകളും മാസങ്ങളും പിന്നിട്ടവരുണ്ട്. എന്റെ റൂമിലുള്ള തമിഴന്‍ വിസ വന്നതിന്റെ സന്തോഷത്തില്‍ ഓടി വന്നു. അല്പം വിഷമം തോന്നിയെങ്കിലും ഇന്നുമുതല്‍ അയാളുടെ കൂര്‍ക്കംവലി സഹിക്കണ്ടല്ലോയെന്നോര്‍ത്തു സമാധാനിച്ചു .
പുറത്തേക്കിറങ്ങി ടെലിഫോണ്‍ ബൂത്തിലേക്ക് നടന്നു. ഓഫീസിലെ ശ്രീലന്കക്കാരി അട്മിനിസ്ട്രെടര്‍ വിസ വൈകുന്നതിന്റെ കാരണങ്ങള്‍ വിശദീകരിച്ചു. രണ്ടാഴ്ചയായി ഈ ഫോണ്‍ വിളിയും വിശദീകരണങ്ങളും പതിവായിരിക്കുകയാണ്. മടുപ്പോടെ വീണ്ടും മുറിയിലേക്ക് നടന്നു. താഴത്തെ TV റൂമില്‍ സുലൈമാനിയും കുടിച്ചിരിക്കുന്ന പാകിസ്ഥാനികള്‍ ടീവിയില്‍ ഒരേ സിനിമ തന്നെ കാണിക്കുന്നതിലെ നീരസം പങ്കു വെക്കുന്നു. ദേഹത്ത് ഒട്ടിപ്പിടിക്കുന്ന, ഉപ്പുരസമുള്ള വെള്ളത്തില്‍ കൈയും മുഖവും കഴുകി റസ്റ്റോരെന്റിലേക്കു നടന്നു. എരിവും പുളിയുമില്ലാത്ത മത്സ്യക്കറി കൂട്ടി ഉണ്ട് മുറിയില്‍ വന്നു കിടന്നു.
ഇന്നലെ പോയ സുഹൃത്ത്‌ ഏല്‍പ്പിച്ച മുകുന്ദന്റെ 'പ്രവാസം' മറിച്ചുനോക്കി. എഴുന്നേറ്റപ്പോള്‍ പുറത്തു പുതിയ ബാച്ച് എത്തിയതിന്റെ ബഹളം.
റിസപ്ഷനിലെ, മലയാളം സംസാരിക്കുന്ന ഇറാനി സ്ത്രീ നല്ല തിരക്കിലാണ്. നോട്ടീസ് ബോര്‍ഡില്‍ വെറുതെ ഒന്നു കണ്ണോടിച്ച ശേഷം പുറത്തു സിമന്റ് ബെഞ്ചിലിരുന്നു സംസാരിക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക്‌ നടന്നു. അവര്‍ ഇന്നലെ എത്തിയ ഒരു സര്‍ദാര്‍ജിയുടെ കഥ കേട്ടു പൊട്ടിച്ചിരിക്കുകയായിരുന്നു.
ഇങ്ങോട്ട് പുറപ്പെടുന്നതിനു മുന്പ് സര്‍ദാര്‍ജി ഡ്യൂട്ടി ഫ്രീയില്‍ നിന്നും ഒരു ബോട്ടില്‍ മദ്യം വാങ്ങിച്ചു. അത് ഇവിടേയ്ക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്നറിഞ്ഞു ടോയിലെറ്റില്‍ കയറി മുഴുവന്‍ കുടിച്ചു തീര്‍ത്ത അയാള്‍ക്ക്‌ ബോധം വന്നത് അല്പം മുന്പ് മാത്രം.
സുഹൃത്തുക്കള്‍ ചീട്ടുകളിക്കാനും, ഷീഷ വലിക്കാനും, ടേബിള്‍ടെന്നീസ് കളിക്കാനുമൊക്കെയായി പിരിഞ്ഞപ്പോള്‍ ഞാന്‍ മുഹമ്മദിനൊപ്പം പുറത്തേക്ക് നടന്നു. മാഹിക്കാരനായ ഈ സുഹൃത്ത്‌ എന്നെക്കാള്‍ മുന്‍പേ ഇവിടെ എത്തിയതാണ്. ഞാന്‍ ജോലിചെയ്യുന്ന നഗരത്തില്‍ 30 വര്ഷം മുന്‍പ് എത്തിയ ആള്‍. 'അന്ന് നഗരം ഇതുപോലെ തരിശായിരുന്നു.' നഗരത്തിന്റെ വളര്‍ച്ച തൊട്ടറിഞ്ഞ ആവേശത്തോടെ അയാള്‍ പറഞ്ഞു തുടങ്ങി. പിന്നീട് ആ ശബ്ദത്തില്‍ തളര്‍ച്ച കൂടി വരികയും ഒരു സിഗരട്ട് കൊളുത്തി ദീര്‍ഘ നിശ്വാസത്തില്‍ അതവസാനിക്കുകയും ചെയ്തു.
തിരിച്ചു വന്നപ്പോള്‍ ഇരുട്ടിയിരുന്നു. ടാങ്കില്‍ വെള്ളം നിറക്കാന്‍ വന്ന ലോറിയുടെ ഡ്രൈവര്‍ ലൈറ്റ് അണച്ചും തെളിച്ചും ഞങ്ങളോട് ലോഗ്യം പറഞ്ഞു. തണുപ്പ് ശരീരത്തിലേക്ക് തുളച്ചു കയറാന്‍ തുടങ്ങിയപ്പോള്‍ ഷീഷ ഷോപ്പിലേക്ക് നടന്നു. വെള്ളത്തില്‍ കുമിളകളുണ്ടാകുന്ന ശബ്ദത്തോടൊപ്പം തലക്കകത്ത് എന്തോ വലിഞ്ഞു കയറിയ പോലെ. മുറിക്കകത്തെത്തിയതും ബ്ലാങ്കറ്റ് വലിച്ചിട്ട് മറ്റൊരു കാത്തിരിപ്പിന്റെ പകലിനെ പേടിച്ചു കിടന്നു.

Thursday, June 4, 2009

ഗൃഹാതുരത്വം


വീട്
വീടിന്റെ മുകളിലത്തെ നിലയിലെ നീണ്ട വരാന്തയില്‍ നിന്നും നോക്കിയാല്‍ തോട് വക്കത്തു കൂടെ വരുന്ന ആളുകളെ ദൂരെ നിന്നു തന്നെ കാണാം. നിടുവോട്ടെ പറമ്പില്‍ തൂങ്ങിയാടുന്ന കടവാതിലുകളെ വെടിവെക്കാന്‍ വരുന്ന ആളെ അവിടെ നിന്നാണ് കണ്ടിരുന്നത്‌. അയാള്‍ക്ക്‌ കൊമ്പന്‍ മീശയും, തലയില്‍ തൊപ്പിയും ഉണ്ടായിരുന്നിരിക്കാം. നോക്കിയിട്ടില്ല. നീണ്ട ഇരട്ടക്കുഴല്‍ തോക്കിന്റെ അറ്റം മാത്രം കണ്ടു. വെടിയൊച്ച കേള്‍ക്കുന്നത് വരെ കണ്ണടച്ച് നില്ക്കും... കണ്ണ് തുറക്കുമ്പോള്‍ ശബ്ദത്തോടെ വട്ടമിട്ടു പറക്കുന്ന കടവാതിലുകള്‍.
കുളം
കുളത്തിന്റെ പടവിലേക്കിറങ്ങുമ്പോൾ കരയില്‍ പുല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന തവളകള്‍ ശബ്ദത്തോടെ കുളത്തിലേക്ക് ചാടും. കുളക്കരയിലെ തെങ്ങുകള്‍ മുട്ടിയുരുമ്മി ശബ്ദമുണ്ടാക്കും.. കുളവക്കത്തെ പ്ലാവിന്റെ കൊമ്പില്‍ മീന്‍കൊത്തി പക്ഷി തക്കം പാര്‍ക്കും. തോര്‍ത്ത്തുവെച്ചു പിടിക്കുന്ന കുഞ്ഞു മത്സ്യങ്ങളെ കുപ്പിയിലാക്കി കിണറ്റില്‍ കൊണ്ടുപോയി ഇടും.
പൂരത്തിന് കാമനെ ഒരുക്കിതുടങ്ങുന്നതും ഈ കുളക്കടവിലാണ്. ചാണകം ഉരുട്ടിയുണ്ടാക്കുന്ന കാമന്റെ രൂപത്തെ ചെമ്പകപ്പൂക്കളും മുരിക്കിന്‍പൂവും പാലപ്പൂവും കൊണ്ടലങ്കരിക്കുന്നു. ഓര്‍മ്മയിലെ ചെമ്പകപ്പൂവിനു ചാണകത്തിന്റെ കൂടെ ഗന്ധമുണ്ട്. ഈര്‍ക്കിലില്‍ കോര്‍ത്ത ചെമ്പകപ്പൂകള്‍ കാമന്റെ മുകളില്‍ കുത്തി നിര്‍ത്തുന്നു.
മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്ക്കുന്ന മുറ്റത്തെ ചെറിയ ദ്വാരങ്ങളില്‍നിന്നും പുറത്തേക്ക് ഇഴയുന്ന ഓറഞ്ച് നിറത്തിലുള്ള ഞണ്ടുകള്‍.
തോട്ടുവക്കില്‍ പടര്‍ന്നുകിടക്കുന്ന അതിരാണി ചെടികള്‍ക്കിടയിലെ വയലെറ്റ്‌ നിറത്തിലുള്ള പൂക്കള്‍.
കാവുംതാഴ സ്കൂള്‍
രാവിലെ ഒന്പതരക്കുള്ള ഗീത ബസ്സ് പോകുമ്പോളാണ് കാവുംതാഴ സ്കൂളില്‍ ലോങ്ങ്‌ ബെല്ലടിക്കുന്നത്.. ബോര്‍ഡിന്റെ സ്റ്റാന്‍ഡില്‍ കെട്ടിത്തൂക്കിയ പരന്ന ഇരുമ്പിന്റെ കഷണമാണ് ബെല്ല് ... അതില്‍ ചെറിയ മുട്ടി കൊണ്ടു അടിക്കാന്‍ ഞങ്ങള്‍ മത്സരിച്ചുപോന്നു... ഓരോ പീരീടിലും അടിക്കാനുള്ള ആളുകള്‍ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കും. തൊട്ടടുത്ത നെയ്തുശാലയിലെ കുരുങ്ങിയ നൂല്ക്കഷണങ്ങള്‍ ഞങ്ങള്‍ duster ആയി ഉപയോഗിച്ചു.. മൂന്നാമത്തെ പീരിടില്‍ ഉപ്പുമാവ് ചട്ടിയില്‍ ചെറിയ ഉള്ളി മൂക്കുന്ന മണം ആസ്വദിച്ചു.. ഇന്റര്‍വെല്‍ സമയത്തു അടുത്തുള്ള കുശവന്റെ ആലയില്‍ പാത്രങ്ങള്‍ രൂപപ്പെടുന്നത് നോക്കി നിന്നു.. വെള്ളിയാഴ്ച ഉച്ചകളിലെ നീണ്ട ഇടവേളകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.. മുട്ടതോടില്‍ ചുവപ്പ് മഷി നിറച്ചു കൊലപാതക രംഗങ്ങള്‍ക്കു കൊഴുപ്പേകി.. രാമചന്ദ്രന്റെ പീടികയില്‍ നിന്നും തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ചു.. തോട്ടിലിറങ്ങി കല്ലിനടിയില്‍ ഒളിച്ചിരിക്കുന്ന മുഴു മത്സ്യത്തിനെ പരതി.. പെരളശ്ശേരി ശ്രീതിഭയിലെ ജയന്‍ സിനിമകളുടെ പോസ്റ്റെറുകൾക്കു മുൻപിൽ അന്തം വിട്ടു നിന്നു.. വീട്ടിലേക്കുള്ള വഴിയില്‍ പ്രാന്തന്‍ കുഞ്ഞമ്പുവിനെ പേടിച്ചു നടന്നു..
കാടാച്ചിറക്കും മൂന്നാംപാലത്തിനുമിടയില്‍ എവിടെയെങ്കിലും വെച്ചു കുഞ്ഞമ്പുവിനെ കണ്ടിരിക്കും.. കരിപുരണ്ട ദേഹം (കൊല്ലന്റെ ആലയിലാണ് കിടത്തം) , മടക്കിക്കുത്തിയ മുണ്ടിന്റെ അറ്റം താഴോട്ട് തൂങ്ങിയിരിക്കും, പിറകില്‍ കെട്ടിയ കൈകള്‍ , താഴത്തെ താടിയെല്ല് എപ്പോളും ചലിപ്പിച്ചുകൊണ്ടിരിക്കും... ഞങ്ങള്‍ പേടിച്ചു റോഡ് വക്കിലേക്ക് ഒതുങ്ങി നില്‍ക്കുമ്പോള്‍ കുഞ്ഞമ്പു താടി ചലിപ്പിച്ചുകൊണ്ട് കടന്നു പോകും.

Sunday, May 10, 2009

മാവിലായിക്കാവിലെ അടി‌യുത്സവം


(1991 സെപ്റ്റംബറില്‍ മാതൃഭൂമി ബാലപക്തിയില്‍ പ്രസിദ്ധീകരിച്ചത്... )
ഇപ്രാവശ്യം അടിയുത്സവത്തിനു മാവിലായിക്കാവിലെത്തിയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അവിടെ കണ്ട ഒരു മങ്ങിയ രൂപം മനസ്സിലോടിയെത്തി. മുടി നീട്ടി, താടി വെച്ച, തെയ്യത്തിന്‍റെ ചലനങ്ങളോരോന്നും സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ കൈയും കെട്ടി നില്ക്കുന്ന ഒരാള്‍... ആരാണെന്ന് അന്നറിയില്ലായിരുന്നു.. പിന്നീടറിഞ്ഞു അരവിന്ദനാനെന്നും അടി‌യുത്സവത്തെക്കുറിച്ച് എന്തോ ഡോക്യുമെന്ടരി എടുക്കുന്നുണ്ടെന്നും..
ഇതു നിരോധിക്കേണ്ടാതാന്നു മുരളിയേട്ടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചു.. അല്ലാതെ ഞാനൊരു പാവം മാവിലായിക്കാരന്‍ എന്ത് പറയാന്‍...
അടി എന്നും മാവിലായിക്കാരന് ആവേശമാണ്.. കണിക്കൊന്നകളും ആഹ്ലാദ പൂത്തിരികളുമായി അവനൊരുങ്ങുന്നു വിഷുവിനോപ്പം അടിയുത്സവത്തെയും വരവേല്‍ക്കാന്‍....
വിഷു തുടങ്ങി നാലാം ദിവസം.. ഇന്നാണ് അടി.. കാവിനടുത്തുള്ള വയലില്‍ ജനസമുദ്രം തന്നെ.. അവിടെ കൂടിനിന്ന ചെറുപ്പക്കാര്‍ അവരിലൊരാളെ എടുത്തു ചുമലില്‍ കയറ്റുന്നു.. അയാള്‍ അവിടെ നിന്നുകൊണ്ട്‌ വെല്ലുവിളിക്കാന്‍ തുടങ്ങി.. ഉടന്‍ എതിരാളി ഉയരുകയായി.. പിന്നെ അടിയാണ്.. 'പരസ്പരമൊരു തോട്ടുതലോടല്‍' . ഇതൊക്കെ കണ്ടു മിഴിച്ചു നില്ക്കുന്ന, ആദ്യമായി അടി കാണാനെത്തിയവരോടു പഴമക്കാര്‍ പറയുന്നു.. 'ഇതിവിടത്തെ ഒരു സ്ഥിരം പരിപാട്യാ.. ചെറുപ്പക്കാരുടെ ഒരു തമാശ..' എന്നാല്‍ കാണാന്‍ പോകുന്ന അടിയെ പറ്റി ജനങ്ങളെ മനസ്സിലാക്കുകയാണീ ചെറുപ്പക്കാരുടെ ഉദ്ധേശ്യമെന്നതു അവര്‍ മറച്ചുവെക്കുന്നു..
പടിഞ്ഞാറെ ചക്രവാളത്തില്‍ ആദിത്യന്‍ മറയുന്നത്തോടെ അടിക്കൈക്കൊന്മാരുടെ വരവായി.. അവരെ ചുമലില്‍ കയറ്റാന്‍ അരയില്‍ തോര്‍ത്തും മുറുക്കി കെട്ടി കുറെ നാട്ടുകാര്‍ നേരത്തെ തെയ്യാറായിട്ടുണ്ടാകും .. പിന്നെ രണ്ടു ചേരിയായുള്ള അടിയാണ്.. മൂത്തകൂർവ്വാടും ഇളയകൂർവ്വാടും...

രണ്ടു ഘട്ടങ്ങളിലായി അടി നടന്നു.. ഒടുക്കം കാണാനെത്തിയ ചില കണ്ണുകളില്‍ നിരാശ.. 'ഇതാണോ അടി?' സിനിമാതല്ലും മറ്റും കണ്ട പുതിയ തലമുറ ചോദിക്കുന്നു...എങ്കിലും മാവിലായിക്കാരന്‍റെ കണ്ണുകളില്‍ പ്രതീക്ഷ നിറഞ്ഞു നില്ക്കുന്നു.. വര്ഷം കഴിയുന്തോറും അടി കാണാനെത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതു അവനാവേശം പകരുന്നു.. സഞ്ജയന്‍റെ ആ പഴയ മാവിലായിക്കാരന്...
photo കടപ്പാട്‌: pinarayionline.com