Tuesday, November 16, 2010

പകൽക്കിനാവന്റെ ഫോട്ടോപ്രദർശനം

ചിപ്പുവിനെയും കൂട്ടി പകൽക്കിനാവന്റെ ഫോട്ടോ പ്രദർശനം നടക്കുന്ന റെസ്റ്റോറന്റിൽ എത്തിയപ്പോൾ നല്ല തിരക്ക്. ബ്ളോഗിലൂടെ ആളുകളുടെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ച്, പകൽക്കിനാവനെ പരിചയപ്പെട്ട്, കൂടെനിന്ന് ഒരു ഫോട്ടൊയെടുക്കുമ്പോളേക്കും ചിപ്പു അവിടെ ട്രേയിൽ വച്ചിരുന്ന ചോക്കളേറ്റുകളിൽ ആകാവുന്നത്ര കൈയിലാക്കിയിരുന്നു.
പിന്നീടവൾ ഒട്ടിച്ചുവച്ചിരിക്കുന്ന ചിത്രങ്ങളിൽ കൈവെക്കാൻ തുടങ്ങിയപ്പോൾ, കാര്യം പന്തിയല്ലെന്ന് കണ്ട് പുറത്തിറങ്ങി.
പുറത്ത് കൂടിനിന്ന് വർത്തമാനം പറയുന്ന ആളുകളുടെയിടയിൽ കൈതമുള്ളിനെ തിരിച്ചറിഞ്ഞ് അടുത്ത് ചെന്ന് പരിചയപ്പെട്ടു.
ശശിയേട്ടനുമായി സംസാരിച്ചു നില്ക്കേ പിറകിൽ നിന്നും മെലിഞ്ഞു നീണ്ട രാൾ വന്ന് ഒരാക്രോശത്തോടെ ശശിയേട്ടനെ ധൃതരാഷ്ട്രാലിംഗനം ചെയ്തു.
ആളെ തിരിച്ചറിഞ്ഞു.. കുഴൂർ വിൽസൻ.
റേഡിയോയിൽ മാത്രം കേട്ട് പരിചയിച്ച ശബ്ദത്തിന്‌ ഒരു കരകരപ്പും, വഴുവഴുപ്പും.
“വാ നമുക്കങ്ങോട്ടേക്ക് പോകാം.. നമുക്കവിടെ കൈയ്യടക്കണ്ടേ?”
ഞാൻ പതുക്കെ ശശിയേട്ടനോട് പറഞ്ഞു. “ഞാൻ പോട്ടേ..”
അതുകേട്ട വിൽസൻ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു.
“നിങ്ങളെവിടെ പ്പോകുന്നു?‘
വീണ്ടും ഞാൻ മടിച്ചു നിന്നപ്പോൾ ചിപ്പുവിനെ പൊക്കിയെടുത്ത് മുന്നിൽ നടന്നു. അവൾ പേടിയോടെ എന്റെ നേരെ കൈനീട്ടി.
”മോൾക്കെത്ര വയസ്സായി?“ അവളെ തിരിച്ചുവാങ്ങുമ്പോൾ വൽസല്യത്തോടെയുള്ള ചോദ്യം.
“നാലര”
“എന്റെമ്മിണിക്ക് രണ്ടര വയസ്സാ..”
പിന്നീട് എല്ലാവരും കൂടെ പ്രദർശനം നടക്കുന്ന ഹോളിലേക്ക്.
ചെന്നയുടനെ പകൽക്കിനാവനൊരു ധൃതരാഷ്ട്രാലിംഗനം.
ചിത്രത്തിന്റെ വിൽപ്പനോൽഘാടനമാണ്‌ പിന്നീട് നടന്നത്‌.
ശശിയേട്ടന്റെ കയ്യിൽ നിന്നും വിൽസൻ ചിത്രം വാങ്ങി.
ഔപചാരികതകളില്ലാത്ത, ജാഡകളില്ലാത്ത, ലാളിത്യം നിറഞ്ഞ, സ്നേഹം നിറഞ്ഞ ചടങ്ങ്.
ചടങ്ങിനു ശേഷം ഞങ്ങൾ ചിത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽ മുഴുകവേ, വീണ്ടുമെത്തി കുഴൂർ വിൽസൻ. വിൽസൻ തന്നെ ആളുകളെ കൈകൊട്ടി വിളിച്ച് ശ്രദ്ധയാകർഷിച്ചു.
സുഹൃത്തുക്കളിലാരോ വിളംബരം ചെയ്തു.
“കുഴൂർ വിൽസൻ കവിത ചൊല്ലുന്നു...”
പിന്നീടവിടെ വിനയചന്ദ്രൻ മാഷിന്റെ കവിത മുഴങ്ങി.

Tuesday, October 19, 2010

പ്രവാസം

ചെറിയ കമ്പിക്കഷ്ണങ്ങൾ ഉപയോഗിച്ച് കൂടുകെട്ടി മുട്ടയിട്ടിരിക്കുന്ന പക്ഷി. അജ്മാനിലെ ഒരു ഫ്ളാറ്റിന്റെ ജനലരികിൽ കണ്ട കാഴ്ച.

Thursday, June 17, 2010

ചില വിദ്യാലയ സ്മരണകൾ

അദ്ധ്യാപകർക്ക്‌ ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂൾ പഠനം.
കൊമ്പൻ മീശയുള്ള അജാനുബാഹുവായ അന്തകൻ മാഷും, കൈയ്യിൽ എപ്പോഴും ചൂരലുമായി നടക്കുന്ന സീ ആർ പീ സാറും , ആലുമ്മൂടൻ സാറും,കറുത്തു കുറുകിയ കരടി മാഷും, അങ്ങനെയങ്ങനെ..

അവരിൽ ചിലരുടെയൊക്കെ യഥാർത്ഥ പേരുകൾ അറിയാത്ത ധാരാളം കുട്ടികൾ അന്ന്‌ സ്കൂളിലുണ്ടായിരുന്നു.അതിലൊരു കുട്ടി ഒരിക്കൽ സ്റ്റാഫ്‌ റൂമിൽ ചെന്നന്വേഷിച്ചൂ..
"മത്തായി സാറില്ലേ?"
അധ്യാപകർ അവനെ തുറിച്ചു നോക്കി.
"മത്തായിയെയും സാറെന്നു വിളിക്കാൻ തുടങ്ങി"
തലയുയർത്താതെ കണ്ണടയ്ക്ക്‌ മുകളിലൂടെ നോക്കിക്കൊണ്ട്‌ ശ്രീനു മാഷ്‌ പിറുപിറുത്തു.
അന്ന് മത്തായി എന്ന പേരിൽ ഒരു പ്യൂണുണ്ടായിരുന്നൂ സ്കൂളിൽ. സ്കൂൾ വരാന്തയിൽ കെട്ടിത്തൂക്കിയ വലിയ പള്ളിമണിയുടെ ദ്വാരത്തിൽ അറ്റം വളഞ്ഞിരിക്കുന്ന ഒരു നീണ്ട കമ്പി കൊളുത്തി ആഞ്ഞുവലിച്ചാണ്‌ മത്തായി ക്ലാസ്സുകളുടെ ദൈർഘ്യം നിയന്ത്രിച്ചിരുന്നത്‌. മിക്കവാറും നല്ല ഫിറ്റിലായിരിക്കും ആശാൻ. കമ്പിയുടെ കൊളുത്ത്‌ മണിയുടെ ദ്വാരത്തിൽ വീഴാനെടുക്കുന്ന സമയം കണക്കാക്കി മത്തായി അടിച്ചിരുന്ന പേഗ്ഗുകളുടെ എണ്ണം ഞങ്ങൾ പ്രവചിച്ചിരുന്നു. അങ്ങനെ കാലു നിലത്തുറക്കാത്ത ഒരു ദിവസം സെക്കന്റ്‌ പീരീഡിൽ ലോങ്ങ്ബെല്ലടിച്ച്‌ ഒരാഴ്ചത്തെ സസ്പെൻഷൻ ഒപ്പിച്ചെടുത്തിട്ടുണ്ട്‌ മത്തായി.
എന്നാൽ സ്റ്റാഫ്‌ റൂമിൽ കുട്ടി അന്വേഷിച്ചു ചെന്നത്‌ മത്തായി സാറിനെ തന്നെ ആയിരുന്നൂ. 'ബെൽറ്റ്‌ മത്തായി' സാറിനെ. ബെൽബോട്ടം പേന്റിട്ട്‌, ബെൽറ്റ്‌ മുറുക്കിക്കെട്ടിയ, തടിച്ചു നീളം കുറഞ്ഞ നമ്പ്യാർ സാറിന്‌ അതിനേക്കാൾ പറ്റിയ മറ്റൊരു പേരു സങ്കൽപിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക്‌ കഴിയുമായിരുന്നില്ല.

സ്കൂളിലെ അവസാനവർഷത്തെ ആദ്യ ദിവസം. പത്താം ക്ലാസ്സിലെ കുട്ടികളുടെ ഡിവിഷൻ തിരിച്ച ലിസ്റ്റ്‌ നോട്ടീസ്‌ ബോർഡിലിട്ടിട്ടുണ്ട്‌.
ഇത്തവണ 'ഇ' ഡിവിഷൻ പുതിയതായി വന്നിരിക്കുന്നു.
എന്റെ പേര്‌ പുതിയ ഡിവഷനിൽ. ലിസ്റ്റിലെ മറ്റുള്ള പേരുകളിലേക്ക്‌ നോക്കിയപ്പോളാണ്‌ ശരിക്കും ഞെട്ടിപ്പോയത്‌.
സ്കൂളിലെ എല്ലാ വില്ലന്മാരും ഞങ്ങളുടെ ക്ലാസ്സിൽ. അതിൽ എല്ലാ വിദ്യാർത്ഥിസംഘടനകളുടെയും നേതാക്കന്മാർ ഒരേ ഡിവിഷനിലെത്തിയത്‌ അവരെത്തന്നെ അത്ഭുതപ്പെടുത്തി.
എസ്‌ എഫ്‌ ഐ നേതാവ്‌ രാജേഷും, കെ എസ്‌ യു നേതാവ്‌ നിസാറും ഒരേ ബെഞ്ചിൽ സ്ഥാനം പിടിച്ചു.

നീളത്തിന്റെയും , വില്ലത്തരത്തിന്റെയും മുൻ ഗണനാക്രമത്തിൽ പിറകിലെ ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ ക്ലാസ്ടീച്ചറിന്റെ വേഷത്തിൽ സാക്ഷാൽ സീ ആർ പി സാർ എത്തിയപ്പോൾ എല്ലാം പൂർത്തിയായി.

കഴിഞ്ഞ വർഷം തന്നെ സാറിന്റെ നോട്ടപ്പുള്ളിയായിരുന്ന, കുട്ടപ്പനെന്നു വിളിക്കുന്ന ജയേഷ്‌ മുൻ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
കുട്ടപ്പൻ സീ ആർ പി സാറിന്റെ കണ്ണിലെ കരടായ കഥ ഇങ്ങനെ..

രംഗം സ്കൂൾ യുവജനോൽസവവേദി.. സ്റ്റേജിൽ കുട്ടപ്പന്റെ മിമിക്രി തകർക്കുന്നു.. റേഡിയൊയിൽ അന്ന് പ്രചാരം നേടിയ പരസ്യങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുകയാണ്‌ കുട്ടപ്പൻ..
അക്കാലത്ത്‌ ഉജാലയുടെ ഒരു പരസ്യമുണ്ടായിരുന്നു..
"ഉജാലയിൽ മുക്കിവെച്ച തുണികൾ ഉയർത്തി നോക്കൂ.. വെട്ടിത്തിളങ്ങുന്ന വെണ്മ കാണാം. "
കുട്ടപ്പൻ അതിൽ അൽപം മസാല കലർത്തി 'തുണികൾ' എന്നതിനു പകരം 'പാവാട'യെന്നു ചേർത്ത്‌ സ്റ്റേജിൽ കാച്ചി.
വിദ്യാർത്ഥികളുടെ നീണ്ട കൈയ്യടി ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ സ്റ്റേജിനു പുറകിലെത്തിയ കുട്ടപ്പൻ, അവിടെ കാത്തുനിന്ന സീ ആർ പീ സാറിന്റെ ചൂരലടി ഏറ്റു വാങ്ങി പൊട്ടിക്കരഞ്ഞു.

ഏതെങ്കിലും വിദ്യാർത്ഥിസംഘടനകൾ പഠിപ്പുമുടക്കിന്‌ ആഹ്വാനം ചെയ്താൽ, സംഘടനാപ്രതിനിധി ഹെഡ്മാസ്റ്റെർക്ക്‌ ഒരു നിവേദനം കൊടുക്കുന്ന പതിവുണ്ട്‌.
ഞങ്ങളുടെ സ്കൂളിൽ സംഘടനകൾ രൂപീകരിക്കപ്പെട്ടതിന്റെ പിന്നിൽ ഈ നിവേദനം സമർപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ‍ൂ.
അങ്ങനെ ഒരു ദിവസം എ ഐ എസ്‌ എഫിന്റെ ഒരു പഠിപ്പു മുടക്കാഹ്വാനമുണ്ടായി. സ്കൂളിലാണെങ്കിൽ ആ സംഘടനക്ക്‌ പ്രതിനിധിയുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ.
എന്റെ സഹബെഞ്ചൻ ഷാജിയെ എസ്‌ എഫ്‌ ഐയിലേയും,കെ എസ്‌ യുവിലേയും സുഹൃത്തുക്കൾ ചേർന്ന്‌ സംഘടനാ പ്രതിനിധിയായി നിയമിക്കുന്നൂ, നിവേദനം തയ്യാറാക്കുന്നൂ, ഷാജി അതുംകൊണ്ട്‌ ഹെഡ്മാസ്റ്റെറുടെ അടുത്തേക്ക്‌.
വായിച്ചു നോക്കിയ ഹെഡ്മാസ്റ്റർ ഒറ്റ ചോദ്യം
"എ ഐ എസ്‌ എഫിന്റെ ഫുൾഫോം എന്താടാ?"
ഷാജി നിന്നു വിയർത്തു. മുകളിൽ കറങ്ങുന്ന ഫാനിൽ കുറച്ചുനേരം നോക്കി നിന്ന ശേഷം പുറത്തേക്ക്‌ ഒറ്റ ഓട്ടം.

മത്തായി സേറാണ്‌ അന്ന്‌ ഞങ്ങൾക്ക്‌ ഇംഗ്ലീഷ്‌ നോൺ ഡീറ്റയിൽ ക്ലാസ്സെടുത്തിരുന്നത്‌, 'ദ കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്റ്റോ'. ആഴ്ചയിൽ രണ്ട്‌ ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. മാഷ്‌ ക്ലാസ്സിൽ അരമണിക്കൂർ പാഠം വായിച്ച്‌ കഥ പറയും. ബാക്കിയുള്ള സമയം കൊച്ചുവർത്തമാനത്തിനുള്ളതാണ്‌.
ആ സമയത്തൊരിക്കൽ രാജേഷ്‌ സാറിനോട്‌ പറഞ്ഞു
"മാഷെക്കാണാൻ മമ്മൂട്ടിയെ പോലെത്തന്നെയുണ്ട്‌"
അതുകേട്ട്‌ മാഷൊന്നു പുഞ്ചിരിച്ചപ്പോൾ അവൻ ഞങ്ങളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു.
"മാർക്കെറ്റിൽ മീൻ വിൽക്കുന്ന മമ്മൂട്ടി.."

മത്തായി സാറിന്റെ അവസാന ക്ലാസ്സിൽ ചില കുട്ടികൾ അദ്ദേഹത്തോട്‌ ഒരാവശ്യ്ം ഉന്നയിച്ചു.
"ഞങ്ങൾക്ക്‌ ഒരു പാട്ട്‌ പാടണം."
അവസാന ക്ലാസ്സല്ലേ സാറ്‌ സമ്മതിച്ചു.അങ്ങനെ ക്ലാസ്സിലെ നാല്‌ വില്ലന്മാർ ചേർന്ന് ഉച്ചത്തിൽ പാട്ട്‌ തുടങ്ങി.
"ജനഗണമന അതിനായക ജയഹേ..."
മത്തായി സേർ അത്രയും പ്രതീക്ഷിച്ചില്ല. ഇടക്ക്‌ വെച്ച്‌ തടസ്സപ്പെടുത്താൻ പാടില്ലല്ലോ. ദേശവിരുദ്ധമായാലോ?

അസമയത്തെ ദേശീയഗാനം കേട്ട്‌ സ്കൂൾ മുഴുവൻ ഞെട്ടി. ഹെഡ്മാസ്റ്റർ ഓടിവന്നെങ്കിലും ക്ലാസ്സിൽ കയറാനാവാതെ പുറത്ത്‌ അറ്റെൻഷനിൽ നിന്നു.
പ്യൂൺ മത്തായി പകുതി ലഹരിയിൽ ലോംഗ്‌ ബെല്ലടിക്കാൻ ഓടി വന്നു.
ദേശീയഗാനം പാടി തീർന്നതും, മത്തായി സാറിന്റെ നേതൃത്വത്തിൽ ഗായകരെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്‌ ആനയിച്ച്‌ ചൂരൽകഷായം നൽകി ആദരിച്ചു.

മുൻ വർഷങ്ങളിലൊക്കെ എസ്‌ എസ്‌ എൽ സി ക്ക്‌ നൂറുശതമാനം വിജയം ലഭിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ, ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ മിനിമം നാലു പരാജയങ്ങൾ പ്രവചിക്കപ്പെട്ടു.

എന്നാൽ റിസൾട്ട്‌ വന്നപ്പോളേക്കും, ഞങ്ങളുടെ ഡിവിഷനിൽ നൂറുശതമാനം ജയം, തോറ്റ ഏകകുട്ടി 'ബി' ഡിവിഷനിലിലും.

Friday, May 21, 2010

കോട്ടൺ

അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്‌, ശശിയുടെ കൂടെ. അതിനിടെ ശശിക്ക്‌ ഒരപകടം സംഭവിക്കുകയും, രണ്ട്‌ ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരികയും ചെയ്തു.
ഡിസ്‌ചാർജ്‌ ചെയ്യാൻ നേരം ഡോക്റ്റർ അന്ത്രുമാനെ വിളിച്ച്‌ മരുന്നിന്റെയും മുറിവ്‌ ഡ്രെസ്സ്‌ ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.
അങ്ങനെ ഡോക്ടർ പറഞ്ഞതനുസരിച്ച്‌ കോട്ടൺ വാങ്ങാനായി അന്ത്രുമാൻ പുറത്തേക്കിറങ്ങി. ഒന്നു രണ്ട്‌ ഷോപ്പുകളിൽ കയറിനോക്കിയെങ്കിലും, അവിടെ നിന്നെല്ലാം ഇല്ലെന്ന മറുപടിയാണ്‌ കിട്ടിയത്‌.
ഒരു കടയിൽ കയറിനോക്കിയപ്പോൾ, അവിടെ കോട്ടൺ വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്‌ കണ്ടെങ്കിലും കടക്കാരന്റെ മറുപടി ഇല്ലെന്നു തന്നെയായിരുന്നു.
"ഇനി കോട്ടൺ എന്നത്‌ മനസ്സിലാവാഞ്ഞിട്ടാണോ?" അന്ത്രുമാൻ വിഷമത്തിലായി.
"പഞ്ഞിയുണ്ടോ ?" എന്നു ചോദിക്കാൻ ഒരു തവണ ആഞ്ഞെങ്കിലും, അത്‌ തമിഴിലെ എന്തെങ്കിലും തെറിയാണെങ്കിലോയെന്ന്‌ പേടിച്ച്‌ അന്ത്രുമാൻ മിണ്ടിയില്ല.
അങ്ങനെ അടുത്ത കടയിലെത്തിയ അന്ത്രുമാൻ വീണ്ടും അന്വേഷിച്ചു.
"കോട്ടണുണ്ടോ?"
"ഇല്ല" മുഖത്തു നോക്കാതെ കടക്കാരന്റെ മറുപടി.
പക്ഷെ ഇത്തവണ അന്ത്രുമാന്‌ സഹിക്കാൻ കഴിഞ്ഞില്ല.
അയാൾ നേരെ കടക്കകത്തു കയറി കോട്ടണുമെടുത്ത്‌ കടക്കാരന്റെ നേരെ നീട്ടിക്കൊണ്ട്‌ ചോദിച്ചൂ..
"ഇതു പിന്ന്യെന്താ?"
അന്ത്രുമാന്റെ കൈയ്യിലുള്ള സാധനം നോക്കിക്കൊണ്ട്‌ കടക്കാരൻ ഒറ്റ ചിരിയാണ്‌.
അയാളുടെ തമിഴ്‌ ചിരികേട്ട്‌ അന്ത്രുമാന്‌ ഭയം തോന്നി. അയാൾ തന്റെ കൈയ്യിലിരിക്കുന്ന സാധനത്തിലേക്ക്‌ വീണ്ടും നോക്കി.
"ഇനിയിത്‌ കോട്ടണല്ലേ?"
അതിനിടെ ചിരി കണ്ട്രോൾ ചെയ്ത് കടക്കാരൻ അന്ത്രുമാനോട്‌
"ഇതാ... ഇത്‌ കാ‍ട്ടൺ..."
അന്ത്രുമാൻ അന്തം വിട്ടുനിന്നു.

Sunday, April 25, 2010

ചിപ്പു സ്കൂളിൽ

അങ്ങനെ ചിപ്പു സ്കൂളിൽ പോകാൻ തുടങ്ങി. ദിവസവും അവൾക്ക്‌ പുതിയ എന്തെങ്കിലും സ്കൂൾ വിശേഷം പറയാനുണ്ടാവും. ടീച്ചർ ചോക്കളേറ്റ്‌ കൊടുത്തതും, കൈയ്യിൽ സ്റ്റാർ വരച്ചുകൊടുത്തതും, ക്ലാസ്സിലെ ആൺകുട്ടികൾ അടി കൂടിയതും... അങ്ങനെയങ്ങനെ...
കഴിഞ്ഞ ദിവസം അവളുടെ ബാഗിൽ മറ്റൊരു കുട്ടിയുടെ പുസ്തകം. പേരിൽ സാമ്യമുള്ളതിനാൽ ടീച്ചറോട്‌ മാറി വെച്ചു പോയതായിരിക്കാം.
അടുത്ത ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ്‌ ഞങ്ങൾ അവളെ പറഞ്ഞ്‌ പഠിപ്പിച്ചു.
"മോള്‌ സ്കൂളിൽ ചെന്നാൽ ടീച്ചറോട്‌ പറയണം... ദിസ്‌ ഈസ്‌ നോട്‌ മൈ ബുക്ക്‌.."
പോകുന്നതിനു മുമ്പ്‌ അവൾ ടീച്ചറോട്‌ പറയണ്ട കാര്യം അമ്മയോട്‌ ഒന്നു രണ്ട്‌ തവണ ചോദിച്ചുറപ്പിച്ചു.
ഉച്ചക്ക്‌ സ്കൂളിൽ നിന്നും തിരിച്ചെത്തിയ ശേഷം അമ്മ അവളോട്‌ ചോദിച്ചു..
"ചിപ്പു എന്താ ടീച്ചറോട്‌ പറഞ്ഞത്‌?"
കഴുത്തിൽ തൂക്കിയ ഐഡി കാർഡ്‌ ഊരിയെടുക്കുന്നതിനിടെ ചിപ്പു...
"ദിസ്‌ ഇസ്‌ മൈ നോട്‌ ബുക്ക്‌.."

Thursday, April 15, 2010

മാവിലായിക്കാവ്‌

"എന്റെ ദൈവത്താറീശ്വരാ.. "
ഈ വിളി മാവിലായിക്കാരുടെ ദീർഘനിശ്വാസത്തോടൊപ്പം ഉയർന്ന്‌ കേൾക്കാം. അതുപോലെ അവരുടെ ഓർമ്മകളിലെ വിഷുവിന്‌ അടിയുത്സവത്തിന്റെ ആവേശവുമുണ്ട്‌.
മേടം ഒന്നിനു തുടങ്ങുന്ന, അഞ്ച്‌ ദിവസം നീണ്ട്‌ നിൽക്കുന്ന ഉത്സവം.
കാവിലെ പ്രധാന മൂർത്തിയായ ദൈവത്താറിന്റെ തെയ്യം ഈ അഞ്ച്‌ ദിവസങ്ങളിലും കെട്ടിയാടുന്നു.
നാലാം ദിവസത്തെ അടിയാണ്‌ ഇതിൽ പ്രധാനം.
ഒരു അവൽകൂടിനുവേണ്ടി പരസ്പരം തല്ല് കൂടിയ ജ്യേഷ്ഠാനുജന്മാരുടെ കഥയാണത്രെ ഇതിന്റെ പിന്നിലെ ഐതിഹ്യം.
മാവിലായി മൂന്നാമ്പാലത്തിനടുത്ത നിലാഞ്ചിറ വയലിലാണ്‌ അടി നടക്കുന്നത്‌. 'അടിക്കൈക്കോന്മാർ' എന്നറിയപ്പെടുന്ന, വ്രതം നോറ്റ ഒരു സംഘം ആളുകളാണ്‌ ഈ അടിയിൽ പങ്ക്‌ ചേരുന്നത്‌. അവർ രണ്ട്‌ വിഭാഗങ്ങളായി തിരിഞ്ഞാണ്‌ അടി. 'മൂത്തകൂർവാടും', 'ഇളയകൂർവാടും'. ആ ദിവസം സൂര്യസ്തമനത്തോടെ നാട്ടുകാരുടെ ചുമലിൽ കയറിയിരുന്ന്‌ ഇവർ പരസ്പരം തല്ലുന്നു.രണ്ട്‌ ഘട്ടങ്ങളിലായി നടക്കുന്ന ഈ അടി കാണാൻ വലിയൊരു പുരുഷാരം തന്നെ വയലിൽ കൂടിയിരിക്കും
ഇന്ന് മേടം ഒന്ന്, വിഷു. മാവിലായിക്കാവിലെ ഉത്സവത്തിന്‌ ഇന്ന്‌ കൊടിയേറുന്നു.

Thursday, March 25, 2010

ചിപ്പുവിന്റെ 'വര'


ചിപ്പു ഇപ്പോൾ ഇടയ്ക്ക്‌ ചിത്രം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ട്‌.പോർട്രെയിറ്റാണ്‌ കൂടുതലായും വരക്കുന്നത്‌. വലിയൊരു വട്ടം വരച്ച്‌ അതിൽ രണ്ടുണ്ടക്കണ്ണും, മൂക്കിന്റെ സ്ഥാനത്ത്‌ ഒരു വരയും, പല്ലിളിച്ചുകാട്ടുന്ന പോലുള്ള വായും വരച്ചാൽ അച്ച്ഛനായി.

അതേ രൂപത്തിന്‌ നെറ്റിയിലൊരു പൊട്ടും ചെവിയിലൊരു കമ്മലും വരച്ചാൽ അമ്മയും.
മിക്ക ചിത്രങ്ങളും വരച്ചു കഴിഞ്ഞതിനു ശേഷമാണ്‌ അതെന്താണെന്ന്‌ അവൾ നിശ്ചയിക്കുന്നത്‌.

കുറച്ച്‌ ദിവസം മുമ്പ്‌ സ്ലേറ്റിൽ നാലു നീണ്ട വരകൾ വരച്ച്‌ അവൾ എന്നെ കൊണ്ട്‌ വന്നു കാണിച്ചു.
"ഇതെന്താ മോളേ?"
കുറച്ചു നേരം ആലോചിച്ച്‌ അവൾ മറുപടി നൽകി..
"മുരിങ്ങാക്കായ"

Monday, March 22, 2010

അച്ഛാച്ചൻ

മാത്രുഭൂമി ബാലപക്തിയിലേക്കയച്ച എന്റെ ആദ്യ സ്രുഷ്ടി ഒരു ബൂമറാങ്ങായിപ്പോയതിനു ശേഷം കുറച്ചു നാളത്തേക്ക്‌ ഞാനെന്റെ സർഗ്ഗവാസനകൾക്ക്‌ അവധി കൊടുത്തു. (ഞങ്ങൾ സാഹിത്യകാരന്മാർ ഇങ്ങനെയൊക്കെയാണ്‌ പറയുക)

പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ മാവിലായിക്കാവിലെ ഉത്സവത്തിനു പോയി വന്ന ശേഷമാണ്‌, അതിനെപ്പറ്റി എന്തെങ്കിലും എഴുതണമെന്നുള്ള വിചാരം മനസ്സിൽ ശക്തമായതും, അങ്ങനെ 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന കുറിപ്പ്‌ രൂപപ്പെടുന്നതും.

എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ഇത്‌ എവിടെയെങ്കിലും പ്രസിദ്ധീകരിക്കണമെന്ന ദുർവാശിയും എന്റെ മനസ്സിലുടലെടുത്തു.പക്ഷെ എവിടെ, ആര്‌ പ്രസിദ്ധീകരിക്കും? കോളെജ്‌ മാഗസിനിൽ ഒരു മങ്ങിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും സോമേട്ടൻ തന്നെ എഡിറ്ററായിരുന്നതിനാൽ, ആത്മാഭിമാനം അനുവദിച്ചില്ല.

പിന്നെ ബാലപംക്തിയിലേക്ക്‌ തന്നെ അയക്കണം. അന്ന് താഹ മാടായി, അനിൽകുമാർ വി. ഒ. (അനിൽ നമ്പ്യാർ, സൂര്യ ടി.വി.) തുടങ്ങിയ പുലികൾ ബാലപക്തിയിൽ മേഞ്ഞുനടന്നിരുന്ന കാലം. രണ്ടും കൽപ്പിച്ച്‌ അങ്ങോട്ടേക്ക്‌ തന്നെ അയച്ചു. ഒന്നുരണ്ട്‌ മാസങ്ങൾ കാത്തിരുന്നു. പിന്നെ പ്രതീക്ഷ കൈവിട്ടു.

മൂന്നു നാലു മാസങ്ങൾക്ക്‌ ശേഷം, അയച്ച കാര്യം തന്നെ മറന്നിരുന്ന സമയത്ത്‌ അതാ വരുന്നൂ, മാത്രുഭൂമിയിൽ നിന്നും ഒരെഴുത്ത്‌. ഇത്തവണ കവറല്ലാ, ഒരു പോസ്റ്റ്‌ കാർഡ്‌. അതിൽ കുട്ടേട്ടന്റെ ഒപ്പോടെ ഒരു കുറിപ്പ്‌...

'പ്രിയ ദീപൂ..'മാവിലായിക്കാവിലെ അടിയുത്സവം' വായിച്ചു. നന്നായിട്ടുണ്ടെന്ന് പറയാറായിട്ടില്ലെങ്കിലും, വിഷയത്തിൽ അൽപം പുതുമ തോന്നിയതിനാൽ എടുത്ത്‌ വെച്ചിരിക്കുന്നു.
കുട്ടേട്ടൻ ഒപ്പ്‌'
പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ ഇല്ല. വീണ്ടും ആകാംഷ നിറഞ്ഞ നാളുകൾ.

അന്ന് പത്രം വീട്ടിൽ വരെ കൊണ്ടുവന്ന് തരാറുണ്ടായിരുന്നില്ല. അടുത്തുള്ള കടയിൽ പോയി വാങ്ങണം. അത്‌ അച്ഛാച്ചന്റെ പ്രഭാതകൃത്യങ്ങളിലെ ഒരു പ്രധാന ഇനമായിരുന്നു. പത്രം വാങ്ങി, അവിടെയിരുന്ന്, തന്നെ പോലെ ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന കുറച്ച്‌ ശുഭ്രവസ്ത്രധാരികളുമായി വാർത്തകളെപ്പറ്റിയുള്ള ഒരു ഡിസ്ക്കഷനും കഴിഞ്ഞാണ്‌ വീട്ടിലെത്തുന്നത്‌. പത്രം വൈകുന്തോറും അച്ഛന്റെ മുഖം കറുത്തു വരും.

ആ എഴുത്ത്‌ വന്നതിനു ശേഷം ചൊവ്വാഴ്ചകളിൽ വരുന്ന വീക്കിലിക്കു വേണ്ടി അച്ഛാച്ചൻ കാത്തിരിക്കും. കിട്ടിയാലുടൻ പിറകിലെ ബാലപക്തി പേജുകളിൽ കണ്ണോടിച്ച്‌ നിരാശനാകും. മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛാച്ചൻ ശുഭാപ്തിവിശ്വാസം കൈവിട്ടില്ല.ഞാനാകട്ടെ അത്‌ പണ്ടേ കൈവിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം പതിവിലും നേരത്തെ അച്ഛാച്ചൻ പത്രവുമായി ഓടി വരുന്നു. വീട്ടിൽ കയറിവന്നതിനു ശേഷം എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. 'മാവിലായി', 'അടി' എന്ന രണ്ട്‌ വാക്കുകളാണ്‌ പല്ലില്ലാത്ത ആ വായിൽ നിന്നും ഞാൻ കേട്ടത്‌. എന്റെ വിചാരം മാവിലായിൽ എന്തോ അടി നടന്നെന്നും, ആ വാർത്ത പത്രത്തിൽ വന്നിട്ടുണ്ടെന്നുമായിരുന്നു..പിന്നീട്‌ കസേരയിലിരുന്ന് കിതപ്പ്‌ മാറ്റിയ ശേഷം കാര്യം പറഞ്ഞുകൊണ്ട്‌ അച്ഛാച്ചൻ വീക്കിലി എന്റെ നേരെ നീട്ടി.

അത്‌ തുറന്ന് 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന തലക്കെട്ട്‌ വായിച്ച ആ ഒരു നിമിഷം ഞാൻ നിലത്തുനിന്നും ഉയർന്ന് പറക്കുമ്പോലെ തോന്നി. ദിവസങ്ങൾക്ക്‌ ശേഷം തപാലിൽ വന്ന വീക്കിലിയും, ഇരുപത്തഞ്ച്‌ രൂപയുടെ മണി ഓർഡറും ഒപ്പിട്ട്‌ വാങ്ങുമ്പോൾ ഭൂമി പിടിച്ചടക്കിയ സന്തോഷം.

പിന്നീട്‌ ആ കാര്യമോർക്കുമ്പോഴെല്ലാം അച്ഛാച്ചന്റെ സന്തോഷം കൊണ്ട്‌ നിറഞ്ഞ മുഖമാണ്‌ ഓർമ്മ വരിക. അച്ഛാച്ചൻ മരിച്ചിട്ട്‌ ഇപ്പോൾ പത്തു വർഷത്തിൽ കൂടുതലാകുന്നു. എന്റെയൊക്കെ മനസ്സിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത്‌ അച്ഛൻ വഴി അച്ഛാച്ചനിൽ നിന്നും കിട്ടിയതായിരിക്കാമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. നാട്ടിലെത്തിയാൽ അകത്തിരുന്ന്‌ ഞങ്ങളെല്ലാം വർത്തമാനം പറയുമ്പോൾ, പുറത്ത്‌ ചാരു കസേരയിൽ ഒരു പാള വിശറിയുമായി അച്ഛാച്ചനിരിക്കുന്നില്ലെന്ന്‌ വിശ്വസിക്കാൻ എനിക്കു കഴിയാറില്ല.

Friday, March 19, 2010

ഒരു കവിയുടെ മരണം

മിക്കവരെയും പോലെ ഞാനും ആദ്യമായി എഴുതാൻ ശ്രമിച്ചത്‌ കവിതയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ആ സാഹസത്തിന്‌ മുതിർന്നത്‌. വിഷയം ലോക സമാധാനം. അന്ന്‌ ലോകത്ത്‌ നടമാടിയിരുന്ന യുദ്ധങ്ങളുടെയും മറ്റ്‌ അക്രമസംഭവങ്ങളുടെയും വാർത്തകൾ കേട്ട ഒരു പിഞ്ചുഹ്ര്യദയത്തിലുണ്ടായ വേദനകളുടെയും, സംഘർഷങ്ങളുടെയും ഒരു ബഹിർസ്ഫുരണം. (ചുമ്മാ...)
'കറുത്ത രാത്രി', 'വെളുത്ത പ്രാവ്‌' തുടങ്ങിയ പ്രയോഗങ്ങൾ കുത്തിനിറച്ച അതിനെ ഞാൻ കവിതയെന്നു വിളിച്ചു.

എഴുതിക്കഴിഞ്ഞ്‌ രണ്ട്‌ ദിവസത്തിനു ശേഷം അത്‌ മൃദുലേച്ചിയെ കൊണ്ട്ചെന്നു കാണിച്ചു. വായിച്ച്‌ കഴിഞ്ഞ്‌ ഏച്ചി എന്നെ നോക്കി "ഉം..." എന്ന് നീട്ടി മൂളി. "അത്രക്കങ്ങ്‌ പോര.." എന്ന ഒരു സന്ദേശം ആ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.
തുടർന്ന് അത്‌ മറ്റാരെയെങ്കിലും കാണിക്കാൻ മുതിരാതെ ഭദ്രമായി എന്റെ ഡയറിക്കുള്ളിൽ മടക്കിവെച്ചു.

പിന്നീട്‌
ഒരു വർഷത്തേക്ക്‌ ഞാൻ എന്റെ മനസ്സിലെ കവിയെ പിടിച്ചിരുത്തി. ഒന്നു രണ്ട്‌ തവണ പുറത്ത്‌ ചാടാൻ ശ്രമിച്ചെങ്കിലും ആത്മസംയമനം പാലിച്ചു.
പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ ബ്രെണ്ണൻ കോളേജിന്റെ വിശാലമായ കാമ്പസ്സിൽ പ്രീഡിഗ്രിക്കെത്തിയ കവിക്ക്‌ പിടിച്ച്‌ നിൽക്കാൻ കഴിഞ്ഞില്ല. പക്ഷെ ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിൽ നിന്നും എത്തിയ കവിയുടെ മനസ്സിൽ നിന്നും പ്രണയകവിതകൾക്കു പകരം ഒരു വിപ്ലവ കവിത രൂപംകൊണ്ടു. അത്‌ ഏതാണ്ടിങ്ങനെ...

'ആ മുറിവ്‌ ചീറ്റിയ രക്തത്തിന്‌ നിറം നഷടപ്പെട്ടിരുന്നു..
എങ്കിലുമതാ വരണ്ട പൂഴിമണ്ണിനുണർവേകി
മണൽപരപ്പിന്റെ വിശാലതയിൽ
മരണത്തിന്റെ കുഴലൂത്തതിന്‌ നേർത്തത്തായ്‌..
ആ മണൽപരപ്പിന്റെ നിശ്ശബ്ദതയിൽ കേൾക്കായ്‌ മറ്റൊരു സ്വരം
ആ മണൽക്കാറ്റിന്റെ ഈണം...
അതാ മണൽപരപ്പിന്‌ പുളകമേകുന്നു..
അതാ പൂഴിമണ്ണിന്‌ ലഹരിയാകുന്നു..
ആ ലഹരിയിൽ മത്തുപിടിച്ചത്‌ യാത്രയാകുന്നു..'

രണ്ട്‌ തവണ വായിച്ചു നോക്കിയപ്പോൾ എനിക്കു തന്നെ തോന്നി...
'ഞാനൊരു സംഭവം തന്നെ..'
ചൊല്ലി വരുമ്പോൾ ഒരു ബാലചന്ദ്രൻ ചുള്ളിക്കാട്‌ സ്റ്റൈൽ.
മൂന്നു ദിവസം ഉറക്കമിളഞ്ഞാലോചിച്ച്‌ അതിനൊരു തലവാചകവും കണ്ടെത്തി. 'ഉയിർത്തെഴുന്നേൽപ്‌'
ഇത്തവണ കവിത ആരെയും കാണിക്കാൻ മിനക്കെട്ടില്ല. അന്ന് കോളെജ്‌ ഇലക്ഷൻ കഴിഞ്ഞ്‌ മേഗസിൻ പുറത്തിറങ്ങാൻ പോകുന്ന സമയം. കവിതയുമായി നേരെ സ്റ്റുഡന്റ്‌ എഡിറ്റർ സോമേട്ടനെ കണ്ടു. (സോമൻ കടലൂർ പിന്നീട്‌ ശാസ്ത്ര സാഹിത്യ പരിഷത്‌ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററൊക്കെയായിരുന്നു.)
അദ്ദേഹം വായിച്ച്‌ നോക്കിയിട്ട്‌ പറഞ്ഞു..
"നന്നായിട്ടുണ്ട്‌..."
അതുകേട്ട്‌ ഞാൻ സുസ്മേരവദനനും ആനന്ദപുളകിതനുമായി..
"തിരുത്തലുകൾ സോമേട്ടൻ വേണ്ടപോലെ ചെയ്താൽ മതി" എന്നോർമിപ്പിക്കാനും മറന്നില്ല. കവിതയുടെ കാര്യം വീട്ടിലും കൂട്ടുകാരെയും അറിയിച്ചു. അവരെല്ലാം എന്നെപ്പോലെ മാഗസിൻ ഇറങ്ങുന്നതും പ്രതീക്ഷിച്ചിരിപ്പായി.

താമസിയാതെ, എന്റെ കവിതയില്ലാതെ മാഗസിൻ ഇറങ്ങി.
'സോമേട്ടാ.. ഇതു വല്ലാത്തൊരു ചതിയായിപ്പോയി.. തിരുത്താൻ പറഞ്ഞാൽ ഇങ്ങനെ തിരുത്താമോ?'
കൂട്ടുകാരുടെ ഇടയിൽ അൽപം ചമ്മിയെങ്കിലും ഞാൻ ധൈര്യം കൈവിട്ടില്ല, കവിത ഒരു കടലാസിൽ ഭംഗിയായി പകർത്തിയെഴുതി, താഴെ എന്റെ പേരും അഡ്രസ്സും വെച്ച്‌ കവറിലാക്കി ഒട്ടിച്ച്‌, മനസ്സിൽ മുത്തപ്പനൊര്‌ പൈങ്കുറ്റി നേർന്ന് പുറത്ത്‌ വിലാസമെഴുതി.
കുട്ടേട്ടൻ,
ബാലപംക്തി,
മാത്ര്യഭൂമി,
കോഴിക്കോട്‌

അയച്ച
കാര്യം ആരോടും പറഞ്ഞില്ല. എന്റെ കവിത പ്രസിദ്ധീകരിച്ച്‌ വന്നത്‌ കണ്ട്‌ എല്ലാവരും ഞെട്ടുന്ന ഒരു ദിവസ്ം ഞാൻ സ്വപ്നം കണ്ടു.
മൂന്നുമാസത്തെ കാത്തിരിപ്പിനൊടുവിൽ അത്‌ വന്നു. മാത്ര്യഭൂമിയിൽ നിന്നും ഒരു കവർ.
തുറന്നു നോക്കുമ്പോൾ കൈ വിറച്ചു. എന്റെ കൈപ്പടയിൽ ഞാനെഴുതിയ അതേ കവിത തിരിച്ചു വന്നിരിക്കുന്നൂ. പിറകിൽ കുട്ടേട്ടന്റെ കുറിപ്പും.
'പ്രിയപ്പെട്ട ദീപൂ..
ഗദ്യം ഗദ്യത്തിന്റെ ഭാഷയിലെഴുതുന്നതാണ്‌ നല്ലത്‌. മുറിച്ച്‌ മുറിച്ചെഴുതരുത്‌. വള്ളത്തോളിന്റെ സാഹിത്യമഞ്ജരി ദിവസവും ഉച്ചത്തിൽ ചൊല്ലി പഠിക്കണം.
സസ്നേഹം
കുട്ടേട്ടൻ
ഒപ്പ്‌ '

തകർന്നുപോയ
എന്റെ മനസ്സിന്‌ ആ കുറിപ്പ്‌ അൽപം സമാധാനം നൽകി.
എന്തായാലും പിന്നീട്‌ ഞാനൊരു കവിതയെഴുതാൻ മുതിർന്നില്ല. അതിനു ശേഷം കവിതകളോട്‌ എന്തോ ഒരലർജി. ബ്ലോഗ്‌ അഗ്രിഗേറ്ററിൽ കവിതകളുടെ ഭാഗത്തെത്തുമ്പോൾ ഞാനെന്റെ മൗസിന്റെ സ്ക്രോൾ ബട്ടൺ വേഗത്തിൽ താഴോട്ട്‌ തിരിക്കും.

Wednesday, February 10, 2010

ചിപ്പുവിന്റെ വിശേഷങ്ങൾ

"അവരെന്തിനാ അച്ഛാ ബ്ലാക്‌ ടീയിൽ സോഡ ഒഴിച്ച്‌ കുടിക്ക്ന്നത്‌?" ഓഫീസിൽ നിന്നും വന്ന ഉടനെ ചിപ്പു പുതിയ സംശയവുമായി ഓടിവന്നു.
"ആര്‌?"
"ആ സിനിമയിലുള്ള ആളുകള്‌"
കുടിക്കുന്നത്‌ ബ്ലാക്ക്‌ ടീയാണെന്ന് അവൾ അമ്മയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്‌. സോഡ ഒഴിക്കുന്നതെന്തിനാണെന്ന സംശയം ഉന്നയിച്ചപ്പോളാണു അച്ഛന്റടുത്തേക്ക്‌ പറഞ്ഞു വിട്ടിരിക്കുന്നത്‌.

ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ അവൾ മടിയിൽ വന്നിരുന്നു.
"എന്തിനാ അച്ഛാ..."
ചിപ്പു വിടാനുള്ള ഭാവമില്ല.
"ഇന്ന് ടോം ജെറിയെ എന്താ ചെയ്തത്‌?" വിഷയം മാറ്റാനായി ചോദിച്ചു.
"ശിവന്റെ കൈയ്യിലെ ഫോർക്ക്‌ പോലത്തെ സാധനമില്ലേ... അതുമെടുത്ത്‌ ടോമൻ ജെറീന്റെ പിന്നാലെ ഓടി.."
'ടോം ആൻ ജെറി' അവൾക്ക്‌ ടോമൻ ജെറിയാണ്‌.

"സ്കൂളിൽ നിന്നും വിളിച്ചിരുന്നോ?" ഭാര്യയുടെ അന്വേഷണം.
ഏപ്രിലിൽ തുടങ്ങുന്ന പുതിയ അധ്യയന വർഷത്തിൽ ചിപ്പു സ്കൂളിൽ പോകാനൊരുങ്ങുന്നു...
അവളുടെ സ്കൂൾ വിശേഷങ്ങൾക്കായി കാത്തിരിക്കാം.

Tuesday, February 2, 2010

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ


വർഷങ്ങൾക്കു മുമ്പ്‌ ഒരു റമദാൻ നോമ്പുകാലത്ത്‌ തലശ്ശേരിയിലെ മാളിയക്കൽ ഭവനം സന്ദർശിക്കാനിടയായി. കൊച്ചിൻ ഹനീഫയുടെ ഭാര്യ വീടായ, ആ വലിയ വീട്ടിലെ അറുപതോളം അംഗങ്ങളിൽ ഒരാളായിരുന്നൂ, ഞങ്ങളുടെ സുഹ്രുത്ത്‌ ജസീം.
മുകളിലത്തെ നിലയിലെ ഹാളിൽ തൂക്കിയിട്ട വലിയ ലാമ്പ്‌ ഷേഡിന്റെ ചരിത്രം കേട്ടും, തലശ്ശേരി ബിരിയാണിയുടെ മണം ആസ്വദിച്ചും, ആ വീട്ടിലെ നിരവധി മുറികളിലൂടെ ഞങ്ങൾ കയറിയിറങ്ങി.
അങ്ങനെ ഒരു മുറിയിലേക്ക്‌ കയറിയതും അവിടെ കട്ടിലിൽ വിശ്രമിക്കുന്ന ആളെ കണ്ട്‌ ഞങ്ങളെല്ലാം വാപൊളിച്ചു. സാക്ഷാൽ കൊച്ചിൻ ഹനീഫ.
ജസീം അതൊരു സസ്പെൻസ്‌ ആക്കി വെച്ചതായിരുന്നു.
"വാ... വാ... ഇരിക്ക്‌..."
വർഷങ്ങളായി പരിചയമുള്ളതുപോലെ ഞങ്ങളെയെല്ലാം നിറഞ്ഞ ചിരിയോടെ സ്വീകരിച്ച്‌ കട്ടിലിലും, കസേരകളിലുമായി പിടിച്ചിരുത്തി.
തലേദിവസം ടീവിയിൽ കണ്ട 'രാമായണക്കാറ്റേ' എന്ന ഗാനരംഗത്തിലെ, ഹിജഡകളോടൊത്തുള്ള ഹനീഫയുടെ
ന്രുത്തരംഗമാണു ഞാനപ്പോളോർത്തത്‌. അത്‌ അദ്ദേഹവുമായി പങ്കുവെച്ചപ്പോൾ, അന്ന് ന്രുത്തം ചെയ്തത്‌ ഒറിജിനൽ ഹിജഡകളോടൊപ്പമായിരുന്നെന്ന കാര്യം ഹനീഫ വെളിപ്പെടുത്തി.
ഒടുവിൽ പിരിയുമ്പോൾ ആ വീട്ടിലെ അംഗങ്ങൾ ഒരു തമാശ പറഞ്ഞ്‌ പൊട്ടിച്ചിരിക്കുകയായിരുന്നു...
രണ്ടു ദിവസം മുമ്പ്‌ ആ വീട്ടിൽ കറുത്ത്‌ തടിച്ച ഒരു കള്ളൻ കയറിയ കഥ. വീട്ടിലെ പ്രായം ചെന്ന വല്ല്യുപ്പ, പുയ്യാപ്ലയാണെന്ന് വിചാരിച്ച്‌ കള്ളനെ കൈപിടിച്ച്‌ കറ്റിയത്രെ.
തമാശ ആസ്വദിച്ച്‌ പൊട്ടിച്ചിരിക്കുന്ന ആ വലിയ ശരീരത്തിന്റെയും, മനസ്സിന്റെയും ഉടമയോട്‌ യാത്ര പറഞ്ഞ്‌ ഞങ്ങൾ ഇറങ്ങി...

Sunday, January 24, 2010

അന്ത്രുമാൻ ഇൻ പോലീസ്‌ സ്റ്റേഷൻ

രണ്ടു ദിവസം മുമ്പ്‌ ഒരു ആക്സിഡെന്റ്‌ കേസുമായി ബന്ധപ്പെട്ട്‌ ഖിസയിസ്‌ പോലീസ്‌ സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മുന്നിലിരുന്ന് ചോദ്യങ്ങൾക്ക്‌ മറുപടി നൽകികൊണ്ടിരിക്കുന്നൂ അന്ത്രുമാൻ.
"എന്താ ഇവിടെ?"
അടുത്തു ചെന്ന് തിരക്കി.
"ഒന്നും പറയണ്ട ഭായീ.."
അന്ത്രുമാന്റെ തളർന്ന സ്വരം..
"ഒരാൾക്ക്‌ ഉപകാരം ചെയ്തേന്റെ ഫലം."
തുടർന്ന് അന്ത്രുമാൻ സംഭവം ഇങ്ങനെ വിവരിച്ചു.
ഇന്ന് രാവിലെ ഓഫീസിലേക്ക്‌ ഇറങ്ങിയതായിരുന്നൂ അയാൾ. (ഇപ്പോൾ ദേരയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ഡ്രൈവറാണു അന്ത്രുമാൻ)
ലുലൂ ഹൈപ്പെർമാർക്കെറ്റിനടുത്ത്‌ എത്തിയപ്പോളാണു നാട്ടിലേക്ക്‌ കാശയക്കാനുള്ള കാര്യം ഓർമ്മ വന്നതും, അങ്ങനെ വണ്ടി പാർക്ക്‌ ചെയ്ത്‌ മാളിനകത്തുള്ള ഏ ടീ എം കൗണ്ടറിനടുത്ത്‌ എത്തിയതും.
ഏ ടീ എം മഷീനു അടുത്തെത്തുമ്പോൾ അന്ത്രുമാനു മുന്നിലായി ക്യൂവിൽ രണ്ടു പേരുണ്ടായിരുന്നു.
ഒരു അറബി സ്ത്രീയാണു അപ്പോൾ ട്രാൻസാക്ഷെൻ നടത്തികൊണ്ടിരിക്കുന്നത്‌. തൊട്ട്‌ പുറകിലായി ഈജിപ്ഷ്യനെന്നു തോന്നിക്കുന്ന ഒരു പുരുഷനും.
ആ അറബി സ്ത്രീ മാറിയതും, മഷീനു മുന്നിലെത്തിയ ഈജിപ്ഷ്യൻ ഒരു നിമിഷം തിരിഞ്ഞ്‌ അന്ത്രുമാനെ നോക്കി. ആ നോട്ടത്തിൽ ഒരു പന്തികേട്‌ മണത്ത അന്ത്രുമാൻ അയാളുടെ തുടർന്നുള്ള പ്രവർത്തികൾ നിരീക്ഷണത്തിനു വിധേയമാക്കി.
അയാൾ മഷീന്റെ കേഷ്‌ ട്രേയിൽ നിന്നും കുറച്ച്‌ നോട്ടുകളെടുത്ത്‌ പേഴ്സിലിടുന്നത്‌ കണ്ട അന്ത്രുമാന്റെ കണ്ണുകൾ നടുങ്ങി.
അതാ അറബി സ്ത്രീ മറന്നതാകുമെന്നു അയാൾ ഉറപ്പിച്ചു. അപ്പോഴേക്കും ആ ഈജിപ്ഷ്യൻ കൂടുതൽ നടപടികൾക്ക്‌ മുതിരാതെ അവിടെ നിന്നും നീങ്ങിയിരുന്നു.
ഉടൻ അന്ത്രുമാനിലെ മലയാളിയുടെ അന്വേഷണ ത്വര ഉണരുകയും, ഒരു നിമിഷം വൈകാതെ അയാളെ പിന്തുടരുകയും ചെയ്തു.
മാളിനു പുറത്തിറങ്ങിയ അയാൾ ധ്രുതിപിടിച്ച്‌ പാർക്കിംഗ്‌ ഏറിയയിലേക്ക്‌ ചെന്ന് കാറിൽ കയറി പോകുന്നത്‌ നോക്കിനിന്ന അന്ത്രുമാൻ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു.
ആ സമയത്ത്‌, നാട്ടിലേക്ക്‌ കാശയക്കുക, ഓഫീസിൽ എത്തുക തുടങ്ങിയ വ്യർഥ ചിന്തകൾ അയാളെ അലട്ടിയതേയില്ല.
അന്ത്രുമാനിലെ ഡിറ്റക്ടീവ്‌ വീണ്ടും ഉണരുകയും, അയാൾ ആ സ്ത്രീയെ അന്വേഷിച്ച്‌ മാളിനകത്ത്‌ പരതിനടക്കുകയും ചെയ്തു.
ഒടുവിൽ ബെയ്ക്കറി സെക്ഷണടുത്ത്‌ വെച്ച്‌ അയാൾ അവരെ കണ്ടെത്തി.
ശൂ,ഫുലൂസ്‌, ലാ, ഫീ, മാഫീ തുടങ്ങി തനിക്കറിയാവുന്ന അറബി വാക്കുകളും ഇടയിൽ അൽപം മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ തുടങ്ങിയ ഭാഷകളും കലർത്തി അന്ത്രുമാൻ ആ സ്ത്രീയെ കാര്യം ബോധിപ്പിക്കാൻ ശ്രമിച്ചു.
ഒരു പത്തു മിനിറ്റു നേരത്തെ പരിശ്രമത്തിനു ശേഷം അവർക്ക്‌ അന്ത്രുമാന്റെ ഭാഷ മനസ്സിലായിത്തുടങ്ങി. പക്ഷെ ഏ ടീ എം മേഷീനിൽ കാശു മറന്നു വെച്ചെന്ന ആരോപണം അവർ ശക്തിയായി നിഷേധിച്ചു.
എന്നാൽ അന്ത്രുമാൻ വിടുമോ? എക്കൗണ്ടിലെ ബേലൻസ്‌ ചെക്ക്‌ ചെയ്യാൻ അവരെ അയാൾ നിർബന്ധിച്ചു. അവരത്‌ ആദ്യം എത്തിർത്തെങ്കിലും പിന്നീട്‌ അന്ത്രുമാന്റെ സ്നേഹപൂർണമായ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു.
എക്കൗണ്ട്‌ ബേലൻസ്‌ ചെക്കു ചെയ്ത അവരുടെ മുഖത്തെ ഞെട്ടൽ കണ്ട്‌ അന്ത്രുമാന്റെ മുഖം വികസിച്ചു. തന്റെ ഉള്ളിലെ ഷെർലക്‌ ഹോംസ്‌ പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു.
പിന്നീട്‌ എല്ലാം പെട്ടെന്നായിരുന്നു. ആ സ്ത്രീ പോലീസിനു ഫോൺ ചെയ്യുന്നു, പോലീസ്‌ എത്തുന്നു, തുടർന്ന് അന്ത്രുമാൻ പോലീസിന്റെ ബീ എം ഡബ്ല്യൂ കാറിലും, ആ സ്ത്രീ അവരുടെ കാറിലുമായി ഖിസയിസ്‌ പോലീസ്‌ സ്റ്റേഷനിലേക്ക്‌.
"അങ്ങനെ രാവിലെ മുതലിരിക്കുന്ന ഇരിപ്പായിത്‌"
അന്ത്രുമാൻ അതു പറഞ്ഞതും അവിടത്തെ ക്ലോക്കിലേക്ക്‌ നോക്കി. മണി നാലര.
"എന്നിട്ടാ സ്ത്രീ എവിടെ?"
"അവരപ്പതന്നെ പോയി"
"അപ്പോ അന്ത്രുമാൻ?"
"എനി മറ്റേ ആളെ കണ്ട്‌ പിടിച്ച്‌ തെളിവെടുപ്പ്‌ നടത്തീറ്റ്‌ മാത്രേ എന്നെ വിടൂംന്ന് തോന്ന്ന്നുള്ളൂ."
അപ്പോഴേക്കും എന്റെ നടപടിക്രമങ്ങൾ പൂർത്തിയായെന്ന് വിവരം ലഭിച്ചതിനെ തുടർന്ന്, അന്ത്രുമാന്റെ മുഖത്തെ ഭാവങ്ങൾ വായിച്ചെടുക്കാൻ മിനക്കെടാതെ ഞാൻ അയാളോട്‌ യാത്ര പറഞ്ഞിറങ്ങി.