Thursday, November 15, 2012

സംഗീതയുദ്ധം

1973 ഏപ്രിൽ 24ആം തീയ്യതി വൈകുന്നേരത്തോടെയാണ്‌ മാവിലായി ഹൈസ്ക്കൂളിലെ ചിത്രകലാധ്യാപിക ശ്രീകല ടീച്ചർക്ക് പ്രസവവേദന തുടങ്ങിയത്. അതേ സ്ക്കൂളിലെ സംഗീതാധ്യപകനും, ടീച്ചറുടെ ഭർത്താവുമായ കലാധരൻ മാസ്റ്റർ ആ ദിവസം എന്തോ സ്ക്കൂൾ ആവശ്യത്തിനായി തിരുവനന്തപുരത്ത് പോയിരിക്കുകയായിരുന്നു. അന്ന്‌ മേടമാസത്തിലെ പൂരാടം നക്ഷത്രവും, കറുത്തവാവും കൂടിയായായതിനാൽ കരിമ്പൂരാടത്തിലെ പ്രസവം നീട്ടിക്കിട്ടാനായി മാവിലായി ദൈവത്താർക്കും, പറശ്ശിനിക്കടവ് മുത്തപ്പനും പ്രാർത്ഥനകൾ നടന്നു. വയറ്റാട്ടി നാണിയെ ആളയച്ചു വരുത്തി. പ്രസവം ഉത്രാടത്തിലേക്ക് തള്ളിനീക്കാൻ നാണിക്കും അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. ദൈവത്താറിനെ മനസ്സിൽ ധ്യാനിച്ച് നാണിയും കച്ചകെട്ടി.

മാവിലായിൽ ഈ ഘോഷങ്ങളൊക്കെ നടക്കുമ്പോൾ അങ്ങ് ദൂരെ ബോംബെ നഗരത്തിൽ രജനി എന്ന സ്ത്രീക്കും പ്രസവവേദന തുടങ്ങിയിരുന്നു. അന്ന് ബോംബെയിലും കറുത്തവാവായതിനാൽ അവിടെയും പ്രാർത്ഥനകൾ നടന്നിരിക്കണം. എന്നാൽ ബോംബെ ദൈവങ്ങൾ കനിഞ്ഞില്ല. ഏപ്രിൽ 24ആം തീയ്യതി തന്നെ അവർ ഒരാൺകുഞ്ഞിനു ജന്മം നല്കി. അങ്ങനെ ഒരു കരിമ്പൂരാടത്തിൽ പിറവിയെടുത്ത സച്ചിൻ എന്ന ആ കുഞ്ഞിന്റെ പിന്നീടുള്ള ജീവിത കഥ നമ്മൾ ഇന്ത്യക്കാർക്ക് വളരെ പരിചിതമാകയാൽ നമുക്ക് മാവിലായിലേക്ക് തിരിച്ചുപോകാം.

രാത്രി മലബാർ എക്സ്പ്രെസ്സിൽ മാഷ് തിരിച്ചെത്തിയപ്പോളേക്കും, കരിമ്പൂരാടം, ഉത്രാടത്തിന്‌ വഴിമാറിയിരുന്നു. എല്ലാ മുഖങ്ങളിലും ആശ്വാസം പരന്നപ്പോൾ ടീച്ചർ മാത്രം ആശ്വസിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞു.
ഒടുവിൽ പുലർച്ചയോടെ ടീച്ചറിന്റെ മുഖത്തും ആശ്വാസം പരത്തിക്കൊണ്ട് ഒരാൺകുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി.

28ആം നാൾ കുഞ്ഞിന്റെ അരയിൽ സ്വർണ്ണനൂലുകെട്ടി കലാധരൻ മാസ്റ്റെർ ചെവിയിൽ ഒരു പേരു മന്ത്രിച്ചു.. ‘കലേഷ്’. പേരിന്റെ കാര്യത്തിൽ ടീച്ചറിനും, മാഷിനും യാതൊരഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. അച്ഛന്റെ സംഗീതത്തിലോ, അമ്മയുടെ ചിത്രകലയിലോ ഏതിലാണ്‌ അവൻ പ്രാവീണ്യം തെളിയിക്കാൻ പോകുന്നതെന്ന കാര്യത്തിൽ മാത്രമേ അവർക്ക് സംശയം ഉണ്ടായിരുന്നുള്ളൂ.

മൂന്നുവയസ്സായപ്പോളേക്കും ടീച്ചർ ചായപ്പെൻസിലുകൾ കൊണ്ട് ചിത്രരചനയുടെ ബാലപാഠങ്ങൾ മകന്‌ പകർന്നു നല്കി. മൂന്നാം ക്ലാസ്സുതൊട്ട് അവനെ കലാമേളകളിൽ പങ്കെടുപ്പിച്ചു.

നാലാംക്ലാസ്സിൽ പഠിക്കുമ്പോൾ പെരളശ്ശേരി ഹൈസ്ക്കൂളിൽ വെച്ചുനടന്ന ബാലകലാമേളയിൽ പങ്കെടുക്കുന കലേഷിനെ, ദിവസങ്ങളോളം ഇരുത്തി, വരാൻ സാധ്യതയുള്ള രണ്ടു മൂന്നു വിഷയങ്ങൾ ടീച്ചർ പഠിപ്പിച്ചു വിട്ടു. എന്നാൽ, തന്നെ പഠിപ്പിയ്ക്കാത്ത ‘ഉത്സവം’ എന്ന വിഷയം വന്നപ്പോൾ കലേഷ് അന്തം വിട്ടു. ഒരു വരപോലും വരക്കാനാവാതെ അവൻ മൽസരം പൂർത്തിയാക്കി. അതോടെ തന്റെ മകന്റെ ഭാവനെയെപ്പറ്റിയും, ചിത്രകലയിലെ അവന്റെ ഭാവിയെപ്പറ്റിയും ശരിക്കും മനസ്സിലാക്കിയ ടീച്ചർ കലേഷിന്റെ ചിത്രകലാപഠനം അവിടെ അവസാനിപ്പിച്ചു.

കലേഷ് പാട്ടിൽ താല്പര്യം പ്രകടിപ്പിച്ചു കാണുന്നത് ഹൈസ്ക്കൂളിൽ എത്തിയതിനു ശേഷമാണ്‌. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്ക്കൂൾ വാർഷികത്തിന്‌, യേശുദാസിന്റെ ചിൽഡ്രൺ സോങ്ങ്സ് എന്ന ആല്ബത്തിലെ, ‘പാത്തുപതുങ്ങി പമ്മിനടക്കും’ എന്ന ഗാനം പാടിക്കൊണ്ട് അവൻ അരങ്ങേറ്റം കുറിച്ചു. തുടർന്ന് സ്ക്കൂളിൽ നടക്കുന്ന ഏത് പരിപാടിക്കും കലേഷിന്റെ ‘പാത്തുപതുങ്ങി’ എന്ന പാട്ട് ഒരു അനിവാര്യ ഘടകമായതിനെ തുടർന്ന് അവൻ ‘പാത്തു’ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.

അപ്പോഴേക്കും മാഷും മകന്റെ പാട്ടിലെ താല്പ്പര്യം മനസ്സിലാക്കി തുടങ്ങിയിരുന്നു. അങ്ങനെ തലശ്ശേരിയിലെ സംഗീത വിദ്യാലയത്തിൽ കലേഷിനെ കർണാടക സംഗീതം പഠിക്കാനായി ചേർത്തു. ഞായറാഴ്ച്ച മാത്രമാണ്‌ ക്ളാസ്സ്. കലേഷ് എല്ലാ ഞായറാഴ്ച്ചകളിലും ക്ര്യത്യമായി പതിനൊന്ന് മണിക്കുള്ള ‘നിജിൽ’ ബസ്സിൽ കയറി തലശ്ശേരിയിലെത്തുകയും, ചിത്രവാണി ടാക്കീസിലെ നൂൺഷോ കണ്ട് മൂന്നുമണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തുപോന്നു.

കലേഷ് തന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് റിസൾട്ടും കാത്ത് വീട്ടിലിരിക്കുന്ന സമയത്താണ്‌, കൊച്ചി ആകാശവാണിയിലേക്ക് പാർട്ട് ടൈം ആർട്ടിസ്റ്റിനെ ആവശ്യമുണ്ടെന്നു പറഞ്ഞുള്ള പരസ്യം വരുന്നത്. മകനുവേണ്ടി ഒന്നു ശ്രമിക്കാമെന്നു കരുതിയ മാഷ് അപേക്ഷ അയക്കുകയും, ഇന്റെർവ്യൂവിനുള്ള ക്ഷണം ലഭിക്കുകയും ചെയ്തു. ജോലി കിട്ടുകയാണെങ്കിൽ അവന്റെ പഠിപ്പും ഏർണാകുളത്തു തുടരാമെന്നൊക്കെ മനസ്സിൽ കണക്കുകൂട്ടി മാഷ് മകനുമൊന്നിച്ച് വണ്ടി കയറി.

ഏർണാകുളം നോർത്ത് സ്റ്റേഷനിൽ ഇറങ്ങി, ബാനെർജി റോഡിലെ മാതാ ലോഡ്ജിൽ മുറിയെടുത്ത അവർ പിറ്റേന്ന് രാവിലെ കാക്കനാട്ടെ റേഡിയൊ നിലയത്തിലെത്തി.

ഇന്റെർവ്യൂ ചെയ്യുന്നത് പ്രശസ്ത കവിയുടെ പുത്രനും ഗായകനുമായ ആൾ. അദ്ദേഹം കലേഷിനോട് ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഒരു സെമി ക്ളാസ്സിക്കൽ തന്നെ ഇരിക്കട്ടെയെന്നു കരുതി, കലേഷ് ‘സംഗീതമേ’ എന്ന ഗാനം പാടി. പാട്ടു തീരുന്നതുവരെ കവിപുത്രൻ താളം പിടിക്കുകയും, തലയാട്ടുകയും ചെയ്തുകൊണ്ടിരുന്നു. അതുകണ്ട് കലേഷിന്‌ ഒരുൾപുളകം തന്നെയുണ്ടായി.

പാട്ടു തീർന്നതും, കലേഷിന്റെ തോളിൽ തട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞൂ,

“കലേഷ്, മോൻ പോയി പാട്ട് പഠിച്ചു വരൂ..”

കലേഷിന്‌ തലക്കൊരടി കിട്ടിയതുപോലെ തോന്നി. അവൻ അച്ഛന്റെ ചോദ്യങ്ങൾക്കൊന്നും ക്ര്യത്യമായി മറുപടി പറയാതെ അവിടെനിന്നും ഇറങ്ങി.

ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. കലേഷ് ഇന്ന് കോഴിക്കോട് ഒരു ബാങ്കുദ്യോഗസ്ഥനായി ജോലിചെയ്യുന്നു. അവിടെ ഒരു ഫ്ളാറ്റിൽ, ഭാര്യക്കും, എൽ കേ ജിയിൽ പഠിക്കുന്ന മകൾക്കുമൊപ്പം താമസിക്കുന്നു. ഇപ്പോൾ അവിടെ നാട്ടിൽ നിന്നും കലേഷിന്റെ അച്ഛനുമമ്മയും വന്നിട്ടുണ്ട്.
ഒരു ദിവസം വൈകുന്നേരം, കലേഷിന്റെ ഭാര്യയും, അമ്മയും, മകളും സ്വീകരണമുറിയിൽ ടീവി കണ്ടുകൊണ്ടിരിക്കുന്നു. മാഷ് ബാല്ക്കണിയിൽ ഒരു വീക്കിലിയും വായിച്ച് ഇടയ്ക്കിടെ ടീവിയും കാണുന്നു. ആ സമയത്താണ്‌ കലേഷിന്റെ വരവ്‌. മുറിയിലേക്ക് കയറിവന്നതും കലേഷിന്റെ ഭാവം മാറി. അയാൾ ഭാര്യയോട് ഒച്ചവെച്ചു. മകളോട് പോയി ഹോംവർക്ക് ചെയ്യൻ ആക്രോശിച്ചു. തുടർന്ന് ഓടിച്ചെന്ന് ടീവിയുടെ പ്ളഗ് വലിച്ചൂരി. എന്നിട്ടും ദേഷ്യം തീരാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ബെഡ് റൂമിലേക്ക് പോയി. എല്ലാവരും കലേഷിന്റെ പെരുമാറ്റത്തിൽ അന്തം വിട്ടു നിന്നു. ഭാര്യ ഇതുവരെ ഭർത്താവിനെ ഇത്ര ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. പൊതുവെ സൌമ്യനായ മകന്റെ പെരുമാറ്റത്തിൽ ടീച്ചറും അസ്വസ്ഥയായി.

മാഷ് അപ്പോൾ സംഭവം ഒന്നു കൂടി റീവൈന്റ് ചെയ്തു നോക്കി. കലേഷ് മുറിയിലേക്ക് കടന്നുവരുമ്പോൾ ടീവിയിൽ ഒരു സംഗീത പരിപാടി നടക്കുകയായിരുന്നു.

അതെ.. അപ്പോൾ പാടിക്കൊണ്ടിരുന്നത് അദ്ദേഹമായിരുന്നു. പണ്ടത്തെ, കവിപുത്രനായ ആ ഗായകൻ.

മാഷ് കസേരയിൽ വീണ്ടും ചാഞ്ഞിരുന്നു.

Saturday, November 10, 2012

ഉദരനിമിത്തം...

പത്തുവർഷത്തെ ഗൾഫ് ജീവിതം അന്ത്രുമാന്റെ ശരീരത്തിൽ ദുർമേദസ്സ് വർദ്ധിപ്പിച്ചിരിക്കുന്നു. ബർദുബായി മെട്രോ സ്റ്റേഷനിൽ നിന്നും ഇറങ്ങി പെഡസ്ട്രിയൻ ക്രോസ്സിങ്ങിൽ സിഗ്നൽ കാത്തു നില്ക്കുമ്പോൾ, മൂന്നിഞ്ച് പുറത്തേക്ക് തള്ളിനില്ക്കുന്ന തന്റെ കുടവയറിനെ കുറിച്ചോർത്ത് അയാൾ വ്യാകുലപ്പെട്ടു. അന്ത്രുമാന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം തൊട്ടടുത്തു നിന്നിരുന്ന, പാക്കിസ്ഥാനിയാണെന്നു തോന്നിക്കുന്നയാൾ, ചോദിച്ചൂ.
“കുടവയറുണ്ടല്ലേ?”

അന്ത്രുമാൻ അയാളെ നോക്കി ഒന്നു മൂളി(ചൂളി).

അപ്പോഴേക്കും സിഗ്നലിൽ പച്ച നിറത്തിലുള്ള ആൾ രൂപം തെളിഞ്ഞതിനാൽ അവർ റോഡ് മുറിച്ച് കടക്കാൻ തുടങ്ങി.

“എനിക്ക് ഇതിന്റെ ഇരട്ടിയുണ്ടായിരുന്നൂ വയർ.”

അന്ത്രുമാന്റെ ഒപ്പം നടന്നുകൊണ്ട് അയാൾ പറഞ്ഞു തുടങ്ങി.

ഒട്ടി നില്ക്കുന്ന അയാളുടെ വയറിലും, അതിനു ശേഷം മുഖത്തും നോക്കി അന്ത്രുമാൻ അത്ഭുതപ്പെട്ടു.

“സുഹ്രുത്താണ്‌ ഒരു മരുന്ന്‌ നല്കിയത്. ഒരു മാസമേ കഴിച്ചുള്ളൂ. വയറു പകുതിയായി.”

“ഏതാണാ മരുന്ന്‌?” അന്ത്രുമാന്റെ ആകാംക്ഷ ഇരട്ടിച്ചു.

“ഒരു തരം പൊടിയാണ്‌, ഇറാനിൽ നിന്നും വരുന്നത്‌. അത് ച്യവനപ്രാശത്തിൽ ചേർത്ത് ദിവസവും കഴിക്കണം.”

“അപ്പൊ വ്യായാമമൊന്നും ചെയ്യണ്ടേ?”

“വേണ്ട. ഇതു കഴിച്ചാൽ മാത്രം മതി. പക്ഷേ ഒരു നിബന്ധനയുണ്ട്. പുറത്ത് വെയിലു കൊള്ളാൻ പാടില്ല.”

അന്ത്രുമാന്റെ മുഖം അല്പം മങ്ങി.

മുഴുവൻ സമയവും പുറത്ത് ജോലി ചെയ്യുന്ന തനിക്ക് ഇതെങ്ങനെ സാധിക്കുമെന്ന് ചിന്തിക്കേ പരിഹാരവും അയാളുടെ മുഖത്തു നിന്നു തന്നെ കേട്ടു.

“ആ ഒരു മാസം ഞാൻ കൈയ്യിലൊരു കുട കരുതി”

“ഈ മരുന്ന് എനിക്കും കിട്ടാൻ വഴിയുണ്ടോ?” അന്ത്രുമാൻ ആരാഞ്ഞു.

“ആ സുഹ്രുത്തിന്റെ നമ്പർ എന്റെ കൈയ്യിലുണ്ട്. ഒന്നു വിളിച്ചു നോക്കട്ടെ.”

അതും പറഞ്ഞ് അയാൾ തന്റെ മൊബൈലിൽ വിളിച്ച് സംസാരിച്ചു തുടങ്ങി.

രണ്ടു മിനിറ്റു നേരത്തെ സംഭാഷണത്തിനു ശേഷം ചിരിച്ചുകൊണ്ട് അന്ത്രുമാന്‌ ഒരു ഷെയ്ക് ഹാന്റ് നല്കികൊണ്ട് അയാൾ പറഞ്ഞു.

“നിങ്ങളുടെ ഭാഗ്യം. സുഹ്രുത്ത് ഇതിനടുത്ത് തന്നെയുണ്ട്. അഞ്ചു മിനിറ്റിനുള്ളിൽ മരുന്നുമായി അയാളിവിടെ എത്തും.‘

”എന്തു വില വരും? “

അയാളുടെ സുഹ്രുത്തിനെയും കാത്ത് ബസ്സ് സ്റ്റാന്റിൽ നില്ക്കുമ്പോൾ അന്ത്രുമാൻ ചോദിച്ചു.”

“എനിക്ക് 250 ദിർഹംസിനാണ്‌ തന്നത്. ഇപ്പോളെത്രയാണെന്നറിയില്ല.”

വില കേട്ട് അന്ത്രുമാൻ ഒന്നു ഞെട്ടിയെങ്കിലും, തലേദിവസം കിട്ടിയ ശമ്പളത്തിന്റെ ധൈര്യത്തിൽ അയാൾ മരുന്നിനായി കാത്തു നിന്നു.

അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അയാളുടെ സുഹ്രുത്തെത്തി,

ഒരു ചെറിയ ബോട്ടിലിൽ മരുന്ന് അന്ത്രുമാനു നല്കി. അല്പനേരത്തെ വിലപേശലിനു ശേഷം 200 ദിർഹംസിനു കച്ചവടം ഉറപ്പിച്ചു.

കുടവയർ കുറയുകയാണെങ്കിൽ തനിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഓർമിപ്പിച്ച് അയാൾ സുഹ്രുത്തിനൊപ്പം അന്ത്രുമാനോട് യാത്ര പറഞ്ഞു.

അടുത്ത ദിവസം മുതൽ അന്ത്രുമാൻ മരുന്നു സേവിച്ചു തുടങ്ങി. വെയിലു കൊള്ളരുതെന്ന നിബന്ധന അയാളെ കുറച്ചൊന്നുമല്ലാ കുഴക്കിയത്. കുടയുമായി ജോലി സ്ഥലത്തെത്തിയ അന്ത്രുമാനോട് പലരും കാരണം അന്വേഷിച്ചെങ്കിലും, അയാൾ യഥാർഥ കാരണം പുറത്തു വിട്ടില്ല.

അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞു. ആറാം ദിവസം അന്ത്രുമാൻ കുടയെടുക്കാൻ മറന്നു. അന്നയാൾ ആകെ വിഷമിച്ചു, പുറം ജോലികളൊന്നുമില്ലാതിരിക്കാൻ അയാൾ പ്രാർത്ഥിച്ചു.

ഉച്ച വരെ പ്രശ്നങ്ങളൊന്നുമില്ലാതെ തള്ളി നീങ്ങി. ഉച്ചക്കുശേഷം, ബോസ് അയാളോട് ദേരയിൽ പോയി ഒരു ഡോക്യുമെന്റ് വാങ്ങി വരാൻ ആവശ്യപ്പെട്ടപ്പോൾ അന്ത്രുമാന്റെ നെഞ്ചൊന്ന് കാളി. വെയിലുകൊള്ളാതെ മെട്രോ സ്റ്റേഷൻ വരെ എത്താൻ ഒരു വഴിയുമില്ല. രണ്ടു മിനിറ്റ് ചിന്തിച്ചു നിന്ന ശേഷം അയാൾ ഇറങ്ങി നടന്നു. മരുന്നിന്റെ ഫലം ഇല്ലാതായതിന്റെയും, 200 ദിർഹംസ് നഷ്ടമായതിന്റെയും വേദനയോടെ.

വൈകിട്ട് റൂമിൽ തിരിച്ചെത്തിയ അന്ത്രുമാൻ നേരെ കട്ടിലിൽ കയറിക്കിടന്ന് സുഹ്രുത്ത് വാങ്ങിവെച്ച ‘ഗൾഫ് മാധ്യമം’ പത്രം നിവർത്തി. അതിലെ ഉൾപേജ് വാർത്ത കണ്ട് അയാൾക്കുണ്ടായ വികാരം, സങ്കടമാണോ, ദേഷ്യമാണോ, ആശ്വാസമാണോയെന്ന്‌ അന്ത്രുമാന്‌ തന്നെ മനസ്സിലായില്ല.

ആ വാർത്ത ഇങ്ങനെയായിരുന്നു...

“കുടവയറിന്‌ വ്യാജമരുന്നു നല്കി ജനങ്ങളെ പറ്റിക്കുന്ന തട്ടിപ്പു സംഘം നഗരത്തിൽ വ്യാപകമാകുന്നു.“