രണ്ടുവർഷത്തിനു ശേഷം അന്ത്രുമാൻ ആദ്യത്തെ ലീവിൽ നാട്ടിലേക്ക് പുറപ്പെട്ടു. കൂടെ ശശിയും. വിമാനം കരിപ്പൂരിൽ ലാന്റു ചെയ്യുമ്പോൾ താഴെ കാറ്റിലിളകിയാടുന്ന തെങ്ങോലത്തലപ്പുകളുടെ നിര കണ്ട് അന്ത്രുമാന്റെ മനസ്സ് കോൾമയിർ കൊണ്ടു. "തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി.." എന്ന ഗാനം രണ്ടുമൂന്നു തവണ തികട്ടിവന്നു.
എമിഗ്രേഷൻ കൗണ്ടറിലെ നീണ്ട ക്യൂവും താണ്ടി, ബേഗേജും കളക്റ്റ് ചെയ്ത് കസ്റ്റംസിലെത്തി.
"കൈയ്യിലു സ്വർണമുണ്ടോ?" അന്ത്രുമാനോടായി ഉദ്യോഗസ്ത്ഥന്റെ ചോദ്യം.
"എന്റട്ത്തൊന്നൂല്ലേ. എനി ശശിന്റെട്ത്ത് എന്തെങ്കിലും ഇണ്ടോളീ.." പിറകിലുള്ള ശശിയെ തിരിഞ്ഞുനോക്കിക്കോണ്ട് അന്ത്രുമാന്റെ മറുപടി.
(അന്ത്രുമാന്റെ ഈ ഡയലോഗ് മുമ്പ് സൂചിപ്പിച്ചതാണെങ്കിലും ഇവിടെ സന്ദർഭവശാൽ ഉപയോഗിക്കുന്നു.)
ശശിയുടെ ശിഷ്യൻ രമേശൻ ജീപ്പുമായി പുറത്ത് കാത്തുനിന്നിരുന്നു. പെട്ടികളും ബേഗുകളും ജീപ്പിലെടുത്തുവെച്ച കയറ്റിറക്കുതൊഴിലാളികൾ കൂലിയായി ഒരു നൂറുരൂപയെങ്കിലും ചോദിക്കുമെന്ന അന്ത്രുമാന്റെ പ്രതീക്ഷയെ തകിടം മറിച്ചുകൊണ്ട്, പത്തു ദിർഹം മാത്രം ചോദിച്ചു.
ശശിയെ വീട്ടിലിറക്കി ജീപ്പ് അന്ത്രുമാന്റെ ഗെയിറ്റ് കടന്നു. ഉമ്മ സന്തോഷാശ്രുക്കളോടെ എതിരേറ്റു.
"അല്ലന്ത്രുമാനേ ഞ്ഞി തടിയൊന്നും വെച്ചിക്കില്ലാലോ. പോയ പൊലത്തന്നെയ്ണ്ട്."
ഉമ്മ പരിഭവം ഭാവിച്ചു.
"ഞാനെന്താ ഉമ്മാ ആട തടി നന്നാക്കാൻ പോയതാ?"
വന്നു കയറിയ പാടെയുള്ള ഉമ്മയുടെ വർത്താനം കേട്ട് അന്ത്രുമാനു ചൊറിഞ്ഞുവന്നു.
കുളി കഴിഞ്ഞു വന്നതും ഉമ്മ നെയ്ച്ചോറും കോഴിക്കറിയും വിളമ്പി.
ഊണിനു മീനില്ലെന്നു കണ്ട അന്ത്രുമാൻ വീണ്ടും ഉമ്മയോടു പരിഭവിച്ചു.
അങ്ങനെ പരാതിയും പരിഭവങ്ങളുമായി ആ ഉമ്മയും മോനും രണ്ടു വർഷത്തിനു ശേഷം ഒന്നിച്ചിരുന്നുണ്ടു.
ഊണു കഴിഞ്ഞ്, നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കാൻ അന്ത്രുമാൻ പുറത്തിറങ്ങി നടന്നു.
വഴിയിൽ കണ്ട ചിലർ അന്ത്രുമാന്റെ ആരോഗ്യത്തെപ്പറ്റി ഉമ്മയുടെ അതേ അഭിപ്രായം തന്നെ പ്രകടിപ്പിച്ചപ്പോൽ അയാൾ നീരസം ഉള്ളിലൊതുക്കി ചിരിച്ചു കാണിച്ചു.
പഴയ സുഹൃത്തുക്കളെയൊന്നും അന്ത്രുമാനു കാണാൻ കഴിഞ്ഞില്ല. ബസ് ഷെൽട്ടറിലും ചായക്കടയിലും കണ്ട ചെറുപ്പക്കാരിലും പരിചിത മുഖങ്ങൾ കണ്ടില്ല. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ അന്ത്രുമാനു ഒരൊറ്റപ്പെടൽ ഫീലു ചെയ്തു.
നാട്ടിലെത്തിയിട്ടു വേണം ഉച്ചവരെ കിടന്നുറങ്ങാണെന്നു മനസ്സിലുറപ്പിച്ചു ദുബായിൽ നിന്നും പുറപ്പെട്ട അന്ത്രുമാൻ പിറ്റേ ദിവസം രാവിലെ ആറു മണിക്കുതന്നെ എഴുന്നേറ്റു. കുറച്ചുനേരം എന്തുചെയ്യണമെന്നറിയാതെ മുറ്റത്തുകൂടെ നടന്നു. ഒടുവിൽ കുളിയും കഴിഞ്ഞ് ഉമ്മയുണ്ടാക്കിത്തന്ന പത്തിരിയും കഴിച്ച് പുറത്തിറങ്ങാനൊരുങ്ങി. ആദ്യമായി ടൗണിൽ പോകുമ്പോൾ ധരിക്കണമെന്ന് കരുതി നയിഫ് സൂഖിൽ നിന്നും വാങ്ങിയ തിളങ്ങുന്ന ഷർട്ട് ഒരു ചമ്മലോടെ എടുത്തണിഞ്ഞു. പെട്ടിയിൽ നിന്നും കൂളിംഗ് ഗ്ലാസ്സെടുത്ത് മുഖത്ത് വെച്ച് നോക്കിയ ശേഷം പോക്കറ്റിൽ വെച്ചു.
ശശിയുടെ വീട്ടിലെത്തിയപ്പോൾ അയാൾ കുടുംബസമേതം, വീടും പൂട്ടി പറശ്ശിനിക്കടവ് മുത്തപ്പനെ സന്ദർശിക്കാൻ പോയിരിക്കുന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കവേ ഇന്നലെ വഴിയിൽ ലോഗ്യം പറഞ്ഞ ചിലർ എതിരെ വന്നു..
"അന്ത്രുമാനേ ഞ്ഞി എപ്പളാ തിരിച്ച് പോകുന്നത്?" ഇന്നലെ തന്നെ ചോദിക്കുന്നത് ശരിയല്ലെന്നു കരുതി അവർ മനസ്സിലടക്കിപ്പിടിച്ച ചോദ്യം പുറത്തു ചാടി
അന്ത്രുമാൻ ബസ് സ്റ്റോപ്പിൽ വന്നു നിന്ന ടൗണിലേക്കുള്ള ബസ്സിൽ ചാടിക്കയറി രക്ഷപ്പെട്ടു.
ടൗണിനു പ്രത്യേകിച്ചു മാറ്റമൊന്നും വന്നിട്ടില്ല. അതേ ഇടുങ്ങിയ റോഡുകളും, തിരക്കും. ആദ്യമായി ടൗണിലിറങ്ങുമ്പോൾ ഭാവിക്കണമെന്നു കരുത്തിയ ചേഷ്ടകൾ അന്ത്രുമാൻ മറന്നുപോയി.
എങ്ങോട്ട് പോകണം. കടപ്പുറത്തോ, പാർക്കിലോ, സ്റ്റേഡിയയത്തിലോ... അയാൾ കൺഫ്യുൂഷനിലായി. അപ്പോളാണു മീൻ വാങ്ങാൻ ഉമ്മ ഏൽപ്പിച്ച കാര്യം അന്ത്രുമാൻ ഓർത്തതും, അങ്ങനെ മത്സ്യമാർക്കറ്റിലേക്ക് വെച്ചുപിടിച്ചതും. മാർക്കെറ്റിലെ തിരക്കിനകത്തേക്ക് കയറുമ്പോൾ അയാൾ കൂളിംഗ് ഗ്ലാസ്സെടുത്ത് മുഖത്ത് ഫിറ്റ് ചെയ്തു.
ഇരുവശങ്ങളിലും നിരത്തി വച്ചിരിക്കുന്ന മത്സ്യകൂമ്പാരത്തിനിടയിലൂടെ അന്ത്രുമാൻ നടന്നു.
അയല, മത്തി, നത്തോലി തുടങ്ങിയ ചെറുമീനുകളെ നോക്കാൻ തന്നെ അയാൾക്ക് ജാള്യത തോന്നി. പണ്ട് ഗൾഫിൽ നിന്നും വന്ന നാസർ ഹാജിയോടൊപ്പം ഇവിടെ വന്നത് അന്ത്രുമാൻ ഓർത്തു. അന്ന് ഹാജി നേരെ പോയി ഒരു വലിയ നെയ് മീൻ പറഞ്ഞ വില കൊട്ത്ത് വാങ്ങിയതു കണ്ട് അന്ത്രുമാൻ മിഴിച്ചു നിന്നിട്ടുണ്ട്. അതുപോലൊന്നിനായി അയാളുടെ കണ്ണുകൾ പരതി.
അങ്ങനെ അന്ത്രുമാൻ അതു കണ്ടെത്തി അയാൾക്കു വേണ്ടിയെന്ന പോലെ ഒരു അയക്കൂറ (നെയ്മീൻ തന്നെ) നീണ്ടു നിവർന്ന് കിടക്കുന്നു. അയാൾ അടുത്ത് ചെന്ന് സാകൂതം നോക്കി.
"പുതിയതാ സാറേ.. വാങ്ങിക്കോളീ..."
ആദ്യമായാണു അന്ത്രുമാനെ ഒരാൾ സാറെന്ന് വിളിക്കുന്നത്. ആ ചൂടിലും അയാൾക്ക് കുളിരുകോരി. കൂളിംഗ് ഗ്ലാസ് കൈകൊണ്ടമർത്തി ഒന്നു കൂടി ഉറപ്പിച്ചു.
"ഇങ്ങളിതിന്റെ ചെകിള കണ്ടാ.. നല്ല ചൊക..ചൊകാന്ന്.."
"അത്പോലെ ഈ കണ്ണു കണ്ടാ.. പൊറത്തേക്ക് തള്ളീറ്റ്.. പഴേതാനെങ്കിൽ അകത്തേക്ക് കുയിഞ്ഞിരിക്കും"
അയാൾ അന്ത്രുമാനു ഡമോൺസ്ട്രേറ്റ് ചെയ്തു കാണിച്ചു.
അന്ത്രുമാന്റെ ആശങ്ക അതിന്റെ വിലയെകുറിച്ചായിരുന്നു. പക്ഷെ എങ്ങനെ ചോദിക്കും. ഗൾഫ്കാരനായിപ്പോയില്ലേ?.
രണ്ട് കൊല്ലം മുമ്പ് 200 രൂപയായിരുന്നു വില. ഇപ്പോൾ കൂടിയാലൊരു 300 ആയിക്കാണും. തൂക്കം ഒരഞ്ചാറു കിലോ കാണും. അന്ത്രുമാൻ മനസ്സിലൊരു ഏകദേശ വില കണക്കു കൂട്ടി തീരുമാനിച്ച് ഓർഡർ കൊടുത്തു.
"എട്ത്തോളീ.."
ആ മീൻ തുലാസ്സിൽ ആറര കിലോ തൂങ്ങിയപ്പോൾ അന്ത്രുമാൻ ബേജാറായി.
"ഇങ്ങളു ആറു കിലോന്റെ പൈസ തന്നാ മതി."
അപ്പോളും വില അയാൾ പറഞ്ഞില്ല.. അന്ത്രുമാനാണെങ്കിൽ കൊന്നാലും ചോദിക്കില്ലെന്ന മട്ടിൽ നിന്നു.
ഒടുവിൽ മത്സ്യം നാലു കഷണങ്ങളാക്കി മുറിച്ച് സഞ്ചിയിലാക്കി അന്ത്രുമാനു നേരെ നീട്ടി അയാൾ പറഞ്ഞൂ..
"കിലോനു 400 ആണു വെല.. ഇങ്ങളു 350 വെച്ച് തന്നാ മതി. ഒരു 2100 എട്ത്തോളീ.."
പോക്കറ്റിലിട്ട അന്ത്രുമാന്റെ കൈ, 2000 രൂപ മാത്രമുള്ള പേഴ്സിലുടക്കിനിന്നുവിറച്ചു. അയാളുടെ കണ്ണുകൾ ആ നെയ്മീനിന്റേതുപോലെ പുറത്തേക്ക് തള്ളി.
Tuesday, November 24, 2009
Friday, November 20, 2009
ചിപ്പുവിന്റെ പഠനം
ചിപ്പുവിന്റെ പ്രീ സ്കൂൾ പഠനം ഇപ്പോൾ പുതിയ മാനങ്ങൾ തേടിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അവൾ കാലുകൾ അകത്തിവെച്ച് തല നിലത്ത് മുട്ടിച്ചുകൊണ്ട് ചോദിച്ചൂ.
Subscribe to:
Posts (Atom)
അറബിക്
അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...
-
അദ്ധ്യാപകർക്ക് ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ...
-
അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്, ശശിയുടെ കൂടെ. അതിനിടെ ശശിക്ക് ഒരപകടം സംഭവിക്കുകയും, രണ്ട് ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരിക...
-
രണ്ടു ദിവസം മുമ്പ് ഒരു ആക്സിഡെന്റ് കേസുമായി ബന്ധപ്പെട്ട് ഖിസയിസ് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, അകത്തേ മുറിയിൽ ഒരു പോലീസുദ്യോഗസ്ഥന്റെ മു...