Thursday, November 24, 2011

അന്ത്രുമാൻ ഇൻ ജയിൽ ഓൺ നാഷണൽ ഡേ

രണ്ട് വർഷം മുമ്പത്തെ യു. എ. ഇ. ദേശീയദിനത്തിന്റെ തലേദിവസം. വഴികളിലെങ്ങും രാജ്യത്തിന്റെ പതാകകളും, ദേശീയനേതാക്കളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചുകൊണ്ടുള്ള വാഹനങ്ങൾ. അതിനിടയിൽ മുമ്പിൽ രാജ്യത്തിന്റെ പതാകയും, പിറകിൽ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളുമായി അന്ത്രുമാന്റെ 2005 മോഡൽ ടൊയോട്ട കൊറോളയും. അഞ്ചു വർഷങ്ങളായി തന്നെയും കുടുംബത്തെയും പോറ്റുന്ന രാജ്യത്തോടുള്ള സ്നേഹം ഇങ്ങനെയെങ്കിലും കാണിക്കാൻ അയാൾ തീരുമാനിച്ചു.

രാത്രി ജോലി കഴിഞ്ഞ് അന്ത്രുമാൻ താൻ താമസിക്കുന്ന വില്ലക്ക് പുറത്തായി കാർ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയി. അടുത്ത ദിവസം അവധിയായതിനാൽ പാതിരവരെ കൂട്ടുകാരോടൊത്ത് സൊറ പറഞ്ഞിരുന്നതിനുശേഷമാണ്‌ അയാൾ ഉറങ്ങാൻ കിടന്നത്‌.

രാവിലെ മൊബൈലിന്റെ തുടർച്ചയായ റിങ്ങ് കേട്ട്‌ അന്ത്രുമാൻ ഞെട്ടിയുണർന്നു. വിളിക്കുന്നയാളെ തെറി പറഞ്ഞുകൊണ്ട് അയാൾ ഫോണെടുത്തു. അപ്പുറത്ത് അറബി കലർന്ന ഉറുദുവിലുള്ള ശബ്ദത്തിൽ അന്ത്രുമാനോട് വീടിന്‌ പുറത്തേക്ക് വരാനുള്ള നിർദ്ദേശം. അല്പം ബേജാറോടെ പുറത്തിറങ്ങിയ അയാളെയും കാത്ത് ഒരു പൊലീസുകാരൻ. അന്ത്രുമാനെയും കൂട്ടി അയാൾ അന്ത്രുമാന്റെ കാറിന്റെ അടുത്തേക്ക് നടന്നു. കാറിന്റെ പിറകിലെത്തിയതും അന്ത്രുമാന്‌ കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. പിറകിൽ ഒട്ടിച്ചുവച്ചിരിക്കുന്ന രാഷ്ട്രനേതാക്കളുടെ ചിത്രങ്ങൾ ആരോ വികൃതമാക്കിയിരിക്കുന്നു. ഈ കാറിന്റെ ഉടമസ്ഥൻ താനല്ലേയെന്ന ചോദ്യത്തിന്‌ മറുപടി പറയാൻ അയാൾക്ക് വാക്കുകൾ പുറത്തു വന്നില്ല. അങ്ങനെ നിന്നപ്പോൾ അന്ത്രുമാന്‌ കയ്യിൽ ഒരു തണുപ്പനുഭവപ്പെട്ടു. പോലീസുകാരൻ അയാളുടെ കൈകൾ രണ്ടും ചേർത്ത് ആമം വെക്കുന്നു.

ഇപ്പോൾ യു. എ. ഇ യിൽ ദേശീയദിനാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അന്ത്രുമാന്റെ മനസ്സിൽ നടുക്കുന്ന ഓർമ്മകളാണ്‌.

കോടിക്കണക്കിന്‌ അന്ത്രുമാന്മാർക്ക് പോറ്റമ്മയായ യു. എ. ഇ. ഡിസംബർ രണ്ടാം തീയ്യതി നാല്പതാം ദേശീയ ദിനം ആഘോഷിക്കുന്നു. ഭാവുകങ്ങൾ...

Tuesday, May 31, 2011

മാവിലായി മാഹാത്മ്യം

കാവുന്താഴ സ്ക്കൂളില്‍ നിന്നും വീട്ടിലേക്കുള്ള വഴിയില്‍ സജീവനുമുണ്ടാകും. തോട്ടൂവക്കത്തൂടെ നടക്കുമ്പോള്‍ എതിരെ മരക്കൂട്ടത്തിലെ പുയ്യാപ്ള വരുന്നത്‌ കണ്ടാല്‍ സജീവന്‍ തെങ്ങിനു പിന്നില്‍ ഒതുങ്ങി നില്‍ക്കും. അടുത്തെത്തിയാല്‍ മടിച്ച്‌ മടിച്ച്‌ ഒരു ചോദ്യമാണ്‌.
"ഇങ്ങള പല്ലൊന്ന്‌ കാണിച്ചാട്ടെ?"
അതുകേട്ട്‌ മാപ്പിള പല്ലു മുഴുവന്‍ പുറത്തുകാട്ടി ചിരിക്കും. അപ്പോള്‍ അയാളുടെ മുന്‍ വരിയിലെ സ്വര്‍ണം കെട്ടിയ രണ്ട്‌ പല്ലുകള്‍ മിന്നിത്തിളങ്ങും. അതു കണ്ട്‌ ഞങ്ങള്‍ നിര്‍വൃതി കൊള്ളൂം.
(ഈ കഥ ഇപ്പോള്‍ ചിപ്പുവിണ്റ്റെ ഫേവററ്റാണ്‌. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള്‍ പറയും.

"അച്ഛാ ആ മേപ്പിളിണ്റ്റെ കഥ പറ...".
സജീവണ്റ്റെ ഡയലോഗ്‌ വരുമ്പോള്‍ അവള്‍ പൊട്ടിച്ചിരിക്കാന്‍ തയ്യാറെടുക്കും. )

മാവിലായിയുടെ മണം ചിലപ്പോള്‍ കാവിലെ ചന്ദനത്തിണ്റ്റെയും, പുറത്ത്‌ നിറഞ്ഞുനില്‍ക്കുന്ന അലസിപ്പൂക്കളുടെയും, നിറമാലയുള്ള ദിവസം വലിയ ശരീരമുള്ള അപ്പനായര്‍ വിളമ്പുന്ന ചെറിയ ഉണ്ണിയപ്പത്തിണ്റ്റെയും മണമാണ്‌. അന്നത്തെ ദിവസത്തെ ചടങ്ങുകള്‍ തീരുന്നതുവരെ ഉറങ്ങാതെ ബോറടിച്ചിരിക്കാറുള്ളത്‌ ഈ മണവും രുചിയും ആസ്വദിക്കാന്‍ വേണ്ടി മാത്രം. രാത്രിയില്‍ കാവിണ്റ്റെ അന്‍പത്തിമൂന്ന്‌ പടികള്‍ എണ്ണിക്കൊണ്ടിറങ്ങും. ഉത്സവത്തിണ്റ്റെ നാലാം നാള്‍ ദൈവത്താര്‍ കൈക്കോന്‍മാരോടൊന്നിച്ച്‌ കാവിലേക്ക്‌ ഓടിക്കയറുന്ന പടികളാണത്‌. കാവിലെത്തി ദൈവത്താര്‍ മുടി അഴിച്ചിട്ട്‌ വേണം കൈക്കൊന്‍മാര്‍ക്ക്‌ നിലാഞ്ചിറ വയലില്‍ അടിക്കാന്‍ പോകാന്‍.

കാവില്‍ നിന്നും രാത്രിയില്‍ അമ്മയോ, മാമനോ, മറ്റാരോ വീശുന്ന ചൂട്ടിനെ പിന്തുടര്‍ന്ന്‌ തോട്ടുവക്കത്തൂടെ വീട്ടിലേക്ക്‌. നിടുവോട്ടെ പറമ്പില്‍ നിരന്നു കിടക്കുന്ന ശവക്കല്ലറകള്‍ക്ക്‌ മുന്നിലെത്തുമ്പോള്‍ കണ്ണുകള്‍ പകുതിയടച്ച്‌, അവിടെ വല്ല നിഴലുമുണ്ടോയെന്ന്‌ നോക്കും, പറമ്പിലെ മരത്തില്‍ തൂങ്ങിയാടുന്ന കടവാതിലുകളുടെ മൂളലിന്‌ ചെവിയോര്‍ക്കും. പെരളശ്ശേരി ശ്രീതിഭയിലെ സെക്കണ്റ്റ്ഷോ കഴിഞ്ഞുള്ള വരവും, ശിവരാത്രി ദിവസം തൃക്കപാലം അമ്പലത്തിലെ നാടകം കഴിഞ്ഞുള്ള വരവും ഇങ്ങനെയാണ്‌. തൃക്കപാലം അമ്പലത്തിലെ വലിയ ചിറയുടെ നടുക്ക്‌ ആഴത്തിലൊരു കിണറുണ്ടെന്നും അതില്‍ കുറേപ്പേര്‍ താഴ്ന്നുപോയിട്ടുണ്ടെന്നും പറഞ്ഞു പേടിപ്പിച്ചതും സജീവന്‍.

കാവുന്താഴ സ്ക്കൂളിന്‌ ഉപ്പിലയില്‍(വട്ടയില) ചുരുട്ടിയ ഉപ്പുമാവിണ്റ്റെ മണമാണ്‌. കാവിണ്റ്റെ താഴെ കിടക്കുന്നതുകൊണ്ടാണ്‌, "മാവിലായി സെണ്ട്രല്‍ എല്‍. പി. സ്ക്കൂള്‍" എന്ന ഞങ്ങളുടെ സ്ക്കൂളിന്‌ കാവുന്താഴ സ്ക്കൂള്‍ എന്ന പേരു വന്നത്‌. ഡല്‍ഹിയിലുള്ള ഇളയമ്മ ഒരിക്കല്‍ മക്കളോട്‌ പറഞ്ഞിട്ടുണ്ട്‌,
"ഞങ്ങളും നിങ്ങളെപ്പോലെ സെണ്ട്രല്‍ സ്ക്കൂളിലാ പഠിച്ചത്‌".
രാവിലെ ഒന്‍പതരക്കുള്ള ഗീത ബസ്സ്‌ പോകുന്നത്‌ നോക്കിയാണ്‌ ഞങ്ങളുടെ സെണ്ട്രല്‍ സ്ക്കൂളില്‍ ലോങ്ങ്‌ ബെല്ലടിച്ചിരുന്നത്‌. അന്ന്‌ ആരെങ്കിലും മരിച്ചാല്‍ പതിനാറടിയന്തിരത്തിണ്റ്റന്ന്‌ സ്ക്കൂളില്‍ പായസവിതരണമുണ്ടാകും. ഒരിക്കല്‍ പദ്മനാഭന്‍ എന്ന കുട്ടി ഏഴുതവണ പായസം വാങ്ങി, അദ്ധ്യാപികമാര്‍ വിരിച്ചുകൊടുത്ത പായയില്‍ ക്ഷീണിച്ചു കിടന്നിട്ടുണ്ട്‌ .


സ്ക്കൂളില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന്‌ തോട്ടുവക്കില്‍ കയറുന്നത്‌ വരെ പ്രാന്തന്‍ കുഞ്ഞമ്പുവിനെ പേടിക്കണം. കരിപുരണ്ട മുണ്ടുടുത്ത്‌ കൈപുറകില്‍ കെട്ടി നടന്നുപോകാറുള്ള കുഞ്ഞമ്പുവിനെ ഒരിക്കല്‍ പോലും നേരെ നോക്കിയിട്ടില്ല. എന്നാല്‍ 'കരിപുരണ്ട ജീവിതങ്ങള്‍' എന്ന ജയന്‍ സിനിമയുടെ പോസ്റ്ററുകള്‍ക്കു മുന്നില്‍ വായ തുറന്നു നിന്നുപോയിട്ടുണ്ട്‌. അപ്പോള്‍ ബീഡിക്കമ്പനിയില്‍ നിന്നുള്ള ഉച്ചത്തിലെ പത്രവായന കേള്‍ക്കാം.

ഈ തോട്‌ ഒഴുകുന്നത്‌ മമ്മാക്കുന്ന്‌ പുഴയിലേക്കാണ്‌. അവിടുന്ന്‌ അറബിക്കടലിലേക്കും. തോട്ടില്‍ കണ്ണിക്കുറിയന്‍ മീനുകളും, കല്ലിനടിയില്‍ ഒളിച്ചിരിക്കുന്ന മുഴു മത്സ്യവുമുണ്ട്‌. വീട്ടിലെ കുളത്തില്‍ നിന്നും ഒരോവുചാലുണ്ട്‌ തോട്ടിലേക്ക്‌ . കുളത്തിലെ നീര്‍ക്കോലി പാമ്പുകലെ ഭയന്ന്‌ അക്കരെ വരെ നീന്താറില്ല. കരയില്‍ ഒളിച്ചിരിക്കുന്ന തവളകള്‍ ശബ്ദത്തോടെ വെള്ളത്തില്‍ ചാടുന്നത്‌ കേട്ട്‌ പലതവണ പേടിച്ചിട്ടുണ്ട്‌. കുളക്കരയിലെ തെങ്ങുകള്‍ മുട്ടിയുരുമ്മിയുണ്ടാക്കുന്ന സംഗീതത്തില്‍ ലയിച്ചിട്ടുണ്ട്‌.

മീനമാസത്തില്‍ മാവിലായില്‍ പൂരോത്സവമാണ്‌. പെണ്‍കുട്ടികള്‍ കാമദേവനെ പൂജിക്കുന്ന ഉത്സവം. അന്ന്‌ മാവിലായിക്ക്‌ ചെമ്പകപ്പൂക്കളുടെ മണമായിരിക്കും, കൂടെ പാലപ്പൂവിണ്റ്റെയും, മുരിക്കിന്‍ പൂവിണ്റ്റെയും മണം. ആദ്യദിവസങ്ങളില്‍ ചാണകം കൊണ്ടുരുട്ടി കാമനെയുണ്ടാക്കുന്നത്‌ കുളക്കടവിലാണ്‌. അടുത്തദിവസങ്ങളില്‍ അത്‌ വീട്ടിനടുത്തേക്ക്‌ മാറും. അവസാന ദിവസം മുറ്റത്തോ ഇറയത്തോ ആയിരിക്കും. അന്നത്തെ കാമനെയുണ്ടാക്കുന്നത്‌ മണ്ണുകൊണ്ടാണ്‌. കൂടെ കാമിനിയുമുണ്ടാകും. കാമിനിയെ മാലയും വളയും അണിയിക്കും. അരിമാവ്‌ പരത്തി, അതില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത പാവ്‌ നിറച്ച്‌, ഉപ്പിലയില്‍ ചുറ്റി, വാഴനാരുകൊണ്ട്‌ കെട്ടി ആവിയിലുണ്ടാക്കുന്ന അടയുമുണ്ടാവും. ഒടുവില്‍ എല്ലാം വാരിക്കെട്ടി കൂവിക്കൊണ്ട്‌ പ്ളാവിണ്റ്റെ ചുവട്ടില്‍ നിക്ഷേപിക്കുന്നതോടെ അക്കൊല്ലത്തെ പൂരത്തിന്‌ പരിസമാപ്തിയാവുന്നു.

ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കാറുള്ള മുറ്റത്തിന്‌ പാരിജാതത്തിണ്റ്റെ മണമാണ്‌. മഴക്കാലത്ത്‌ വെള്ളം കെട്ടിക്കിടക്കുമ്പോള്‍ അവിടെ ഓറഞ്ച്‌ നിറത്തിലുള്ള ഞണ്ടുകള്‍ നീന്തി നടക്കും. അച്ഛാച്ചണ്റ്റെ ശ്രാദ്ധത്തിന്‌ ബലിയിടുന്നതും ഈ മുറ്റത്താണ്‌. വാഴയിലയില്‍, പുഴുങ്ങിയ ചെറുപയറും, തേങ്ങാപ്പൂളും, ഉണക്ക്‌ മത്സ്യവും കള്ളും ചേര്‍ന്ന്‌ കണ്ണേട്ടന്‍ മുത്തപ്പന്‌ പൈങ്കുറ്റി വെക്കുന്ന മുറ്റത്ത്‌ കര്‍ക്കിടമാസത്തില്‍ ആടിവേടന്‍മാര്‍ വന്നാടും. അപ്പോള്‍ അമ്മാമ്മ മഞ്ഞളുകൊണ്ടുള്ള ഗുരുസി തളിക്കും.

ഇപ്പോള്‍ മനസ്സില്‍ അമ്മാമ്മയുടെ എഴുത്തുപെട്ടി തുറക്കുമ്പോഴുള്ള സുഗന്ധമാണ്‌. അതിലെ ചെറിയ ചെറിയ അറകളില്‍ അടുക്കിവെച്ചിരിക്കുന്ന ഓര്‍മ്മകളുടെ സുഗന്ധം.

Tuesday, November 16, 2010

പകൽക്കിനാവന്റെ ഫോട്ടോപ്രദർശനം

ചിപ്പുവിനെയും കൂട്ടി പകൽക്കിനാവന്റെ ഫോട്ടോ പ്രദർശനം നടക്കുന്ന റെസ്റ്റോറന്റിൽ എത്തിയപ്പോൾ നല്ല തിരക്ക്. ബ്ളോഗിലൂടെ ആളുകളുടെ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളിലൂടെയൊന്ന് കണ്ണോടിച്ച്, പകൽക്കിനാവനെ പരിചയപ്പെട്ട്, കൂടെനിന്ന് ഒരു ഫോട്ടൊയെടുക്കുമ്പോളേക്കും ചിപ്പു അവിടെ ട്രേയിൽ വച്ചിരുന്ന ചോക്കളേറ്റുകളിൽ ആകാവുന്നത്ര കൈയിലാക്കിയിരുന്നു.
പിന്നീടവൾ ഒട്ടിച്ചുവച്ചിരിക്കുന്ന ചിത്രങ്ങളിൽ കൈവെക്കാൻ തുടങ്ങിയപ്പോൾ, കാര്യം പന്തിയല്ലെന്ന് കണ്ട് പുറത്തിറങ്ങി.
പുറത്ത് കൂടിനിന്ന് വർത്തമാനം പറയുന്ന ആളുകളുടെയിടയിൽ കൈതമുള്ളിനെ തിരിച്ചറിഞ്ഞ് അടുത്ത് ചെന്ന് പരിചയപ്പെട്ടു.
ശശിയേട്ടനുമായി സംസാരിച്ചു നില്ക്കേ പിറകിൽ നിന്നും മെലിഞ്ഞു നീണ്ട രാൾ വന്ന് ഒരാക്രോശത്തോടെ ശശിയേട്ടനെ ധൃതരാഷ്ട്രാലിംഗനം ചെയ്തു.
ആളെ തിരിച്ചറിഞ്ഞു.. കുഴൂർ വിൽസൻ.
റേഡിയോയിൽ മാത്രം കേട്ട് പരിചയിച്ച ശബ്ദത്തിന്‌ ഒരു കരകരപ്പും, വഴുവഴുപ്പും.
“വാ നമുക്കങ്ങോട്ടേക്ക് പോകാം.. നമുക്കവിടെ കൈയ്യടക്കണ്ടേ?”
ഞാൻ പതുക്കെ ശശിയേട്ടനോട് പറഞ്ഞു. “ഞാൻ പോട്ടേ..”
അതുകേട്ട വിൽസൻ എന്റെ കൈയ്യിൽ കയറിപ്പിടിച്ചു.
“നിങ്ങളെവിടെ പ്പോകുന്നു?‘
വീണ്ടും ഞാൻ മടിച്ചു നിന്നപ്പോൾ ചിപ്പുവിനെ പൊക്കിയെടുത്ത് മുന്നിൽ നടന്നു. അവൾ പേടിയോടെ എന്റെ നേരെ കൈനീട്ടി.
”മോൾക്കെത്ര വയസ്സായി?“ അവളെ തിരിച്ചുവാങ്ങുമ്പോൾ വൽസല്യത്തോടെയുള്ള ചോദ്യം.
“നാലര”
“എന്റെമ്മിണിക്ക് രണ്ടര വയസ്സാ..”
പിന്നീട് എല്ലാവരും കൂടെ പ്രദർശനം നടക്കുന്ന ഹോളിലേക്ക്.
ചെന്നയുടനെ പകൽക്കിനാവനൊരു ധൃതരാഷ്ട്രാലിംഗനം.
ചിത്രത്തിന്റെ വിൽപ്പനോൽഘാടനമാണ്‌ പിന്നീട് നടന്നത്‌.
ശശിയേട്ടന്റെ കയ്യിൽ നിന്നും വിൽസൻ ചിത്രം വാങ്ങി.
ഔപചാരികതകളില്ലാത്ത, ജാഡകളില്ലാത്ത, ലാളിത്യം നിറഞ്ഞ, സ്നേഹം നിറഞ്ഞ ചടങ്ങ്.
ചടങ്ങിനു ശേഷം ഞങ്ങൾ ചിത്രങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽ മുഴുകവേ, വീണ്ടുമെത്തി കുഴൂർ വിൽസൻ. വിൽസൻ തന്നെ ആളുകളെ കൈകൊട്ടി വിളിച്ച് ശ്രദ്ധയാകർഷിച്ചു.
സുഹൃത്തുക്കളിലാരോ വിളംബരം ചെയ്തു.
“കുഴൂർ വിൽസൻ കവിത ചൊല്ലുന്നു...”
പിന്നീടവിടെ വിനയചന്ദ്രൻ മാഷിന്റെ കവിത മുഴങ്ങി.

Tuesday, October 19, 2010

പ്രവാസം

ചെറിയ കമ്പിക്കഷ്ണങ്ങൾ ഉപയോഗിച്ച് കൂടുകെട്ടി മുട്ടയിട്ടിരിക്കുന്ന പക്ഷി. അജ്മാനിലെ ഒരു ഫ്ളാറ്റിന്റെ ജനലരികിൽ കണ്ട കാഴ്ച.

Thursday, June 17, 2010

ചില വിദ്യാലയ സ്മരണകൾ

അദ്ധ്യാപകർക്ക്‌ ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂൾ പഠനം.
കൊമ്പൻ മീശയുള്ള അജാനുബാഹുവായ അന്തകൻ മാഷും, കൈയ്യിൽ എപ്പോഴും ചൂരലുമായി നടക്കുന്ന സീ ആർ പീ സാറും , ആലുമ്മൂടൻ സാറും,കറുത്തു കുറുകിയ കരടി മാഷും, അങ്ങനെയങ്ങനെ..

അവരിൽ ചിലരുടെയൊക്കെ യഥാർത്ഥ പേരുകൾ അറിയാത്ത ധാരാളം കുട്ടികൾ അന്ന്‌ സ്കൂളിലുണ്ടായിരുന്നു.അതിലൊരു കുട്ടി ഒരിക്കൽ സ്റ്റാഫ്‌ റൂമിൽ ചെന്നന്വേഷിച്ചൂ..
"മത്തായി സാറില്ലേ?"
അധ്യാപകർ അവനെ തുറിച്ചു നോക്കി.
"മത്തായിയെയും സാറെന്നു വിളിക്കാൻ തുടങ്ങി"
തലയുയർത്താതെ കണ്ണടയ്ക്ക്‌ മുകളിലൂടെ നോക്കിക്കൊണ്ട്‌ ശ്രീനു മാഷ്‌ പിറുപിറുത്തു.
അന്ന് മത്തായി എന്ന പേരിൽ ഒരു പ്യൂണുണ്ടായിരുന്നൂ സ്കൂളിൽ. സ്കൂൾ വരാന്തയിൽ കെട്ടിത്തൂക്കിയ വലിയ പള്ളിമണിയുടെ ദ്വാരത്തിൽ അറ്റം വളഞ്ഞിരിക്കുന്ന ഒരു നീണ്ട കമ്പി കൊളുത്തി ആഞ്ഞുവലിച്ചാണ്‌ മത്തായി ക്ലാസ്സുകളുടെ ദൈർഘ്യം നിയന്ത്രിച്ചിരുന്നത്‌. മിക്കവാറും നല്ല ഫിറ്റിലായിരിക്കും ആശാൻ. കമ്പിയുടെ കൊളുത്ത്‌ മണിയുടെ ദ്വാരത്തിൽ വീഴാനെടുക്കുന്ന സമയം കണക്കാക്കി മത്തായി അടിച്ചിരുന്ന പേഗ്ഗുകളുടെ എണ്ണം ഞങ്ങൾ പ്രവചിച്ചിരുന്നു. അങ്ങനെ കാലു നിലത്തുറക്കാത്ത ഒരു ദിവസം സെക്കന്റ്‌ പീരീഡിൽ ലോങ്ങ്ബെല്ലടിച്ച്‌ ഒരാഴ്ചത്തെ സസ്പെൻഷൻ ഒപ്പിച്ചെടുത്തിട്ടുണ്ട്‌ മത്തായി.
എന്നാൽ സ്റ്റാഫ്‌ റൂമിൽ കുട്ടി അന്വേഷിച്ചു ചെന്നത്‌ മത്തായി സാറിനെ തന്നെ ആയിരുന്നൂ. 'ബെൽറ്റ്‌ മത്തായി' സാറിനെ. ബെൽബോട്ടം പേന്റിട്ട്‌, ബെൽറ്റ്‌ മുറുക്കിക്കെട്ടിയ, തടിച്ചു നീളം കുറഞ്ഞ നമ്പ്യാർ സാറിന്‌ അതിനേക്കാൾ പറ്റിയ മറ്റൊരു പേരു സങ്കൽപിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക്‌ കഴിയുമായിരുന്നില്ല.

സ്കൂളിലെ അവസാനവർഷത്തെ ആദ്യ ദിവസം. പത്താം ക്ലാസ്സിലെ കുട്ടികളുടെ ഡിവിഷൻ തിരിച്ച ലിസ്റ്റ്‌ നോട്ടീസ്‌ ബോർഡിലിട്ടിട്ടുണ്ട്‌.
ഇത്തവണ 'ഇ' ഡിവിഷൻ പുതിയതായി വന്നിരിക്കുന്നു.
എന്റെ പേര്‌ പുതിയ ഡിവഷനിൽ. ലിസ്റ്റിലെ മറ്റുള്ള പേരുകളിലേക്ക്‌ നോക്കിയപ്പോളാണ്‌ ശരിക്കും ഞെട്ടിപ്പോയത്‌.
സ്കൂളിലെ എല്ലാ വില്ലന്മാരും ഞങ്ങളുടെ ക്ലാസ്സിൽ. അതിൽ എല്ലാ വിദ്യാർത്ഥിസംഘടനകളുടെയും നേതാക്കന്മാർ ഒരേ ഡിവിഷനിലെത്തിയത്‌ അവരെത്തന്നെ അത്ഭുതപ്പെടുത്തി.
എസ്‌ എഫ്‌ ഐ നേതാവ്‌ രാജേഷും, കെ എസ്‌ യു നേതാവ്‌ നിസാറും ഒരേ ബെഞ്ചിൽ സ്ഥാനം പിടിച്ചു.

നീളത്തിന്റെയും , വില്ലത്തരത്തിന്റെയും മുൻ ഗണനാക്രമത്തിൽ പിറകിലെ ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ ക്ലാസ്ടീച്ചറിന്റെ വേഷത്തിൽ സാക്ഷാൽ സീ ആർ പി സാർ എത്തിയപ്പോൾ എല്ലാം പൂർത്തിയായി.

കഴിഞ്ഞ വർഷം തന്നെ സാറിന്റെ നോട്ടപ്പുള്ളിയായിരുന്ന, കുട്ടപ്പനെന്നു വിളിക്കുന്ന ജയേഷ്‌ മുൻ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
കുട്ടപ്പൻ സീ ആർ പി സാറിന്റെ കണ്ണിലെ കരടായ കഥ ഇങ്ങനെ..

രംഗം സ്കൂൾ യുവജനോൽസവവേദി.. സ്റ്റേജിൽ കുട്ടപ്പന്റെ മിമിക്രി തകർക്കുന്നു.. റേഡിയൊയിൽ അന്ന് പ്രചാരം നേടിയ പരസ്യങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുകയാണ്‌ കുട്ടപ്പൻ..
അക്കാലത്ത്‌ ഉജാലയുടെ ഒരു പരസ്യമുണ്ടായിരുന്നു..
"ഉജാലയിൽ മുക്കിവെച്ച തുണികൾ ഉയർത്തി നോക്കൂ.. വെട്ടിത്തിളങ്ങുന്ന വെണ്മ കാണാം. "
കുട്ടപ്പൻ അതിൽ അൽപം മസാല കലർത്തി 'തുണികൾ' എന്നതിനു പകരം 'പാവാട'യെന്നു ചേർത്ത്‌ സ്റ്റേജിൽ കാച്ചി.
വിദ്യാർത്ഥികളുടെ നീണ്ട കൈയ്യടി ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ സ്റ്റേജിനു പുറകിലെത്തിയ കുട്ടപ്പൻ, അവിടെ കാത്തുനിന്ന സീ ആർ പീ സാറിന്റെ ചൂരലടി ഏറ്റു വാങ്ങി പൊട്ടിക്കരഞ്ഞു.

ഏതെങ്കിലും വിദ്യാർത്ഥിസംഘടനകൾ പഠിപ്പുമുടക്കിന്‌ ആഹ്വാനം ചെയ്താൽ, സംഘടനാപ്രതിനിധി ഹെഡ്മാസ്റ്റെർക്ക്‌ ഒരു നിവേദനം കൊടുക്കുന്ന പതിവുണ്ട്‌.
ഞങ്ങളുടെ സ്കൂളിൽ സംഘടനകൾ രൂപീകരിക്കപ്പെട്ടതിന്റെ പിന്നിൽ ഈ നിവേദനം സമർപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ‍ൂ.
അങ്ങനെ ഒരു ദിവസം എ ഐ എസ്‌ എഫിന്റെ ഒരു പഠിപ്പു മുടക്കാഹ്വാനമുണ്ടായി. സ്കൂളിലാണെങ്കിൽ ആ സംഘടനക്ക്‌ പ്രതിനിധിയുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ.
എന്റെ സഹബെഞ്ചൻ ഷാജിയെ എസ്‌ എഫ്‌ ഐയിലേയും,കെ എസ്‌ യുവിലേയും സുഹൃത്തുക്കൾ ചേർന്ന്‌ സംഘടനാ പ്രതിനിധിയായി നിയമിക്കുന്നൂ, നിവേദനം തയ്യാറാക്കുന്നൂ, ഷാജി അതുംകൊണ്ട്‌ ഹെഡ്മാസ്റ്റെറുടെ അടുത്തേക്ക്‌.
വായിച്ചു നോക്കിയ ഹെഡ്മാസ്റ്റർ ഒറ്റ ചോദ്യം
"എ ഐ എസ്‌ എഫിന്റെ ഫുൾഫോം എന്താടാ?"
ഷാജി നിന്നു വിയർത്തു. മുകളിൽ കറങ്ങുന്ന ഫാനിൽ കുറച്ചുനേരം നോക്കി നിന്ന ശേഷം പുറത്തേക്ക്‌ ഒറ്റ ഓട്ടം.

മത്തായി സേറാണ്‌ അന്ന്‌ ഞങ്ങൾക്ക്‌ ഇംഗ്ലീഷ്‌ നോൺ ഡീറ്റയിൽ ക്ലാസ്സെടുത്തിരുന്നത്‌, 'ദ കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്റ്റോ'. ആഴ്ചയിൽ രണ്ട്‌ ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. മാഷ്‌ ക്ലാസ്സിൽ അരമണിക്കൂർ പാഠം വായിച്ച്‌ കഥ പറയും. ബാക്കിയുള്ള സമയം കൊച്ചുവർത്തമാനത്തിനുള്ളതാണ്‌.
ആ സമയത്തൊരിക്കൽ രാജേഷ്‌ സാറിനോട്‌ പറഞ്ഞു
"മാഷെക്കാണാൻ മമ്മൂട്ടിയെ പോലെത്തന്നെയുണ്ട്‌"
അതുകേട്ട്‌ മാഷൊന്നു പുഞ്ചിരിച്ചപ്പോൾ അവൻ ഞങ്ങളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു.
"മാർക്കെറ്റിൽ മീൻ വിൽക്കുന്ന മമ്മൂട്ടി.."

മത്തായി സാറിന്റെ അവസാന ക്ലാസ്സിൽ ചില കുട്ടികൾ അദ്ദേഹത്തോട്‌ ഒരാവശ്യ്ം ഉന്നയിച്ചു.
"ഞങ്ങൾക്ക്‌ ഒരു പാട്ട്‌ പാടണം."
അവസാന ക്ലാസ്സല്ലേ സാറ്‌ സമ്മതിച്ചു.അങ്ങനെ ക്ലാസ്സിലെ നാല്‌ വില്ലന്മാർ ചേർന്ന് ഉച്ചത്തിൽ പാട്ട്‌ തുടങ്ങി.
"ജനഗണമന അതിനായക ജയഹേ..."
മത്തായി സേർ അത്രയും പ്രതീക്ഷിച്ചില്ല. ഇടക്ക്‌ വെച്ച്‌ തടസ്സപ്പെടുത്താൻ പാടില്ലല്ലോ. ദേശവിരുദ്ധമായാലോ?

അസമയത്തെ ദേശീയഗാനം കേട്ട്‌ സ്കൂൾ മുഴുവൻ ഞെട്ടി. ഹെഡ്മാസ്റ്റർ ഓടിവന്നെങ്കിലും ക്ലാസ്സിൽ കയറാനാവാതെ പുറത്ത്‌ അറ്റെൻഷനിൽ നിന്നു.
പ്യൂൺ മത്തായി പകുതി ലഹരിയിൽ ലോംഗ്‌ ബെല്ലടിക്കാൻ ഓടി വന്നു.
ദേശീയഗാനം പാടി തീർന്നതും, മത്തായി സാറിന്റെ നേതൃത്വത്തിൽ ഗായകരെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്‌ ആനയിച്ച്‌ ചൂരൽകഷായം നൽകി ആദരിച്ചു.

മുൻ വർഷങ്ങളിലൊക്കെ എസ്‌ എസ്‌ എൽ സി ക്ക്‌ നൂറുശതമാനം വിജയം ലഭിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ, ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ മിനിമം നാലു പരാജയങ്ങൾ പ്രവചിക്കപ്പെട്ടു.

എന്നാൽ റിസൾട്ട്‌ വന്നപ്പോളേക്കും, ഞങ്ങളുടെ ഡിവിഷനിൽ നൂറുശതമാനം ജയം, തോറ്റ ഏകകുട്ടി 'ബി' ഡിവിഷനിലിലും.

Friday, May 21, 2010

കോട്ടൺ

അന്ത്രുമാൻ ആദ്യമായി കോയമ്പത്തൂരിലെത്തിയതാണ്‌, ശശിയുടെ കൂടെ. അതിനിടെ ശശിക്ക്‌ ഒരപകടം സംഭവിക്കുകയും, രണ്ട്‌ ദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടിവരികയും ചെയ്തു.
ഡിസ്‌ചാർജ്‌ ചെയ്യാൻ നേരം ഡോക്റ്റർ അന്ത്രുമാനെ വിളിച്ച്‌ മരുന്നിന്റെയും മുറിവ്‌ ഡ്രെസ്സ്‌ ചെയ്യേണ്ടതുമായ കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു.
അങ്ങനെ ഡോക്ടർ പറഞ്ഞതനുസരിച്ച്‌ കോട്ടൺ വാങ്ങാനായി അന്ത്രുമാൻ പുറത്തേക്കിറങ്ങി. ഒന്നു രണ്ട്‌ ഷോപ്പുകളിൽ കയറിനോക്കിയെങ്കിലും, അവിടെ നിന്നെല്ലാം ഇല്ലെന്ന മറുപടിയാണ്‌ കിട്ടിയത്‌.
ഒരു കടയിൽ കയറിനോക്കിയപ്പോൾ, അവിടെ കോട്ടൺ വിൽപ്പനയ്ക്ക്‌ വെച്ചിരിക്കുന്നത്‌ കണ്ടെങ്കിലും കടക്കാരന്റെ മറുപടി ഇല്ലെന്നു തന്നെയായിരുന്നു.
"ഇനി കോട്ടൺ എന്നത്‌ മനസ്സിലാവാഞ്ഞിട്ടാണോ?" അന്ത്രുമാൻ വിഷമത്തിലായി.
"പഞ്ഞിയുണ്ടോ ?" എന്നു ചോദിക്കാൻ ഒരു തവണ ആഞ്ഞെങ്കിലും, അത്‌ തമിഴിലെ എന്തെങ്കിലും തെറിയാണെങ്കിലോയെന്ന്‌ പേടിച്ച്‌ അന്ത്രുമാൻ മിണ്ടിയില്ല.
അങ്ങനെ അടുത്ത കടയിലെത്തിയ അന്ത്രുമാൻ വീണ്ടും അന്വേഷിച്ചു.
"കോട്ടണുണ്ടോ?"
"ഇല്ല" മുഖത്തു നോക്കാതെ കടക്കാരന്റെ മറുപടി.
പക്ഷെ ഇത്തവണ അന്ത്രുമാന്‌ സഹിക്കാൻ കഴിഞ്ഞില്ല.
അയാൾ നേരെ കടക്കകത്തു കയറി കോട്ടണുമെടുത്ത്‌ കടക്കാരന്റെ നേരെ നീട്ടിക്കൊണ്ട്‌ ചോദിച്ചൂ..
"ഇതു പിന്ന്യെന്താ?"
അന്ത്രുമാന്റെ കൈയ്യിലുള്ള സാധനം നോക്കിക്കൊണ്ട്‌ കടക്കാരൻ ഒറ്റ ചിരിയാണ്‌.
അയാളുടെ തമിഴ്‌ ചിരികേട്ട്‌ അന്ത്രുമാന്‌ ഭയം തോന്നി. അയാൾ തന്റെ കൈയ്യിലിരിക്കുന്ന സാധനത്തിലേക്ക്‌ വീണ്ടും നോക്കി.
"ഇനിയിത്‌ കോട്ടണല്ലേ?"
അതിനിടെ ചിരി കണ്ട്രോൾ ചെയ്ത് കടക്കാരൻ അന്ത്രുമാനോട്‌
"ഇതാ... ഇത്‌ കാ‍ട്ടൺ..."
അന്ത്രുമാൻ അന്തം വിട്ടുനിന്നു.

Sunday, April 25, 2010

ചിപ്പു സ്കൂളിൽ

അങ്ങനെ ചിപ്പു സ്കൂളിൽ പോകാൻ തുടങ്ങി. ദിവസവും അവൾക്ക്‌ പുതിയ എന്തെങ്കിലും സ്കൂൾ വിശേഷം പറയാനുണ്ടാവും. ടീച്ചർ ചോക്കളേറ്റ്‌ കൊടുത്തതും, കൈയ്യിൽ സ്റ്റാർ വരച്ചുകൊടുത്തതും, ക്ലാസ്സിലെ ആൺകുട്ടികൾ അടി കൂടിയതും... അങ്ങനെയങ്ങനെ...
കഴിഞ്ഞ ദിവസം അവളുടെ ബാഗിൽ മറ്റൊരു കുട്ടിയുടെ പുസ്തകം. പേരിൽ സാമ്യമുള്ളതിനാൽ ടീച്ചറോട്‌ മാറി വെച്ചു പോയതായിരിക്കാം.
അടുത്ത ദിവസം സ്കൂളിൽ പോകുന്നതിനു മുമ്പ്‌ ഞങ്ങൾ അവളെ പറഞ്ഞ്‌ പഠിപ്പിച്ചു.
"മോള്‌ സ്കൂളിൽ ചെന്നാൽ ടീച്ചറോട്‌ പറയണം... ദിസ്‌ ഈസ്‌ നോട്‌ മൈ ബുക്ക്‌.."
പോകുന്നതിനു മുമ്പ്‌ അവൾ ടീച്ചറോട്‌ പറയണ്ട കാര്യം അമ്മയോട്‌ ഒന്നു രണ്ട്‌ തവണ ചോദിച്ചുറപ്പിച്ചു.
ഉച്ചക്ക്‌ സ്കൂളിൽ നിന്നും തിരിച്ചെത്തിയ ശേഷം അമ്മ അവളോട്‌ ചോദിച്ചു..
"ചിപ്പു എന്താ ടീച്ചറോട്‌ പറഞ്ഞത്‌?"
കഴുത്തിൽ തൂക്കിയ ഐഡി കാർഡ്‌ ഊരിയെടുക്കുന്നതിനിടെ ചിപ്പു...
"ദിസ്‌ ഇസ്‌ മൈ നോട്‌ ബുക്ക്‌.."