Thursday, October 15, 2009

കർഫ്യു

അങ്ങനെ നാട്ടിൽ കർഫ്യു പ്രഖ്യാപിച്ചു. ഒരു ദിവസം അർദ്ധരാത്രിയാണു ആ പ്രഖ്യാപനമുണ്ടായത്‌. പോലീസുവണ്ടികൾ നാടുനീളെ ഓടിനടന്ന് അപ്പോൾ തന്നെ ഉച്ചഭാഷിണിയിലൂടെ നാട്ടുകാരെ മുഴുവൻ വിളിച്ചുണർത്തി വിവരമറിയിച്ചു.
ഈ നാട്ടുകാർ കർഫ്യു എന്ന വാക്ക്‌ ഇതിനുമുമ്പ്‌ കേട്ടിട്ടുള്ളത്‌ പഞ്ചാബിൽനിന്നും കാശ്മീരിൽ നിന്നുമുള്ള വാർത്തകളിൽ നിന്ന് മാത്രമാണു.
"കർഫു‍ാ... എന്ത്‌ കർഫൂ?... ഫൂ..." കണ്ണൻ മേസ്ത്രി കണ്ണുതിരുമ്മിക്കൊണ്ടെഴുന്നേറ്റ്‌ ജനലിലൂടെ പുറത്തേക്ക്‌ നീട്ടിത്തുപ്പി.
"എന്തായാലും നൂറ്റിനാപ്പത്തിനാലൊന്ന്വല്ലല്ലോ" മൂപ്പർ വീണ്ടും കൂർക്കം വലിച്ച്‌ കിടന്നുറങ്ങി.
1-1, 2-2,... ഇങ്ങനെ ഇരു വശത്തുമുള്ള ആളുകളെ കൊന്നൊടുക്കിക്കൊണ്ടു തുടരുന്ന ഈ ഫുട്ബോൾ കളിക്ക്‌ ലോങ്ങ്‌ വിസിൽ മുഴക്കാനുള്ള ഒരു വിഫല ശ്രമത്തിന്റെ ഭാഗമായാണു കർഫ്യു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. എങ്ങനെയെങ്കിലും എണ്ണം തികയ്ക്കുക മാത്രമാണു ഇപ്പോൾ ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അതിനു പാർടി സമ്മേളനം കാണാൻ പോയ പയ്യന്റെ അമ്മാവനായാലും , പാർട്ടി വളണ്ടിയർമാർക്കുള്ള ട്രൗസറിന്റെ തുണി വാങ്ങിയ കടയിലെ സെയിൽസ്മേനായാലും മതി.
അടുത്ത ദിവസം നേരം പുലർന്നു. ആളുകൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന പോലീസ്‌ അനൗൺസ്‌മന്റ്‌ അവഗണിച്ച്‌, കൊക്കെത്ര കൊളം കണ്ടതാണെന്ന മട്ടിൽ ഗോപാലേട്ടൻ രാവിലെ ആറരക്കു തന്നെ തന്റെ പച്ചക്കറിക്കട തുറക്കാനായെത്തി. നിരകൾ ഓരോന്നായി എടുത്ത്‌ മാറ്റിവെച്ച ശേഷം മൂപ്പർ വിവിധ പച്ചക്കറികൾ നിറച്ച പെട്ടികൾ പുറത്തേക്കെടുത്ത്‌ പതിവുപോലെ പീടിക വരാന്തയിൽ നിരത്തിവെക്കാൻ തുടങ്ങി.
അകത്തുനിന്നും ഉള്ളിച്ചാക്ക്‌ ബുദ്ധിമുട്ടി പുറത്തേക്ക്‌ വലിക്കാൻ തുടങ്ങുമ്പോഴേക്കും പുറത്തെന്തോ വീണുപൊട്ടുന്ന ശബ്ദം കേട്ടു. നോക്കിയപ്പോൾ ഒരു പോലീസുകാരൻ പെട്ടികളോരോന്നായി പുറത്തേക്ക്‌ വലിച്ചെറിയുന്നു. തക്കാളിയും ഉരുളക്കിഴങ്ങും റോഡിലൂടെ ഉരുണ്ടുനടക്കുന്നു. ഗോപാലേട്ടൻ പുറത്തിറങ്ങിയതും ആ പോലീസുകാരൻ മൂപ്പരുടെ കഴുത്തിനു കുത്തിപ്പിടിച്ചു.
"ഏടാ നിനക്കൊക്കെ കർഫ്യൂവിനും കച്ചോടം നടത്തണമല്ലേ?"
(ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക്‌ ഒരു ദിവസം മുമ്പേ തന്നെ കടയടച്ച്‌ വീട്ടിൽ പോയി ഇരിക്കും.)
അതുപോല കർഫ്യു പ്രഖ്യാപനത്തെ അൽപം പുച്ഛത്തോടെ കണ്ട രണ്ടുപേർ നാട്ടിലുണ്ടായിരുന്നു. അന്ത്രുമാനും ശശിയും. വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലുകൾ കാരണം മൂന്നു ദിവസമായി രണ്ടുപേരും പണിയൊന്നുമില്ലാതെ നടപ്പായിരുന്നു. അങ്ങനെ ആ കർഫ്യൂ ദിവസം അവർ പുറത്തിറങ്ങി വിജനമായ റോഡിലൂടെ അങ്ങാടി ലക്ഷ്യമാക്കി നെഞ്ചുംവിരിച്ച്‌ നടന്നുതുടങ്ങി. വായനശാലക്കടുത്തെത്തിയതും ഒരു പോലീസ്‌ ജീപ്പ്‌ അവരുടെ അടുത്ത്‌ സഡൻ ബ്രെയിക്കിട്ട്‌ നിർത്തി. പുറകിൽ നിന്നും ഒരു പോലീസുകാരൻ ചാടിയിറങ്ങി രണ്ടുപേരുടെയും കൈയ്യിൽ പിടികൂടി. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ ശശി ഒന്നു പതറിയെങ്കിലും അന്ത്രുമാൻ കുതറി ഓടി. അയാൾ റോഡിലേക്ക്‌ തൂങ്ങിക്കിടന്ന ഒരു മരക്കൊമ്പിൽ പിടികൂടി തൊട്ടടുത്ത ഉയർന്ന പറമ്പിലേക്ക്‌ വലിഞ്ഞു കയറി. ശശിയെയും പിറകിലിരുത്തി ആ ജീപ്പ്‌ നീങ്ങുന്നത്‌ അന്ത്രുമാൻ മുകളിൽ നിന്നും നോക്കിനിന്നു. ശശി അന്ത്രുമാനെയും കണ്ടു.
"അന്ത്രൂ... ഇഞ്ഞി എന്റെ വീട്ടിലീ വിവരമൊന്ന് പറഞ്ഞേക്കണേ.." ശശി കരച്ചിലിന്റെ വക്കോളമെത്തിയ സ്വരത്തിൽ വിളിച്ച്‌ പറഞ്ഞു.
പിന്നെ അന്ത്രുമാനു ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും ശശിയുടെ വീട്ടിലെത്തി ഈ വിവരമൊന്ന് പറയുക. അതിനായി അയാൾ ഓടി. പരിചയമില്ലാത്ത പറമ്പുകളിലൂടെ, ഏതൊക്കെയോ വീടുകളുടെ മുറ്റത്തുകൂടെ. ആ ഓട്ടത്തിൽ കാലിൽ കുപ്പിച്ചില്ല് തറച്ചു കയറിയതും, മുള്ളുവേലിയിൽ തട്ടി ചോര വാർന്നതും അയാൾ മൈന്റു ചെയ്തില്ല. ഉയർന്ന ഒരു കരിങ്കൽ മതിലിൽ തട്ടിയാണു ആ ഓട്ടം അവസാനിച്ചത്‌.
മതിലിൽ അള്ളിപ്പിടിച്ച്‌ കയറി അപ്പുറത്തേക്ക്‌ ചാടിയതും അന്ത്രുമാൻ ഒന്നു ഞെട്ടി. താൻ ചാടിയിരിക്കുന്നത്‌ മെയിൻ റോഡിലേക്കാണു. ആ ഞെട്ടലിൽ നിന്നും മുക്തമാകുന്നതിനു മുമ്പെ അന്ത്രുമാനെ സ്തംഭിപ്പിച്ചുകൊണ്ട്‌ ഒരു പോലീസ്‌ ജീപ്പ്‌ പറന്നെത്തി ബ്രെയിക്കിട്ടു. ആ ജീപ്പിൽ നിന്നും ശശിയെ പൊക്കിയ അതേ പോലീസ്കാരൻ ചാടിയിറങ്ങി. ഇത്തവണ കുതറിമാറാൻ കഴിയുന്നതിനു മുമ്പു തന്നെ അന്ത്രുമാൻ അയാളുടെ കൈപ്പിടിയിലായിരുന്നു.
അതിനിടെ, പോലീസുകാരൻ പുറത്തിറങ്ങിയ തക്കം നോക്കി ശശി ജീപ്പിൽ നിന്നും ഇറങ്ങി ഓടി. അന്ത്രുമാനെയും കയറ്റിയ ജീപ്പ്‌ പോലീസ്‌ സ്റ്റേഷന്റെ ഗെയ്റ്റ്‌ കടക്കുമ്പോഴേക്കും ശശി ഓടി അന്ത്രുമാന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട്‌ അവിടെ നിന്നും അന്ത്രുമാന്റെ ഉമ്മയുടെ നിലവിളി ഉയർന്നുകേട്ടു.

6 comments:

ദീപു said...

നാദാപുരത്തുനിന്നും കണ്ണൂരു നിന്നും വീണ്ടും രാഷ്ട്രീയ സംഘട്ടനങ്ങളുടെ വാർത്തകൾ വരുന്നു...

Unknown said...

Good one!

ചെറിയ പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ ആ പഴയകാലം നമുക്കൊരുമിച്ചു ഓര്‍മ്മിക്കാം, ഇന്ന് തന്നെ പങ്കു ചേരു ഈ മലയാളീ സൌഹ്രിദ വലയത്തില്‍....
www.changatham.com
A Malayalee Friends Community

ഭൂതത്താന്‍ said...

എടാ ദീപുവേ ശശി നീ അല്ലല്ലോ ...വിവരണം കേട്ടിട്ട് ഒരു പരിജയം മണക്കുന്നു ഹ ഹ ....പിന്നെ "ഹര്‍ത്താലുകളുടെ സ്വന്തം നാട് " അതല്ലേ ഇപ്പൊ കേരളം .....മുള്ളിയാല്‍ ഹര്‍ത്താല്‍ ..വെളിക്കിരുന്നാല്‍ ഹര്‍ത്താല്‍ ....എന്തിനേറെ വെള്ളം കുടിച്ചാല്‍ (അടിച്ചാല്‍ അല്ല ) പോലും ഹര്‍ത്താല്‍ .....

ഭായി said...

ഈ സംഭവത്തിനുശേഷം ഗോപാലേട്ടൻ, മുൻ കൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകൾക്ക്‌ ഒരു ദിവസം മുമ്പേ തന്നെ കടയടച്ച്‌ വീട്ടിൽ പോയി ഇരിക്കും.)

ഹ ഹ ഹ ഹാ‍....അതു കലക്കി..

ദീപു said...

നന്ദി... Hot Bird,കുമാരന്‍, ഭൂതത്താന്‍ & ഭായി

കണ്ണനുണ്ണി said...

കൊള്ളാം ദീപു

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...