Monday, March 22, 2010

അച്ഛാച്ചൻ

മാത്രുഭൂമി ബാലപക്തിയിലേക്കയച്ച എന്റെ ആദ്യ സ്രുഷ്ടി ഒരു ബൂമറാങ്ങായിപ്പോയതിനു ശേഷം കുറച്ചു നാളത്തേക്ക്‌ ഞാനെന്റെ സർഗ്ഗവാസനകൾക്ക്‌ അവധി കൊടുത്തു. (ഞങ്ങൾ സാഹിത്യകാരന്മാർ ഇങ്ങനെയൊക്കെയാണ്‌ പറയുക)

പിന്നീട്‌ മാസങ്ങൾ കഴിഞ്ഞ്‌ മാവിലായിക്കാവിലെ ഉത്സവത്തിനു പോയി വന്ന ശേഷമാണ്‌, അതിനെപ്പറ്റി എന്തെങ്കിലും എഴുതണമെന്നുള്ള വിചാരം മനസ്സിൽ ശക്തമായതും, അങ്ങനെ 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന കുറിപ്പ്‌ രൂപപ്പെടുന്നതും.

എഴുതിക്കഴിഞ്ഞപ്പോൾ തന്നെ ഇത്‌ എവിടെയെങ്കിലും പ്രസിദ്ധീകരിക്കണമെന്ന ദുർവാശിയും എന്റെ മനസ്സിലുടലെടുത്തു.പക്ഷെ എവിടെ, ആര്‌ പ്രസിദ്ധീകരിക്കും? കോളെജ്‌ മാഗസിനിൽ ഒരു മങ്ങിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത്തവണയും സോമേട്ടൻ തന്നെ എഡിറ്ററായിരുന്നതിനാൽ, ആത്മാഭിമാനം അനുവദിച്ചില്ല.

പിന്നെ ബാലപംക്തിയിലേക്ക്‌ തന്നെ അയക്കണം. അന്ന് താഹ മാടായി, അനിൽകുമാർ വി. ഒ. (അനിൽ നമ്പ്യാർ, സൂര്യ ടി.വി.) തുടങ്ങിയ പുലികൾ ബാലപക്തിയിൽ മേഞ്ഞുനടന്നിരുന്ന കാലം. രണ്ടും കൽപ്പിച്ച്‌ അങ്ങോട്ടേക്ക്‌ തന്നെ അയച്ചു. ഒന്നുരണ്ട്‌ മാസങ്ങൾ കാത്തിരുന്നു. പിന്നെ പ്രതീക്ഷ കൈവിട്ടു.

മൂന്നു നാലു മാസങ്ങൾക്ക്‌ ശേഷം, അയച്ച കാര്യം തന്നെ മറന്നിരുന്ന സമയത്ത്‌ അതാ വരുന്നൂ, മാത്രുഭൂമിയിൽ നിന്നും ഒരെഴുത്ത്‌. ഇത്തവണ കവറല്ലാ, ഒരു പോസ്റ്റ്‌ കാർഡ്‌. അതിൽ കുട്ടേട്ടന്റെ ഒപ്പോടെ ഒരു കുറിപ്പ്‌...

'പ്രിയ ദീപൂ..'മാവിലായിക്കാവിലെ അടിയുത്സവം' വായിച്ചു. നന്നായിട്ടുണ്ടെന്ന് പറയാറായിട്ടില്ലെങ്കിലും, വിഷയത്തിൽ അൽപം പുതുമ തോന്നിയതിനാൽ എടുത്ത്‌ വെച്ചിരിക്കുന്നു.
കുട്ടേട്ടൻ ഒപ്പ്‌'
പ്രസിദ്ധീകരിക്കുമെന്നോ ഇല്ലെന്നോ ഇല്ല. വീണ്ടും ആകാംഷ നിറഞ്ഞ നാളുകൾ.

അന്ന് പത്രം വീട്ടിൽ വരെ കൊണ്ടുവന്ന് തരാറുണ്ടായിരുന്നില്ല. അടുത്തുള്ള കടയിൽ പോയി വാങ്ങണം. അത്‌ അച്ഛാച്ചന്റെ പ്രഭാതകൃത്യങ്ങളിലെ ഒരു പ്രധാന ഇനമായിരുന്നു. പത്രം വാങ്ങി, അവിടെയിരുന്ന്, തന്നെ പോലെ ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന കുറച്ച്‌ ശുഭ്രവസ്ത്രധാരികളുമായി വാർത്തകളെപ്പറ്റിയുള്ള ഒരു ഡിസ്ക്കഷനും കഴിഞ്ഞാണ്‌ വീട്ടിലെത്തുന്നത്‌. പത്രം വൈകുന്തോറും അച്ഛന്റെ മുഖം കറുത്തു വരും.

ആ എഴുത്ത്‌ വന്നതിനു ശേഷം ചൊവ്വാഴ്ചകളിൽ വരുന്ന വീക്കിലിക്കു വേണ്ടി അച്ഛാച്ചൻ കാത്തിരിക്കും. കിട്ടിയാലുടൻ പിറകിലെ ബാലപക്തി പേജുകളിൽ കണ്ണോടിച്ച്‌ നിരാശനാകും. മാസങ്ങൾ കഴിഞ്ഞിട്ടും അച്ഛാച്ചൻ ശുഭാപ്തിവിശ്വാസം കൈവിട്ടില്ല.ഞാനാകട്ടെ അത്‌ പണ്ടേ കൈവിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം പതിവിലും നേരത്തെ അച്ഛാച്ചൻ പത്രവുമായി ഓടി വരുന്നു. വീട്ടിൽ കയറിവന്നതിനു ശേഷം എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ പുറത്തു വരുന്നില്ല. 'മാവിലായി', 'അടി' എന്ന രണ്ട്‌ വാക്കുകളാണ്‌ പല്ലില്ലാത്ത ആ വായിൽ നിന്നും ഞാൻ കേട്ടത്‌. എന്റെ വിചാരം മാവിലായിൽ എന്തോ അടി നടന്നെന്നും, ആ വാർത്ത പത്രത്തിൽ വന്നിട്ടുണ്ടെന്നുമായിരുന്നു..പിന്നീട്‌ കസേരയിലിരുന്ന് കിതപ്പ്‌ മാറ്റിയ ശേഷം കാര്യം പറഞ്ഞുകൊണ്ട്‌ അച്ഛാച്ചൻ വീക്കിലി എന്റെ നേരെ നീട്ടി.

അത്‌ തുറന്ന് 'മാവിലായിക്കാവിലെ അടിയുത്സവം' എന്ന തലക്കെട്ട്‌ വായിച്ച ആ ഒരു നിമിഷം ഞാൻ നിലത്തുനിന്നും ഉയർന്ന് പറക്കുമ്പോലെ തോന്നി. ദിവസങ്ങൾക്ക്‌ ശേഷം തപാലിൽ വന്ന വീക്കിലിയും, ഇരുപത്തഞ്ച്‌ രൂപയുടെ മണി ഓർഡറും ഒപ്പിട്ട്‌ വാങ്ങുമ്പോൾ ഭൂമി പിടിച്ചടക്കിയ സന്തോഷം.

പിന്നീട്‌ ആ കാര്യമോർക്കുമ്പോഴെല്ലാം അച്ഛാച്ചന്റെ സന്തോഷം കൊണ്ട്‌ നിറഞ്ഞ മുഖമാണ്‌ ഓർമ്മ വരിക. അച്ഛാച്ചൻ മരിച്ചിട്ട്‌ ഇപ്പോൾ പത്തു വർഷത്തിൽ കൂടുതലാകുന്നു. എന്റെയൊക്കെ മനസ്സിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത്‌ അച്ഛൻ വഴി അച്ഛാച്ചനിൽ നിന്നും കിട്ടിയതായിരിക്കാമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. നാട്ടിലെത്തിയാൽ അകത്തിരുന്ന്‌ ഞങ്ങളെല്ലാം വർത്തമാനം പറയുമ്പോൾ, പുറത്ത്‌ ചാരു കസേരയിൽ ഒരു പാള വിശറിയുമായി അച്ഛാച്ചനിരിക്കുന്നില്ലെന്ന്‌ വിശ്വസിക്കാൻ എനിക്കു കഴിയാറില്ല.

10 comments:

ദീപു said...

നാട്ടിലെത്തിയാൽ അകത്തിരുന്ന്‌ ഞങ്ങളെല്ലാം വർത്തമാനം പറയുമ്പോൾ, പുറത്ത്‌ ചാരു കസേരയിൽ ഒരു പാള വിശറിയുമായി അച്ഛാച്ചനിരിക്കുന്നില്ലെന്ന്‌ വിശ്വസിക്കാൻ എനിക്കു കഴിയാറില്ല.

mini//മിനി said...

ഭാഗ്യം ഒടുവിൽ കഥ പുറത്ത് വന്നല്ലൊ, കൂടുതൽ അനുഭവങ്ങൾ അറിയാൻ കാത്തിരിക്കുന്നു. നന്നായിട്ടുണ്ട്.
ഒരു കഥ അയക്കുന്നു സമയം കിട്ടിയാൽ വായിക്കുമെന്ന് വിശ്വസിക്കുന്നു.
http://mini-kathakal.blogspot.com/2010/03/blog-post.html

പട്ടേപ്പാടം റാംജി said...

മധുരിക്കുന്ന അനുഭവം നന്നായി.
പഴയ നന്മകള്‍ ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല.

ഒരു നുറുങ്ങ് said...

സ്വന്തം സൃഷ്ടികള്‍ക്ക്,മഷിപുരണ്ട് വെളിച്ചം കാണുമ്പോഴത്തെ
സംതൃപ്തി..! ...“ദിവസങ്ങൾക്ക്‌ ശേഷം തപാലിൽ വന്ന വീക്കിലിയും, ഇരുപത്തഞ്ച്‌ രൂപയുടെ മണി ഓർഡറും ഒപ്പിട്ട്‌ വാങ്ങുമ്പോൾ ഭൂമി പിടിച്ചടക്കിയ സന്തോഷം...”

Unknown said...

ബാലൂ,
തലക്കെട്ട്‌ മനോഹരമാക്കി അല്ലെ.എനിക്ക് പഴയതാണിഷ്ടം

ദീപു said...

മിനി ടീച്ചർ: നന്ദി... കഥ വായിച്ചിരുന്നു..
റാംജി: ആഭിപ്രായത്തിന്‌ നന്ദി.
ഒരു നുറുങ്ങ്‌: വന്നതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.
റ്റോംസ് കോനുമഠം:ഇതെന്തു പറ്റി, മറ്റാർക്കോ ഉള്ള കമന്റാണെന്ന്‌ തോന്നുന്നു..

ശ്രീ said...

ആദ്യമായി ഞാനെഴുതിയ ഒരു കഥ ബാലരമയിലെ വിടരുന്ന മൊട്ടുകളില്‍ പ്രസിദ്ധീകരിച്ചതും അതിന്റെ പേരില്‍ 40 രൂപ മണിയോര്‍ഡര്‍ കിട്ടിയതുമെല്ലാം ഓര്‍മ്മിപ്പിച്ചു.

അച്ഛാച്ഛന്‍ കൂടെയുണ്ട് ദീപുവേട്ടാ... എന്നും ഉണ്ടാകും. ആശംസകള്‍!

Ashly said...

നല്ല എഴുത്ത്.അച്ഛാച്ഛനെ ഇഷ്ടംമായി.

യൂനുസ് വെളളികുളങ്ങര said...

എന്റെയൊക്കെ മനസ്സിൽ എന്തെങ്കിലും നന്മയുണ്ടെങ്കിൽ അത്‌ അച്ഛൻ വഴി അച്ഛാച്ചനിൽ നിന്നും കിട്ടിയതായിരിക്കാമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌.




"ഈ നന്മ ചാക്കില്‍കെട്ടാതെ ദീപൂഎട്ടാ"


നല്ലവരികള്‍

ദീപു said...

ശ്രീ, Captain & യൂനുസ്‌ വളരെയധികം നന്ദി...

അറബിക്

അന്ത്രുമാന്റെ കാറിൽ ഞാൻ ദുബായിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. ഇടക്കെപ്പൊഴോ ഒന്നു കണ്ണുചിമ്മിപ്പോയി. എന്തോ ശബ്ദംകേ...