വീട്
വീടിന്റെ മുകളിലത്തെ നിലയിലെ നീണ്ട വരാന്തയില്‍ നിന്നും നോക്കിയാല്‍ തോട് വക്കത്തു കൂടെ വരുന്ന ആളുകളെ ദൂരെ നിന്നു തന്നെ കാണാം. നിടുവോട്ടെ പറമ്പില്‍ തൂങ്ങിയാടുന്ന കടവാതിലുകളെ വെടിവെക്കാന്‍ വരുന്ന ആളെ അവിടെ നിന്നാണ് കണ്ടിരുന്നത്. അയാള്‍ക്ക് കൊമ്പന്‍ മീശയും, തലയില്‍ തൊപ്പിയും ഉണ്ടായിരുന്നിരിക്കാം. നോക്കിയിട്ടില്ല. നീണ്ട ഇരട്ടക്കുഴല്‍ തോക്കിന്റെ അറ്റം മാത്രം കണ്ടു. വെടിയൊച്ച കേള്‍ക്കുന്നത് വരെ കണ്ണടച്ച് നില്ക്കും... കണ്ണ് തുറക്കുമ്പോള്‍ ശബ്ദത്തോടെ വട്ടമിട്ടു പറക്കുന്ന കടവാതിലുകള്‍.
കുളം
കുളം
കുളത്തിന്റെ പടവിലേക്കിറങ്ങുമ്പോൾ കരയില്‍ പുല്ലിനിടയില്‍ ഒളിച്ചിരിക്കുന്ന തവളകള്‍ ശബ്ദത്തോടെ കുളത്തിലേക്ക് ചാടും. കുളക്കരയിലെ തെങ്ങുകള്‍ മുട്ടിയുരുമ്മി ശബ്ദമുണ്ടാക്കും.. കുളവക്കത്തെ പ്ലാവിന്റെ കൊമ്പില്‍ മീന്‍കൊത്തി പക്ഷി തക്കം പാര്‍ക്കും. തോര്‍ത്ത്തുവെച്ചു പിടിക്കുന്ന കുഞ്ഞു മത്സ്യങ്ങളെ കുപ്പിയിലാക്കി കിണറ്റില്‍ കൊണ്ടുപോയി ഇടും.
പൂരത്തിന് കാമനെ ഒരുക്കിതുടങ്ങുന്നതും ഈ കുളക്കടവിലാണ്. ചാണകം ഉരുട്ടിയുണ്ടാക്കുന്ന കാമന്റെ രൂപത്തെ ചെമ്പകപ്പൂക്കളും മുരിക്കിന്‍പൂവും പാലപ്പൂവും കൊണ്ടലങ്കരിക്കുന്നു. ഓര്‍മ്മയിലെ ചെമ്പകപ്പൂവിനു ചാണകത്തിന്റെ കൂടെ ഗന്ധമുണ്ട്. ഈര്‍ക്കിലില്‍ കോര്‍ത്ത ചെമ്പകപ്പൂകള്‍ കാമന്റെ മുകളില്‍ കുത്തി നിര്‍ത്തുന്നു.
മഴക്കാലത്ത് വെള്ളം നിറഞ്ഞു നില്ക്കുന്ന മുറ്റത്തെ ചെറിയ ദ്വാരങ്ങളില്‍നിന്നും പുറത്തേക്ക് ഇഴയുന്ന ഓറഞ്ച് നിറത്തിലുള്ള ഞണ്ടുകള്‍.
തോട്ടുവക്കില്‍ പടര്‍ന്നുകിടക്കുന്ന അതിരാണി ചെടികള്‍ക്കിടയിലെ വയലെറ്റ് നിറത്തിലുള്ള പൂക്കള്‍.
തോട്ടുവക്കില്‍ പടര്‍ന്നുകിടക്കുന്ന അതിരാണി ചെടികള്‍ക്കിടയിലെ വയലെറ്റ് നിറത്തിലുള്ള പൂക്കള്‍.
കാവുംതാഴ സ്കൂള്‍
രാവിലെ ഒന്പതരക്കുള്ള ഗീത ബസ്സ് പോകുമ്പോളാണ് കാവുംതാഴ സ്കൂളില്‍ ലോങ്ങ് ബെല്ലടിക്കുന്നത്.. ബോര്‍ഡിന്റെ സ്റ്റാന്‍ഡില്‍ കെട്ടിത്തൂക്കിയ പരന്ന ഇരുമ്പിന്റെ കഷണമാണ് ബെല്ല് ... അതില്‍ ചെറിയ മുട്ടി കൊണ്ടു അടിക്കാന്‍ ഞങ്ങള്‍ മത്സരിച്ചുപോന്നു... ഓരോ പീരീടിലും അടിക്കാനുള്ള ആളുകള്‍ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കും. തൊട്ടടുത്ത നെയ്തുശാലയിലെ കുരുങ്ങിയ നൂല്ക്കഷണങ്ങള്‍ ഞങ്ങള്‍ duster ആയി ഉപയോഗിച്ചു.. മൂന്നാമത്തെ പീരിടില്‍ ഉപ്പുമാവ് ചട്ടിയില്‍ ചെറിയ ഉള്ളി മൂക്കുന്ന മണം ആസ്വദിച്ചു.. ഇന്റര്‍വെല്‍ സമയത്തു അടുത്തുള്ള കുശവന്റെ ആലയില്‍ പാത്രങ്ങള്‍ രൂപപ്പെടുന്നത് നോക്കി നിന്നു.. വെള്ളിയാഴ്ച ഉച്ചകളിലെ നീണ്ട ഇടവേളകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു.. മുട്ടതോടില്‍ ചുവപ്പ് മഷി നിറച്ചു കൊലപാതക രംഗങ്ങള്‍ക്കു കൊഴുപ്പേകി.. രാമചന്ദ്രന്റെ പീടികയില്‍ നിന്നും തീപ്പെട്ടി ചിത്രങ്ങള്‍ ശേഖരിച്ചു.. തോട്ടിലിറങ്ങി കല്ലിനടിയില്‍ ഒളിച്ചിരിക്കുന്ന മുഴു മത്സ്യത്തിനെ പരതി.. പെരളശ്ശേരി ശ്രീതിഭയിലെ ജയന്‍ സിനിമകളുടെ പോസ്റ്റെറുകൾക്കു മുൻപിൽ അന്തം വിട്ടു നിന്നു.. വീട്ടിലേക്കുള്ള വഴിയില്‍ പ്രാന്തന്‍ കുഞ്ഞമ്പുവിനെ പേടിച്ചു നടന്നു..
കാടാച്ചിറക്കും മൂന്നാംപാലത്തിനുമിടയില്‍ എവിടെയെങ്കിലും വെച്ചു കുഞ്ഞമ്പുവിനെ കണ്ടിരിക്കും.. കരിപുരണ്ട ദേഹം (കൊല്ലന്റെ ആലയിലാണ് കിടത്തം) , മടക്കിക്കുത്തിയ മുണ്ടിന്റെ അറ്റം താഴോട്ട് തൂങ്ങിയിരിക്കും, പിറകില്‍ കെട്ടിയ കൈകള്‍ , താഴത്തെ താടിയെല്ല് എപ്പോളും ചലിപ്പിച്ചുകൊണ്ടിരിക്കും... ഞങ്ങള്‍ പേടിച്ചു റോഡ് വക്കിലേക്ക് ഒതുങ്ങി നില്‍ക്കുമ്പോള്‍ കുഞ്ഞമ്പു താടി ചലിപ്പിച്ചുകൊണ്ട് കടന്നു പോകും.
2 comments:
very nostalgic...aa kulathite ..photo..gurukanmar kavit aano....
ettante veedevideyanu?
Post a Comment