Thursday, June 17, 2010

ചില വിദ്യാലയ സ്മരണകൾ

അദ്ധ്യാപകർക്ക്‌ ഇരട്ടപ്പേരു കാണാത്ത സ്കൂളുകൾ ചുരുക്കമായിരിക്കും. ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂൾ പഠനം.
കൊമ്പൻ മീശയുള്ള അജാനുബാഹുവായ അന്തകൻ മാഷും, കൈയ്യിൽ എപ്പോഴും ചൂരലുമായി നടക്കുന്ന സീ ആർ പീ സാറും , ആലുമ്മൂടൻ സാറും,കറുത്തു കുറുകിയ കരടി മാഷും, അങ്ങനെയങ്ങനെ..

അവരിൽ ചിലരുടെയൊക്കെ യഥാർത്ഥ പേരുകൾ അറിയാത്ത ധാരാളം കുട്ടികൾ അന്ന്‌ സ്കൂളിലുണ്ടായിരുന്നു.അതിലൊരു കുട്ടി ഒരിക്കൽ സ്റ്റാഫ്‌ റൂമിൽ ചെന്നന്വേഷിച്ചൂ..
"മത്തായി സാറില്ലേ?"
അധ്യാപകർ അവനെ തുറിച്ചു നോക്കി.
"മത്തായിയെയും സാറെന്നു വിളിക്കാൻ തുടങ്ങി"
തലയുയർത്താതെ കണ്ണടയ്ക്ക്‌ മുകളിലൂടെ നോക്കിക്കൊണ്ട്‌ ശ്രീനു മാഷ്‌ പിറുപിറുത്തു.
അന്ന് മത്തായി എന്ന പേരിൽ ഒരു പ്യൂണുണ്ടായിരുന്നൂ സ്കൂളിൽ. സ്കൂൾ വരാന്തയിൽ കെട്ടിത്തൂക്കിയ വലിയ പള്ളിമണിയുടെ ദ്വാരത്തിൽ അറ്റം വളഞ്ഞിരിക്കുന്ന ഒരു നീണ്ട കമ്പി കൊളുത്തി ആഞ്ഞുവലിച്ചാണ്‌ മത്തായി ക്ലാസ്സുകളുടെ ദൈർഘ്യം നിയന്ത്രിച്ചിരുന്നത്‌. മിക്കവാറും നല്ല ഫിറ്റിലായിരിക്കും ആശാൻ. കമ്പിയുടെ കൊളുത്ത്‌ മണിയുടെ ദ്വാരത്തിൽ വീഴാനെടുക്കുന്ന സമയം കണക്കാക്കി മത്തായി അടിച്ചിരുന്ന പേഗ്ഗുകളുടെ എണ്ണം ഞങ്ങൾ പ്രവചിച്ചിരുന്നു. അങ്ങനെ കാലു നിലത്തുറക്കാത്ത ഒരു ദിവസം സെക്കന്റ്‌ പീരീഡിൽ ലോങ്ങ്ബെല്ലടിച്ച്‌ ഒരാഴ്ചത്തെ സസ്പെൻഷൻ ഒപ്പിച്ചെടുത്തിട്ടുണ്ട്‌ മത്തായി.
എന്നാൽ സ്റ്റാഫ്‌ റൂമിൽ കുട്ടി അന്വേഷിച്ചു ചെന്നത്‌ മത്തായി സാറിനെ തന്നെ ആയിരുന്നൂ. 'ബെൽറ്റ്‌ മത്തായി' സാറിനെ. ബെൽബോട്ടം പേന്റിട്ട്‌, ബെൽറ്റ്‌ മുറുക്കിക്കെട്ടിയ, തടിച്ചു നീളം കുറഞ്ഞ നമ്പ്യാർ സാറിന്‌ അതിനേക്കാൾ പറ്റിയ മറ്റൊരു പേരു സങ്കൽപിക്കാൻ അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക്‌ കഴിയുമായിരുന്നില്ല.

സ്കൂളിലെ അവസാനവർഷത്തെ ആദ്യ ദിവസം. പത്താം ക്ലാസ്സിലെ കുട്ടികളുടെ ഡിവിഷൻ തിരിച്ച ലിസ്റ്റ്‌ നോട്ടീസ്‌ ബോർഡിലിട്ടിട്ടുണ്ട്‌.
ഇത്തവണ 'ഇ' ഡിവിഷൻ പുതിയതായി വന്നിരിക്കുന്നു.
എന്റെ പേര്‌ പുതിയ ഡിവഷനിൽ. ലിസ്റ്റിലെ മറ്റുള്ള പേരുകളിലേക്ക്‌ നോക്കിയപ്പോളാണ്‌ ശരിക്കും ഞെട്ടിപ്പോയത്‌.
സ്കൂളിലെ എല്ലാ വില്ലന്മാരും ഞങ്ങളുടെ ക്ലാസ്സിൽ. അതിൽ എല്ലാ വിദ്യാർത്ഥിസംഘടനകളുടെയും നേതാക്കന്മാർ ഒരേ ഡിവിഷനിലെത്തിയത്‌ അവരെത്തന്നെ അത്ഭുതപ്പെടുത്തി.
എസ്‌ എഫ്‌ ഐ നേതാവ്‌ രാജേഷും, കെ എസ്‌ യു നേതാവ്‌ നിസാറും ഒരേ ബെഞ്ചിൽ സ്ഥാനം പിടിച്ചു.

നീളത്തിന്റെയും , വില്ലത്തരത്തിന്റെയും മുൻ ഗണനാക്രമത്തിൽ പിറകിലെ ബെഞ്ചുകൾ നിറഞ്ഞു. ഒടുവിൽ ക്ലാസ്ടീച്ചറിന്റെ വേഷത്തിൽ സാക്ഷാൽ സീ ആർ പി സാർ എത്തിയപ്പോൾ എല്ലാം പൂർത്തിയായി.

കഴിഞ്ഞ വർഷം തന്നെ സാറിന്റെ നോട്ടപ്പുള്ളിയായിരുന്ന, കുട്ടപ്പനെന്നു വിളിക്കുന്ന ജയേഷ്‌ മുൻ ബെഞ്ചിൽ തന്നെ സ്ഥാനം പിടിച്ചിരുന്നു.
കുട്ടപ്പൻ സീ ആർ പി സാറിന്റെ കണ്ണിലെ കരടായ കഥ ഇങ്ങനെ..

രംഗം സ്കൂൾ യുവജനോൽസവവേദി.. സ്റ്റേജിൽ കുട്ടപ്പന്റെ മിമിക്രി തകർക്കുന്നു.. റേഡിയൊയിൽ അന്ന് പ്രചാരം നേടിയ പരസ്യങ്ങൾ തമാശ രൂപത്തിൽ അവതരിപ്പിക്കുകയാണ്‌ കുട്ടപ്പൻ..
അക്കാലത്ത്‌ ഉജാലയുടെ ഒരു പരസ്യമുണ്ടായിരുന്നു..
"ഉജാലയിൽ മുക്കിവെച്ച തുണികൾ ഉയർത്തി നോക്കൂ.. വെട്ടിത്തിളങ്ങുന്ന വെണ്മ കാണാം. "
കുട്ടപ്പൻ അതിൽ അൽപം മസാല കലർത്തി 'തുണികൾ' എന്നതിനു പകരം 'പാവാട'യെന്നു ചേർത്ത്‌ സ്റ്റേജിൽ കാച്ചി.
വിദ്യാർത്ഥികളുടെ നീണ്ട കൈയ്യടി ഏറ്റുവാങ്ങി നിറഞ്ഞ ചിരിയോടെ സ്റ്റേജിനു പുറകിലെത്തിയ കുട്ടപ്പൻ, അവിടെ കാത്തുനിന്ന സീ ആർ പീ സാറിന്റെ ചൂരലടി ഏറ്റു വാങ്ങി പൊട്ടിക്കരഞ്ഞു.

ഏതെങ്കിലും വിദ്യാർത്ഥിസംഘടനകൾ പഠിപ്പുമുടക്കിന്‌ ആഹ്വാനം ചെയ്താൽ, സംഘടനാപ്രതിനിധി ഹെഡ്മാസ്റ്റെർക്ക്‌ ഒരു നിവേദനം കൊടുക്കുന്ന പതിവുണ്ട്‌.
ഞങ്ങളുടെ സ്കൂളിൽ സംഘടനകൾ രൂപീകരിക്കപ്പെട്ടതിന്റെ പിന്നിൽ ഈ നിവേദനം സമർപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ‍ൂ.
അങ്ങനെ ഒരു ദിവസം എ ഐ എസ്‌ എഫിന്റെ ഒരു പഠിപ്പു മുടക്കാഹ്വാനമുണ്ടായി. സ്കൂളിലാണെങ്കിൽ ആ സംഘടനക്ക്‌ പ്രതിനിധിയുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ.
എന്റെ സഹബെഞ്ചൻ ഷാജിയെ എസ്‌ എഫ്‌ ഐയിലേയും,കെ എസ്‌ യുവിലേയും സുഹൃത്തുക്കൾ ചേർന്ന്‌ സംഘടനാ പ്രതിനിധിയായി നിയമിക്കുന്നൂ, നിവേദനം തയ്യാറാക്കുന്നൂ, ഷാജി അതുംകൊണ്ട്‌ ഹെഡ്മാസ്റ്റെറുടെ അടുത്തേക്ക്‌.
വായിച്ചു നോക്കിയ ഹെഡ്മാസ്റ്റർ ഒറ്റ ചോദ്യം
"എ ഐ എസ്‌ എഫിന്റെ ഫുൾഫോം എന്താടാ?"
ഷാജി നിന്നു വിയർത്തു. മുകളിൽ കറങ്ങുന്ന ഫാനിൽ കുറച്ചുനേരം നോക്കി നിന്ന ശേഷം പുറത്തേക്ക്‌ ഒറ്റ ഓട്ടം.

മത്തായി സേറാണ്‌ അന്ന്‌ ഞങ്ങൾക്ക്‌ ഇംഗ്ലീഷ്‌ നോൺ ഡീറ്റയിൽ ക്ലാസ്സെടുത്തിരുന്നത്‌, 'ദ കൗണ്ട്‌ ഓഫ്‌ മോണ്ടി ക്രിസ്റ്റോ'. ആഴ്ചയിൽ രണ്ട്‌ ക്ലാസ്സേ ഉണ്ടായിരുന്നുള്ളൂ. മാഷ്‌ ക്ലാസ്സിൽ അരമണിക്കൂർ പാഠം വായിച്ച്‌ കഥ പറയും. ബാക്കിയുള്ള സമയം കൊച്ചുവർത്തമാനത്തിനുള്ളതാണ്‌.
ആ സമയത്തൊരിക്കൽ രാജേഷ്‌ സാറിനോട്‌ പറഞ്ഞു
"മാഷെക്കാണാൻ മമ്മൂട്ടിയെ പോലെത്തന്നെയുണ്ട്‌"
അതുകേട്ട്‌ മാഷൊന്നു പുഞ്ചിരിച്ചപ്പോൾ അവൻ ഞങ്ങളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു.
"മാർക്കെറ്റിൽ മീൻ വിൽക്കുന്ന മമ്മൂട്ടി.."

മത്തായി സാറിന്റെ അവസാന ക്ലാസ്സിൽ ചില കുട്ടികൾ അദ്ദേഹത്തോട്‌ ഒരാവശ്യ്ം ഉന്നയിച്ചു.
"ഞങ്ങൾക്ക്‌ ഒരു പാട്ട്‌ പാടണം."
അവസാന ക്ലാസ്സല്ലേ സാറ്‌ സമ്മതിച്ചു.അങ്ങനെ ക്ലാസ്സിലെ നാല്‌ വില്ലന്മാർ ചേർന്ന് ഉച്ചത്തിൽ പാട്ട്‌ തുടങ്ങി.
"ജനഗണമന അതിനായക ജയഹേ..."
മത്തായി സേർ അത്രയും പ്രതീക്ഷിച്ചില്ല. ഇടക്ക്‌ വെച്ച്‌ തടസ്സപ്പെടുത്താൻ പാടില്ലല്ലോ. ദേശവിരുദ്ധമായാലോ?

അസമയത്തെ ദേശീയഗാനം കേട്ട്‌ സ്കൂൾ മുഴുവൻ ഞെട്ടി. ഹെഡ്മാസ്റ്റർ ഓടിവന്നെങ്കിലും ക്ലാസ്സിൽ കയറാനാവാതെ പുറത്ത്‌ അറ്റെൻഷനിൽ നിന്നു.
പ്യൂൺ മത്തായി പകുതി ലഹരിയിൽ ലോംഗ്‌ ബെല്ലടിക്കാൻ ഓടി വന്നു.
ദേശീയഗാനം പാടി തീർന്നതും, മത്തായി സാറിന്റെ നേതൃത്വത്തിൽ ഗായകരെ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക്‌ ആനയിച്ച്‌ ചൂരൽകഷായം നൽകി ആദരിച്ചു.

മുൻ വർഷങ്ങളിലൊക്കെ എസ്‌ എസ്‌ എൽ സി ക്ക്‌ നൂറുശതമാനം വിജയം ലഭിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ, ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ മിനിമം നാലു പരാജയങ്ങൾ പ്രവചിക്കപ്പെട്ടു.

എന്നാൽ റിസൾട്ട്‌ വന്നപ്പോളേക്കും, ഞങ്ങളുടെ ഡിവിഷനിൽ നൂറുശതമാനം ജയം, തോറ്റ ഏകകുട്ടി 'ബി' ഡിവിഷനിലിലും.

19 comments:

ദീപു said...

മുൻ വർഷങ്ങളിലൊക്കെ എസ്‌ എസ്‌ എൽ സി ക്ക്‌ നൂറുശതമാനം വിജയം ലഭിച്ചിരുന്ന ഞങ്ങളുടെ സ്കൂളിൽ, ആ വർഷം ഞങ്ങളുടെ ക്ലാസ്സിൽ തന്നെ മിനിമം നാലു പരാജയങ്ങൾ പ്രവചിക്കപ്പെട്ടു.എന്നാൽ റിസൾട്ട്‌ വന്നപ്പോളേക്കും, ഞങ്ങളുടെ ഡിവഷനിൽ നൂറുശതമാനം ജയം, തോറ്റ ഏകകുട്ടി 'ബി' ഡിവിഷനിലിലും.

ശ്രീ said...

സ്കൂള്‍ കാലഘട്ടം ഓര്‍മ്മിപ്പിച്ചു. അത്യാവശ്യം കുരുത്തക്കേടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ പത്താം ക്ളാസ്സില്‍ പഠിച്ച വര്‍ഷമായിരുന്നു ആ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല വര്‍ഷമെന്ന് പിന്നീട് അദ്ധ്യാപകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

അലി said...

എപ്പോഴും കുടിച്ച് മത്തായി നടക്കുന്ന മത്തായി പ്യൂണിന്റെ മണിയടിയിൽ ചലിക്കുന്ന സ്കൂളും ഇരട്ടപ്പേർകൊണ്ട് സമ്പന്നമായ അദ്ധ്യാപകരും നിറഞ്ഞ സ്കൂൾ കാലത്തെ ഓർമ്മകൾ ഇഷ്ടപ്പെട്ടു. സ്കൂൾ ജീവിതത്തിലേക്ക് ഓർമ്മകൾ ഒരു തിരിച്ചുപോക്ക് നടത്തി.

mini//മിനി said...

വളരെ നന്നായിരിക്കുന്നു. സ്ക്കൂൾ വിശേഷങ്ങൾ വായിച്ച് ചിരിച്ചുപോയി. സമയം കിട്ടുമ്പോൾ ഈ ലിങ്ക് തുറന്നാൽ അതിൽ നിറയെ നമ്മുടെ അദ്ധ്യാപകരുടെ ഇരട്ടപേരുകൾ കാണാം.
http://mini-mininarmam.blogspot.com/2009/05/10.html

ആളവന്‍താന്‍ said...

ഇന്നത്തെ പിള്ളേര്‍ക്ക് ഇല്ലാതെ പോകുന്ന അനുഭവങ്ങള്‍. നല്ല അവതരണം

ദീപു said...

ശ്രീ: അഭിപ്രായത്തിനു നന്ദി.
അലി: സ്വാഗതം
മിനി ടീച്ചർ: നന്ദി; ഇരട്ടപ്പേരുകളുടെ ലിസ്റ്റ്‌ വായിച്ചാസ്വദിച്ചു.
ആളവൻ താൻ: നന്ദി

ഉപാസന || Upasana said...

ആ സമയത്തൊരിക്കൽ രാജേഷ്‌ സാറിനോട്‌ പറഞ്ഞു
"മാഷെക്കാണാൻ മമ്മൂട്ടിയെ പോലെത്തന്നെയുണ്ട്‌"
അതുകേട്ട്‌ മാഷൊന്നു പുഞ്ചിരിച്ചപ്പോൾ അവൻ ഞങ്ങളെ തിരിഞ്ഞുനോക്കി പതുക്കെ പറഞ്ഞു."മാർക്കെറ്റിൽ മീൻ വിൽക്കുന്ന മമ്മൂട്ടി.."


കൊള്ളാം ഭായി.

പിന്നെ ‘ശ്രീ’ശോഭി : തന്നെ തന്നെ. ‘ചരിത്രം’ എന്നൊക്കെ പറയാമോ. എന്നാലും കൊള്ളാമായിരുന്നു. :-)

ഉപാസന

off: http://moooppan.blogspot.com/2008/10/blog-post.html

കൂതറHashimܓ said...

നല്ല ഓര്‍മ്മകള്‍
നന്നായിരിക്കുന്നു.. :)

അഭി said...

സ്കൂള്‍ ജീവിതത്തിലേക്ക് ഒന്ന് കൂടി കൂട്ടികൊണ്ട് പോയി
ഒരു പക്ഷെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറെ ഓര്‍മ്മകള്‍

ആശംസകള്‍ മാഷെ

കുമാരന്‍ | kumaran said...

ആ ജനഗണമന സൂപ്പര്‍.

Naushu said...

നന്നായിരിക്കുന്നു..

വിജി പിണറായി said...

ദീപു മാഷേ... ഈയുള്ളവനും അവിടൊക്കെ തന്നെ ഉണ്ടായിരുന്നേയ്...! ‘മാവിലായിക്കാരന്‍’ എന്ന പേരു കണ്ടാണ് കയറിയത്. വായിച്ചു തുടങ്ങിയപ്പോഴേ സ്കൂള്‍ ഏതെന്നു മനസ്സിലായി. :) പിന്നെ പെട്ടെന്നു തന്നെ വായിച്ചു തീര്‍ത്തു. സംഗതി കൊള്ളാം. ഓര്‍മകളിലേക്ക് ഇടയ്ക്ക് ഒരു തിരിച്ചുപോക്ക് ഹൃദ്യമായ ഒരനുഭവം തന്നെ.

ഇരട്ടപ്പേരില്ലാത്ത ഒരദ്ധ്യാപകനുമില്ലാതിരുന്ന ഒരു സ്കൂളിലായിരുന്നൂ എന്റെ ഹൈസ്കൂള്‍ പഠനം.’ ഇപ്പറഞ്ഞത് ശരിയോ എന്ന് ചെറിയൊരു ശങ്ക ;)

ദീപു said...

ഉപാസന, കൂതറ, അഭി, കുമാരൻ, നൗഷു നന്ദി.
വിജി: നന്ദി, അപ്പറഞ്ഞതിൽ അൽപം അതിശയോക്തിയുണ്ടെന്ന് സമ്മതിക്കുന്നു.

ഭൂതത്താന്‍ said...

കലക്കന്‍സ് ....എന്നെ സ്കൂളില്‍ കൊണ്ടുപോയി ...

ഒഴാക്കന്‍. said...

നല്ല ഓര്‍മ്മകള്‍

Jishad Cronic™ said...

കൊള്ളാം ഭായി.

എറക്കാടൻ / Erakkadan said...

എത്താന്‍ വൈകി ..സംഗതി ഇഷ്ടായി

കുമാരന്‍ | kumaran said...

സ്കൂള്‍ കഥകള്‍ നന്നായി ചിരിപ്പിച്ചു.

ഭായി said...

വായിയ്ക്കാൻ വൈകിപ്പോയി:(
പല സ്ഥലത്തും നന്നായി ചിപ്പിച്ചു.
ഞാൻ പഠിച്ചിരുന്ന ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ഭയങ്കര ചൂടനായിരുന്നു.ഞങളിട്ട പേരെന്താണെന്നറിയാമോ? ഇസ്തിരിപ്പെട്ടി. ആ നല്ല ഓർമ്മകളിലേക്ക് പോസ്റ്റ് കൊണ്ട് പോയി. നന്ദി. ചിരിപ്പിച്ചതിന് വേറൊരു നന്ദി :)